Arrest; കളമശ്ശേരി എടിഎം കവർച്ച കേസ്; പ്രതി പിടിയിൽ

കൊച്ചിയില്‍ എ ടി എമ്മുകളിൽ നിന്നും പണം കവർന്ന പ്രതി പിടിയിൽ. ഉത്തർ പ്രദേശ് സ്വദേശി മുബാറക് ആണ് പിടിയിലായത് . ഇടപ്പള്ളി ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പ്രതി കൊച്ചി സിറ്റി പരിധിയിലുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് നഗരം മുഴുവൻ പോലീസ് തെരച്ചിൽ ശക്തമാക്കിയിരുന്നു.ഇതിനിടെ ഇടപ്പള്ളി ഭാഗത്ത് പ്രതിയെ കണ്ട പോലീസ് ഇയാളെ സാഹസികമായാണ് പിടികൂടിയത്.ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് ഡ്രൈവർ ശരത്താണ് പ്രതി മുബാറക്കിനെ കീഴടക്കിയത്. യു പി സ്വദേശിയായ മുബാറക്ക് സ്വന്തം നാട്ടിൽ സുഹൃത്തുമായി ചേർന്ന് എ ടി എം കവർച്ച നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിന് ശേഷം മുംബൈയിലും ബംഗലുരുവിലുമൊക്കെ കറങ്ങി ഇക്കഴിഞ്ഞ 17 നാണ് കൊച്ചിയിലെത്തിയത്. തൊട്ടടുത്ത ദിവസങ്ങളിൽ ഇയാൾ കളമശ്ശേരിയിലെ എ ടി എമ്മുകളിൽ കവർച്ച നടത്തുകയായിരുന്നുവെന്ന് ഡി.സി.പി എസ് ശശിധരൻ പറഞ്ഞു.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ വിവിധ എടിഎമ്മുകളില്‍ നിന്നായി കാല്‍ലക്ഷത്തോളം രൂപയാണ് നഷ്ടമായത്. ഇടപാടുകാര്‍ ഇല്ലാത്ത എടിമ്മുകള്‍ മോഷ്ടാവ് ആദ്യം നിരീക്ഷിക്കും. പിന്നീട് എടിഎമ്മിനുള്ളില്‍ കയറി, പണം വരുന്ന ഭാഗത്ത് സ്കെയിൽ വലുപ്പത്തിൽ കറുത്ത ഫിലിം പോലെയുള്ള വസ്തു   ഘടിപ്പിക്കും. ശേഷം എടിഎമ്മിന് പുറത്തു നിന്ന് ഇവിടേക്ക് വരുന്ന ഇടപാടുകാരെ നിരീക്ഷിക്കും. പണമെടുക്കാന്‍ കയറുന്ന ഇടപാടുകാര്‍ പണം കൈപ്പറ്റാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവിടെ നിന്ന് മടങ്ങും. ഈ തക്കം നോക്കി മോഷ്ടാവ് അകത്ത് കടന്ന് ഘടിപ്പിച്ച ഉപകരണം ഇളക്കി മാറ്റി പണം കൈക്കലാക്കി  മുങ്ങുന്നതാണ് മോഷണ രീതി.

പണം നഷ്ടപ്പെട്ട ഇടപാടുകാര്‍ ആദ്യം പരാതിയുമായി ബാങ്കിനെ സമീപിക്കുകയും പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here