തൊണ്ടയിലെ അസ്വസ്ഥത നിസ്സാരമായി കാണരുതേ..

ജോലിയുടെ ഭാഗമായും മറ്റും ശബ്ദം നിരന്തരം ഉപയോഗിക്കേണ്ടിവരുന്ന പലരിലും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കണ്ടുവരാറുണ്ട്. തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വ്യതിയാനം, തൊണ്ടയടപ്പ് തുടങ്ങി പല സൂചനകളായി അത് അസ്വസ്ഥതപ്പെടുത്തും. ചിലപ്പോള്‍ ശബ്ദം പൂര്‍ണമായും നഷ്ടമായിപ്പോകുന്ന അവസ്ഥയും അനുഭവപ്പെടാം. മിക്കപ്പോഴും നിസ്സാരപ്രശ്നങ്ങളാവും ഇതിന് കാരണം. എന്നാല്‍, ഇത്തരം സൂചനകളെ എല്ലായ്‌പോഴും അവഗണിക്കാനും പാടില്ല. ഗൗരവമായ രോഗാവസ്ഥയുടെ സൂചനകളായും ശബ്ദവ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശബ്ദപ്രശ്നങ്ങള്‍ ആരിലൊക്കെ?

ശബ്ദവുമായി ബന്ധപ്പെട്ട് പൊതുവേയുണ്ടാകുന്ന പ്രശ്നങ്ങള്‍ കൂടുതലും കാണുന്നത് പ്രൊഫഷണല്‍ വോയ്‌സ് യൂസേഴ്‌സിലാണ്. ഇവരാണ് ശബ്ദത്തെ കൂടുതലായി നിരന്തരം ഉപയോഗിക്കുന്നത്. പാട്ടുപാടുക, ദീര്‍ഘനേരം ക്ലാസുകളെടുക്കുക, പ്രസംഗിക്കുക തുടങ്ങിയവ ഇവരുടെ ജോലിയുടെ ഭാഗമാണ്. ഇങ്ങനെ പ്രൊഫഷണല്‍ വോയ്സ് യൂസേഴ്‌സിനെ മൂന്നുവിഭാഗങ്ങളായി തിരിക്കാറുണ്ട്.

ലെവല്‍ വണ്‍-പ്രൊഫഷണല്‍ വോയ്സ് യൂസേഴ്സ്: ഗായകര്‍, നടീനടന്മാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങിയവര്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ശബ്ദത്തിന്റെ ഗുണനിലവാരം ഇവരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ലെവല്‍ ടു:ജോലിയുടെ ഭാഗമായി ശബ്ദം ഉപയോഗിക്കേണ്ടിവരുന്നവരാണിവര്‍. എന്നാല്‍ ശബ്ദത്തിന്റെ ഗുണനിലവാരം അത്ര നിര്‍ബന്ധമല്ല. അധ്യാപകര്‍, പ്രാസംഗികര്‍, അഭിഭാഷകര്‍ എല്ലാം ഈ വിഭാഗത്തില്‍ ഉള്‍പ്പെടും.

ലെവല്‍ ത്രീ: ജോലിയുടെ ഭാഗമായി ശബ്ദത്തിന് വലിയ പ്രാധാന്യം ഇല്ലാത്ത വിഭാഗക്കാരാണിവര്‍.

ശബ്ദപ്രശ്നങ്ങളുടെ കാരണങ്ങള്‍

ശബ്ദത്തിന്റെ അമിതോപയോഗവും അതുമായി ബന്ധപ്പെട്ട് സ്വനതന്തുക്കള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ശബ്ദവ്യതിയാനത്തിനുള്ള പൊതുവേയുള്ള കാരണങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ തൊണ്ടയ്ക്ക് വിശ്രമം നല്‍കുന്നതിലൂടെത്തന്നെ പരിഹരിക്കാന്‍ സാധിക്കാറുണ്ട്.
എന്നാല്‍, ഇതല്ലാതെ ഒട്ടേറെ കാരണങ്ങള്‍ ശബ്ദവ്യത്യാസത്തിന് ഇടയാക്കാറുണ്ട്. സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ശബ്ദവ്യത്യാസത്തിനിടയാക്കും. അക്യൂട്ട് ഇന്‍ഫെക്ഷന്‍ പെട്ടെന്നുതന്നെ ഭേദമാകുന്നതാണ്. എന്നാല്‍, ദീര്‍ഘകാലം നിലനില്‍ക്കുന്ന അണുബാധകള്‍ നീണ്ടുനില്‍ക്കുന്ന ശബ്ദപ്രശ്നങ്ങള്‍ക്ക് ഇടയാക്കാം. ഉദാഹരണമായി ക്ഷയരോഗംപോലുള്ളവ ശബ്ദത്തെയും ബാധിക്കാറുണ്ട്.
തൊണ്ടയ്ക്ക് ബലം നല്‍കി സംസാരിക്കുന്ന രീതി ശബ്ദത്തിന് പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. ഇതിന് മസില്‍ ടെന്‍ഷന്‍ ഡിസ്‌ഫോണിയ(Muscle tension dysphonia) എന്നാണ് പറയുക. അസിഡിറ്റി ശബ്ദത്തെ ബാധിക്കാം.

