Skin Care: ചര്‍മ്മം മൃദുവാക്കാന്‍ നല്ലത് ശുദ്ധജലം

സാധാരണ ചര്‍മ്മമെന്ന് (Normal Skin) പറയുമ്പോഴും അത്ഒരുപോലെയാവണമെന്നില്ല. എണ്ണമയമുള്ള ത്വക്ക് (Oily Skin), വരണ്ട ത്വക്ക് (Dry Skin) എന്നിങ്ങനെ രണ്ടു തരം ചര്‍മ്മങ്ങളുണ്ട്. രൂക്ഷമായ രാസവസ്തുക്കളില്‍ നിന്നും, അള്‍ട്രാ വയലറ്റ് രശ്മികളില്‍ നിന്നുമുള്ള സംരക്ഷണം മാത്രമാണ് മിക്കവാറും ലേപനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്നത്. അതില്‍ കൂടുതലുള്ള പരസ്യങ്ങള്‍ വെറും വീണ്‍വാക്കുകളാണ്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ അലര്‍ജി ഉണ്ടാക്കാനിടയുണ്ട്. എന്തൊക്കെയാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള ലേപനങ്ങളും ഔഷധങ്ങളും നല്‍കുന്ന ഗുണഫലങ്ങളും പാര്‍ശ്വഫലങ്ങളും എന്ന് പരിശോധിക്കാം.

സംരക്ഷണം

സണ്‍സ്‌ക്രീനുകളും സണ്‍ബ്ലോക്കിംഗ് മരുന്നുകളും ഉപയോഗിച്ചാല്‍ അള്‍ട്രാ വയലറ്റ് രശ്മി കൊണ്ട് ത്വക്കിലുണ്ടാകുന്ന വിപരീത ഫലങ്ങള്‍ – അകാല വാര്‍ദ്ധക്യം തുടങ്ങിയവ ഒഴിവാക്കാം. വെളുത്ത നിറമുള്ളവര്‍ക്ക് സൂര്യപ്രകാശം കൊണ്ടുള്ള ദോഷങ്ങള്‍ പ്രകടമായി കാണുന്നത്. ഇരുണ്ട നിറമുള്ളവരില്‍ മെലാനിന്‍ എന്ന രാസവസ്തു കൂടുതലായുള്ളതിനാല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ വലുതായി ബാധിക്കാറില്ല.

സൗന്ദര്യ വര്‍ദ്ധക മരുന്നുകള്‍ തൊലിക്ക് യുവത്വം നല്‍കുമെന്ന് പറഞ്ഞ് പരസ്യപ്പെടുത്താറുണ്ട്. അതിനു കാരണമുണ്ട്. ചില രാസവസ്തുക്കള്‍ തൊലിയിലേക്ക് രക്തസംക്രമണം കൂട്ടുകയും ചര്‍മ്മം തുടുത്തതായും പുതുമയാര്‍ന്നതായി തോന്നിപ്പിക്കുകയും ചെയ്യും. പക്ഷേ മുഖത്തെ ചുളിവുകളും തൊലിയുടെ തൂങ്ങലുകളും തടയാന്‍ ഈ മരുന്നുകള്‍ക്ക് സാധിക്കുകയില്ല. ട്രറ്റിനോയിന്‍, അഡാപലിന്‍, റ്റാസറോട്ടിന്‍ ക്രീമുകള്‍ ചര്‍മ്മ ക്ഷതങ്ങളെ ചെറുക്കുകയും കൊളാജന്‍ ഉണ്ടാകുന്നതിന് സഹായിക്കുകയും ചെയ്യും. അങ്ങനെ ചുളിവുകള്‍ കുറയുന്നു. ഗ്ലൈക്കോളിക് ആസിഡ്, ലാക്റ്റിക് ആസിഡ് അടങ്ങിയ ലേപനങ്ങളും ഇതിന് സഹായകമാണ്.

ആസിഡുകള്‍, ആല്‍ക്കലികള്‍, തണുപ്പ്, ചൂട്, കാറ്റ്, വരള്‍ച്ച ഇവയില്‍ നിന്നൊക്കെ ചര്‍മ്മത്തെ രക്ഷിക്കാനുള്ള ക്രീമുകള്‍ കുറെയൊക്കെ ഫലപ്രദമാണ്. കലാമിന്‍ അടങ്ങിയ ലേപനങ്ങളും ലോഷനുകളും ഇതിനുവേണ്ടി ഉപയോഗിക്കുന്നു.

