Australia: ഓസ്ട്രേലിയന്‍ മലയാളികള്‍ക്ക് ഇനി ‘സെക്കന്റ് ഒപ്പീനിയന്‍’ സൗജന്യം; നാട്ടിലെ മാതാ പിതാക്കള്‍ക്കായി ആരോഗ്യ ഏക ജാലകവും!

ഓസ്ട്രേലിയന്‍(Australia) മലയാളികള്‍ക്ക് പരിഹാരം ഇല്ലാതിരുന്ന രണ്ട് വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഫാമിലി കണക്ട്(Family connect) പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍(Mammootty fans and welfare association) ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ഘടകം ആലുവ ആസ്ഥാനമായ രാജഗിരി ആശുപത്രി ഗ്രൂപ്പുമായി ചേര്‍ന്ന് രൂപം കൊടുത്ത ഫാമിലി കണക്ട് പദ്ധതി നിലവില്‍ വന്നു. ആരോഗ്യ മേഖലയില്‍ ലോക നിലവാരത്തില്‍ മുന്നിലുള്ള ആസ്ട്രേലിയയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ അപ്പോയ്ന്റ്‌മെന്റ്കള്‍ക്ക് പലപ്പോഴും വലിയ കാലതാമസം നേരിടാറുണ്ട്. അതുപോലെ തന്നെ തങ്ങളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്കള്‍ വിദഗ്ദരുമായി ചര്‍ച്ചചെയ്യാനോ അഭിപ്രായം ശേഖരിക്കാനോ ഉള്ള കാല താമസം പലപ്പോഴും ആളുകള്‍ക്ക് വലിയ മാനസിക സമ്മര്‍ദം ഉണ്ടാക്കാറുണ്ട്. ഈ വലിയ പ്രശ്‌നത്തിനു ഒറ്റയടിക്ക് ഓസ്ട്രേലിയന്‍ മലയാളിക്ക് പരിഹാരം ലഭിക്കുന്നതാണ്. കൂടാതെ ഈ പദ്ധതിക്കായി ഒരുക്കിയിരിക്കുന്ന വെബ്സൈറ്റിലൂടെ ഡിസ്‌ക്‌ളൈമര്‍ പോളിസി അംഗീകരിച്ചുകൊണ്ട് അയക്കുന്ന ചികിത്സാ സംശയങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ മറുപടി ഉറപ്പു വരുത്തുന്നുണ്ട്. അന്‍പതോളം സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്‌മെന്റുകളുടെ സേവനം ഇതില്‍ ഉറപ്പ് വരുത്തിയിട്ടുണ്ടന്നു രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ & സിഇഒ ഫാ ജോണ്‍സന്‍ വാഴപ്പിള്ളി CMI പറഞ്ഞു.

ഓസ്ട്രേലിയന്‍ പ്രവാസി മലയാളിയുടെ മാതാപിതാക്കള്‍ക്കായി ഒരുക്കുന്ന സേവനങ്ങള്‍ ആണ് മറ്റൊരു പ്രത്യേകത. നാട്ടില്‍ ചെല്ലാതെ തന്നെ മുഴുവന്‍ കാര്യങ്ങളും ആസ്ട്രേലിയയില്‍ നിന്ന് കൊണ്ട് ഏകോപിപ്പിക്കുന്നതിന് ഈ പദ്ധതി കൊണ്ട് മക്കള്‍ക്ക് സാധ്യമാകും. മാതാ പിതാക്കളുടെയോ രക്തബന്ധുക്കളുടെയോ പ്രശ്‌നങ്ങള്‍ ഇവരുമായി ഹോട് ലൈനില്‍ നേരിട്ട് പങ്ക് വക്കാം. ആശുപത്രിയില്‍ എത്തുന്ന നിമിഷം മുതല്‍ ഒരാള്‍ സഹായത്തിനുകൂടെ ഉണ്ടാവും. ഫാമിലി കണക്ട് പദ്ധതിയില്‍ പങ്കാളിയാകുവാനുള്ള അവസരം ആസ്ട്രേലിയയിലെ മലയാളി സംഘടകള്‍ക്കുമുണ്ട്. അതിനായി 0401291829 എന്ന നമ്പറില്‍ പദ്ധതിയുടെ ദേശീയ കോര്‍ഡിനേറ്റര്‍ ബിനോയ് തോമസുമായി സംസാരിക്കാവുന്നതാണ്. അത്‌പോലെ തന്നെ പദ്ധതി സംബന്ധിച്ച് ആസ്ട്രേലിയന്‍ മലയാളികള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

അന്തര്‍ദേശീയ ചികിത്സ നിലവാരത്തിനുള്ള JCI അംഗീകാരം ഉള്ളത് കൊണ്ടാണ് പദ്ധതിക്ക് രാജഗിരിയെ തിരഞ്ഞെടുത്തതെന്നു മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. പദ്ധതിയുടെ ദേശീയ തല ഉത്ഘാടനം ആസ്ട്രേലിയയിലെ ക്യുന്‍സ്ലാന്‍ഡില്‍ സ്പീക്കര്‍ കാര്‍ട്ടിസ് പിറ്റ് പാര്‍ലമെന്റില്‍ വച്ച് ലോഗോ പ്രകാശനം ചെയ്ത്‌കൊണ്ട് നിര്‍വ്വഹിച്ചു. ഇതൊടനുബന്ധിച്ച് പാര്‍ലമന്റില്‍ നടന്ന വിവിധ ചടങ്ങുകളില്‍ ഗതാഗത വകുപ്പ് മന്ത്രി മാര്‍ക്ക് ക്രെയിഗ് ആരോഗ്യ വകുപ്പ് ഉപ മന്ത്രി വൈവേറ്റ് ഡിആത്, ജെയിംസ് മാര്‍ട്ടിന്‍ എം പി എന്നിവര്‍ നേതൃത്വം കൊടുത്തു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റും കെയര്‍ ആന്‍ഡ് ഷെയര്‍ ഫൌണ്ടേഷന്‍ ഡയറക്ടറുമായ റോബര്‍ട്ട് കുര്യാക്കോസ്, ഫാമിലി കണക്ട് അന്തര്‍ദേശീയ കോര്‍ഡിനേറ്റര്‍ ബിനോയ് തോമസ്, ലേബര്‍ പാര്‍ട്ടി നേതാവും മലയാളി സാമൂഹിക പ്രവര്‍ത്തകനുമായ ഷാജി തെക്കിനെത്ത്, മുതിര്‍ന്ന ടൂറിസം വ്യവസായി വി ടി ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News