തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം

സംസ്ഥാനത്തെ ആദ്യ മെഡിക്കൽ കോളേജായ തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം. മൂന്നുമാസം നീണ്ടുനിൽക്കുന്ന പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പണമില്ലാത്തത് കൊണ്ട് ഒരാൾക്കും ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകരുത് എന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് തിലകക്കുറിയായി പ്രൗഢിയോടെ നിലനിൽക്കുന്ന തലസ്ഥാനത്തെ മെഡിക്കൽ കോളജ് 70ന്‍റെ നിറവിലാണ്. പ്ളാറ്റിനം ജൂബിലി ആഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു. അടുത്ത 50 വർഷത്തേയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ വികസനം ലക്ഷ്യമാക്കി 717 കോടി രൂപയുടെ മാസറ്റർപ്ളാൻ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1951 നവംബർ 27ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റു ആദ്യ ഒ പി ടിക്കറ്റെടുത്ത് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളേജ്. അത് പിന്നീടങ്ങോട്ട് നിരവധി ആളുകളെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. ആ യാത്രയാണ് ഇന്ന് 70 പിന്നിട്ട് മുന്നേറുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ബിരുദമടുത്ത് വന്നവരെ കാക്കാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് കേരളത്തിന്‍റെ സ്വന്തം എം ബി ബി എസ് ഡോക്ടർമാരുണ്ടായി. മെഡിക്കൽ കോളേജ്, ആശുപത്രി, നഴ്സിങ് കോളേജ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ആർസിസി , അച്യുതമേനോൻ സന്റർ ഫോർ ഹൽത്ത് സയൻസ് സറ്റഡീസ് , ഡന്റൽ കോളേജ്, ഫാർമസി കോളേജ്, എസ്.എ.ടി ആശുപത്രി. 139 ഏക്കറിൽ തുടങ്ങി കണ്ണെത്താത്ത ഉയരത്തിലേക്കും ദൂരത്തിലേക്കും വളർന്നു. പ്ളാറ്റിനം ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ലോകം നേരിടുന്ന വൈറസ് രോഗങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ഡോക്ടർമാർ നയിക്കുന്ന ചർച്ചകളുമുണ്ട്. ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഇന്നത്തെ പ്രഗത്ഭ ഡോക്ടർമാരെ ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here