പോഷണം (Nutrition)

ചര്‍മ്മ കോശങ്ങള്‍ക്ക് പോഷകങ്ങള്‍ കിട്ടുന്നത്, തൊലിക്ക് താഴെയുള്ള രക്ത ധമനികളില്‍ നിന്നാണ്. അതുകൊണ്ട്, നഖത്തിലും മുടിയിലും തൊലിയിലും പുരട്ടുന്ന ലേപനങ്ങള്‍ കൊണ്ട് അവ പുഷ്ടിപ്പെടുമെന്ന അവകാശവാദം ശരിയാണെന്ന് തോന്നുന്നില്ല. പെല്ലാഗ്ര (Pellagra) പോലെയുള്ള വിറ്റാമിന്‍ കുറവുണ്ടാകുന്ന ചര്‍മ്മ രോഗങ്ങള്‍ക്ക് അവ ഫലപ്രദമായേക്കാം. ആഹാരത്തില്‍ ആ വിറ്റാമിനുകള്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് അസുഖത്തിന് ശമനമുണ്ടാകും.

തൊലിയുടെ ഏറ്റവും പുറത്തുള്ള പാളിയും നഖവും മുടിയുമെല്ലാം മൃതകോശങ്ങള്‍ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട്, അമിനോ ആസിഡ്, കൊളാജന്‍, ഇലാസ്റ്റിന്‍, ന്യൂക്ലിക് ആസിഡ് തുടങ്ങിയവ പുരട്ടി ചര്‍മ്മ ഭംഗി കൂട്ടുമെന്നുള്ള പരസ്യ കോലാഹലങ്ങള്‍ ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനാവില്ല. ചിലപ്പോള്‍ ത്വക്കിന്റെ ബാഹ്യഭംഗിയില്‍ വ്യത്യാസം വന്നേക്കാം അത് താല്‍ക്കാലികം മാത്രമാണ്.

ഫേഷ്യലുകള്‍ (Facials)

സോപ്പിന് പകരം, ക്ലെന്‍സിംഗ് ക്രീമുകള്‍ ഉപയോഗിക്കുന്നതു കൊണ്ട് പ്രത്യേക ഗുണമുള്ളതായി തോന്നുന്നില്ല. അധികം ക്ഷാരമില്ലാത്ത സോപ്പുപയോഗിക്കുന്നത് ഒട്ടും ഹാനികരമല്ല. ചിലര്‍ക്ക് ഈ ക്ലെന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുന്നത് മുഖക്കുരു കൂടുതലാകാന്‍ ഇടയാകുന്നുണ്ട്. പക്ഷേ അധികം തവണ മുഖം സോപ്പിട്ടു കഴുകുന്നത്, മുഖത്ത് വരള്‍ച്ച കൂടുതലാകാന്‍ സാധദ്ധ്യതയുണ്ട്. മൂന്നോ നാലോ തവണയേ മുഖം കഴുകേണ്ട കാര്യമുള്ളൂ – സാധാരണ ചര്‍മ്മത്തിന്; എന്നാല്‍ എണ്ണമയമുള്ള ത്വക്കിന്, അതില്‍ കൂടുതല്‍ തവണ കഴുകേണ്ടിവരും; മൃദു സോപ്പ് ഉപയോഗിച്ച് കൈകളും മുഖവും കഴുകുന്നത് കൊണ്ട് വലിയ ദോഷങ്ങള്‍ ഉണ്ടാക്കാനിടയില്ല. തൊലിയുടെ pH 6.8 ആണ്, അതുകൊണ്ട് ഇതിനോട് അടുത്ത pH ഉള്ള സോപ്പ് ഉപയോഗിക്കുന്നത് നന്നായിരിക്കും. എന്നാല്‍ ‘pH balanced’ എന്ന വാദവുമായി വരുന്ന സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ക്ക് സാധാരണ സോപ്പിനേക്കാള്‍ മേന്മയുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുമില്ല. അധിക ക്ഷാരഗുണവും ആസിഡ് ഗുണവുമുള്ള സോപ്പുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ഫേഷ്യല്‍സ്, സൗണാ ബാത്ത് (Sauna bath) മഡ് പാക് (Mud pack) ഇവയൊക്കെ തൊലിയുടെ ഭംഗി കൂട്ടുന്നതായി തോന്നുമെങ്കിലും അത് താല്‍ക്കാലികം മാത്രമാണ്. അത് ഫേഷ്യല്‍ ചെയ്യുന്ന ആളിനെ സ്വയം ചെയ്യുന്ന ആളിന് സ്വയം സംതൃപ്തി തോന്നുന്നതും ഫേഷ്യല്‍ കൊണ്ട് പ്രയോജനമുണ്ടെന്ന് തോന്നാന്‍ കാരണമാണ്.

