
തലശ്ശേരിയിലെ ദമ്പതികളുടെ വ്യവസായ യൂണിറ്റ് വീണ്ടും തുറന്നുപ്രവർത്തിക്കാൻ ആരംഭിച്ചുവെന്ന് മന്ത്രി പി. രാജീവ്. ഇന്നലെ തന്റെ ഓഫീസിൽ നിന്ന് ഇവരുമായി ഫോണിൽ ബന്ധപ്പെടുകയും സംരംഭം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിയമപരമായി ചെയ്യാൻ സാധിക്കുന്ന സഹായങ്ങൾ നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നുവെന്നും മന്ത്രി പറഞ്ഞു.
തിരിച്ചെത്തിയ ദമ്പതികൾക്ക് അധികൃതർ നേരിട്ടെത്തി താക്കോൽ കൈമാറി.കേരളം എന്തുകൊണ്ട് സംരംഭക സൗഹൃദമാകുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് തലശ്ശേരിയിലേത്. അപൂർവമായുണ്ടാകുന്ന വീഴ്ചകൾ കണ്ടെത്തി തിരുത്തുകയും സംരംഭകർക്ക് മുന്നോട്ടുപോകാനുള്ള സഹായം ചെയ്യുകയുമാണ് സർക്കാർ.
മുൻകാലങ്ങളിൽ സംരംഭങ്ങൾ തുടങ്ങാൻ പോലും ഏറെ പ്രയാസമായിരുന്നെങ്കിൽ ഇപ്പോൾ ഒരു ദിവസം കൊണ്ട് കെ-സ്വിഫ്റ്റ് വഴി അനുമതി ലഭിക്കുന്നു. മുൻപ് അടിക്കടിയുള്ള പരിശോധനകൾ സംരംഭകർ പരാതിയായി ഉന്നയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കെ-സിസ് സംവിധാനം വഴി സുതാര്യമായ വിധത്തിൽ പരിശോധനകൾ സംഘടിപ്പിക്കാൻ സാധിക്കുന്നുവെന്നും പി. രാജീവ് പറഞ്ഞു.
വ്യവസായങ്ങളെ ബാധിക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ ഒഴിവാക്കാനും ഈ സർക്കാർ തയ്യാറായി. ഇതിന്റെയെല്ലാം ഫലമായി കേരളത്തിലേക്ക് കഴിഞ്ഞ ഒരു വർഷത്തിനകം 7,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനങ്ങളും കടന്നുവന്നു. 2022 മാർച്ച് 30ന് ആരംഭിച്ച സംരംഭക വർഷം പദ്ധതി അഞ്ച് മാസം പൂർത്തിയാകുന്നതിന് മുൻപ് 50,000 സംരംഭങ്ങൾ കേരളത്തിൽ ആരംഭിക്കുകയും ഇതിലൂടെ 1,10,000 ആളുകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.
നാം മുന്നോട്ടുകുതിക്കുകയാണ് എന്നതുകൊണ്ട് നമ്മൾ എല്ലാം തികഞ്ഞവരാകുന്നു എന്ന ധാരണ സർക്കാരിനില്ല. അതുകൊണ്ട് തന്നെ ഒറ്റപ്പെട്ടതായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് സംരംഭകർക്കൊപ്പം മുന്നോട്ടുപോകും. തലശ്ശേരിയിലെ ദമ്പതികൾക്ക് തങ്ങളുടെ വ്യവസായം കൂടുതൽ വിപുലീകരിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയട്ടെ എന്നാശംസിക്കുന്നുവെന്നും വ്യവസായ മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here