ആസ്ട്രിന്‍ജെന്റ്സ് (Astringents)ന്റെ ഉപയോഗം കൊണ്ട് മുഖത്തിന് ഒരു പുതുമയും ഉന്മേഷവും തോന്നും. കാരണം ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ആള്‍ക്കഹോള്‍ ബാഷ്പീകരിച്ചു പോകുമ്പോള്‍ ചര്‍മ്മത്തിന് കുളിര്‍മ്മ അനുഭവപ്പെടും. അലുമിനിയം സാള്‍ട്ട് അടങ്ങിയ ആസ്ട്രിന്‍ജെന്റ്സ് ഉപയോഗിക്കുമ്പോള്‍ മുഖത്ത് അരുണിമയും തുടുപ്പും ഏറുന്നതുകൊണ്ട്, അത് ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം ഉണ്ടാകുന്നു. പക്ഷേ ത്വക്ക് കൂടുതല്‍ സുന്ദരമാകുന്നു എന്നത് മിഥ്യാബോധം മാത്രമാണ്.

സാലിസിലേറ്റ്സ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയ ലേപനങ്ങള്‍ തൊലിയിലെ മൃതകോശങ്ങള്‍ മാറ്റുകയും ചര്‍മ്മത്തിന് പൊതു ഭംഗി നല്‍കുകയും ചെയ്യുന്നു. സ്‌ക്രബ് (Scrub) ലേപനങ്ങളും ചര്‍മ്മത്തിന്റെ പുറത്തെ പാളികള്‍ മാറ്റി തൊലിക്ക് തുടിപ്പു നല്‍കാന്‍ കെല്‍പ്പുള്ളവയാണ് പക്ഷേ അവ താല്‍ക്കാലികം മാത്രമാണ്.

മാസ്‌ക് (Masks) – പലവിധ രാസവസ്തുക്കളും ജൈവ കണങ്ങളും അടങ്ങിയ മാസ്‌കുകള്‍ തൊലിയുടെ ചുളിവുകളും തൂങ്ങലുകളും ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. അതില്‍ അടങ്ങിയിരിക്കുന്ന പശ പോലെയുള്ള ഘടകങ്ങള്‍ പ്രായം കൊണ്ടുണ്ടാകുന്ന വ്യതിയാനങ്ങള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കും.

വരണ്ട ചര്‍മം

ത്വക്കിനെ മൃദുലമാക്കാന്‍ ഏറ്റവും നല്ലത് ശുദ്ധജലം തന്നെയാണ്. എന്നാല്‍ എമോലിയന്റ്സ് (Emollients) അല്ലെങ്കില്‍ മോയിസ്റ്ററൈസര്‍ (Moisturiser) വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം കൊടുക്കുന്നതിന് സഹായകമാണ്. കുളി കഴിഞ്ഞ ഉടനെ പുരട്ടുന്നതാണ് നല്ലത്. ഇവ അടങ്ങിയ ലേപനങ്ങള്‍ ചുളിവുകളും ജരയും തടയുകയില്ലെങ്കിലും ചര്‍മ്മത്തിന് ഒരു പുതുമ നല്‍കുന്നതായി കാണപ്പെടുന്നു. പക്ഷേ ചിലര്‍ ഇത് മുഖക്കുരു കൂടുന്നെന്നും കറുപ്പുണ്ടാക്കുന്നെന്നും പരാതിപ്പെടുന്നു. പെട്രോലാറ്റം, ബേബി ഓയില്‍, മിനറല്‍ ഓയില്‍ ഇവയാണ് സാധാരണ മോയിസ്റ്ററൈസറുകള്‍. ചില ലേനങ്ങളില്‍ ഫാറ്റി ആസിഡുകള്‍, വാക്സ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. പക്ഷേ ഇവയില്‍ അടങ്ങിയിരിക്കുന്ന കളറുകള്‍, സുഗന്ധ വസ്തുക്കള്‍, പ്രിസര്‍വേറ്റിവ്സ് അലര്‍ജി ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. ചില രാസവസ്തുക്കള്‍ ചര്‍മ്മ പാളികള്‍ക്കുള്ളിലെ ഘര്‍ഷണം ഒഴിവാക്കി തൊലിക്ക് മൃദുത്വം നല്‍കുന്നു. ലാക്റ്റിക് ആസിഡ് അതിനൊരു ഉദാഹരണമാണ്. ഇവയെ ‘ഹ്യുമിക്റ്റന്റ്’ (Humectants) എന്ന് പറയുന്നു. അവ ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് കൂട്ടുന്നു.

ജോജോബാ ഓയില്‍, കറ്റാര്‍വാഴ, വൈറ്റമിന്‍ ഇ, ഇവയുടെ അത്ഭുതകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ശേഷി ഉണ്ടെന്ന അവകാശ വാദവുമായി ചില ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നുണ്ട്. ഇതില്‍ അത്ര വാസ്തവമൊന്നുമില്ല. വര്‍ഷങ്ങള്‍ നീണ്ട പഠനം ഇതിനാവശ്യമാണ്. തന്നെയുമല്ല ഇവ അലര്‍ജി ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News