സ്വനപേടകത്തിലോ അതിനോട് ചേര്‍ന്ന ഭാഗങ്ങളിലോ ഉണ്ടാകുന്ന തടിപ്പുകളും ശബ്ദവ്യത്യാസത്തിന് കാരണമാകും. നാഡീസംബന്ധമായ അസുഖങ്ങളും ശബ്ദപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. നാഡീതകരാറുകള്‍ സ്വനപേടകത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പേശികളെയും ബാധിക്കും. അതുകാരണം ശബ്ദത്തിന് തകരാറുകള്‍ സംഭവിക്കാം. നാഡീസംബന്ധമായ പല അസുഖങ്ങളുടെയും ലക്ഷണമായി ശബ്ദത്തകരാറുകള്‍ കാണാറുണ്ട്.

ഉറക്കക്കുറവ്, പുകവലി തുടങ്ങിയവയും ശബ്ദത്തെ ബാധിക്കും.
ഹോര്‍മോണ്‍ തകരാറുകള്‍ ശബ്ദത്തെ ബാധിക്കാം.
ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ തൊണ്ടയില്‍ അസ്വസ്ഥത, ശബ്ദത്തില്‍ വിറയല്‍, ജലദോഷമോ കഫക്കെട്ടിനോ ശേഷം ശബ്ദം പൂര്‍ണമായും തടസ്സപ്പെടുക എന്നീ അവസ്ഥകള്‍ വരാം. ചിലര്‍ക്ക് ഉറക്കെ സംസാരിക്കാന്‍ പറ്റാതാവും. മറ്റുചിലര്‍ക്ക് തുടര്‍ച്ചയായി സംസാരിക്കുമ്പോള്‍ ക്ഷീണവും കഴുത്തില്‍ വേദനയും ഉണ്ടാകാം. ഇങ്ങനെയുള്ള ശബ്ദവ്യത്യാസം മൂന്നാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കില്‍ അത് ഗൗരവമായി കണ്ട് ചികിത്സ തേടണം.

പരിശോധന

ശബ്ദത്തെ ബാധിച്ച പ്രശ്നങ്ങള്‍ കണ്ടെത്താന്‍ ആദ്യം വോയ്‌സ് അസസ്‌മെന്റ് നടത്തും. തുടര്‍ച്ചയായി സംസാരിക്കാന്‍ നിര്‍ദേശിക്കും. അപ്പോള്‍ ശ്വാസോച്ഛ്വാസവും ശബ്ദവും കൃത്യമായി കോഡിനേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ടോ?, തൊണ്ടയില്‍ കൂടുതല്‍ ബലം നല്‍കിയാണോ സംസാരിക്കുന്നത്? വായ ശരിയായി തുറന്നുതന്നെയാണോ സംസാരിക്കുന്നത്? എന്നതെല്ലാം വിശകലനം ചെയ്യും. പാട്ടുകാരുടെ കാര്യത്തില്‍ അവരെ പാട്ടുപാടിച്ച് നോക്കിവേണം വിലയിരുത്താന്‍. അതിന് ശേഷം എന്‍ഡോസ്‌കോപി പരിശോധന ആവശ്യമായി വന്നേക്കാം.

ചികിത്സ മൂന്നു തരത്തില്‍

ശബ്ദപ്രശ്നങ്ങള്‍ക്ക് ചികിത്സ തുടങ്ങുന്നതിനുമുന്‍പ് എന്ത് കാരണംകൊണ്ടാണ് ഇതുണ്ടായതെന്ന് കൃത്യമായി വിലയിരുത്തണം. അതിനുശേഷം ചികിത്സാരീതി തീരുമാനിക്കും. പ്രധാനമായും മൂന്നുതരത്തിലാണ് ചികിത്സ. വോയ്‌സ് തെറാപ്പി, െമഡിക്കല്‍ ചികിത്സ, സര്‍ജറി എന്നിവയാണവ. ശബ്ദം അമിതമായി ഉപയോഗിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വോയ്‌സ് തെറാപ്പി മതിയാകും. സ്വനപേടകത്തിന് ആവശ്യമായ വിശ്രമം നല്‍കുക, അതിനുശേഷം ശബ്ദത്തെ കൂടുതല്‍ ഗുണമേന്മയുള്ളതാക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ ചെയ്യുക എന്നതാണ് ഇതിലുള്‍പ്പെട്ടിട്ടുള്ളത്.
മറ്റ് കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന ശബ്ദത്തകരാറുകള്‍ പരിഹരിക്കാന്‍ മരുന്നുചികിത്സ ആവശ്യമായി വരും.

അണുബാധകള്‍, അസിഡിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്നിവയാണെങ്കില്‍ അവ പരിഹരിക്കാനുള്ള മരുന്നുകള്‍ നല്‍കും. ശബ്ദത്തിനുണ്ടാകുന്ന വിറയല്‍ മാറ്റുന്നതിന് ബോട്ടൊക്സ്(botox) ഇന്‍ജക്ഷന്‍ നല്‍കാറുണ്ട്. ശബ്ദമുണ്ടാകുന്ന ഭാഗത്തെ പേശികളുടെ അനക്കക്കുറവുകാരണം ശബ്ദപ്രശ്നങ്ങള്‍ സംഭവിക്കാറുണ്ട്. മറ്റ് ചികിത്സകള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ തൈറോപ്ലാസ്റ്റി (Thyroplasty) പോലുള്ള ശസ്ത്രക്രിയ വേണ്ടിവന്നേക്കും. തൊണ്ടയിലെ കാന്‍സര്‍ കാരണമാണ് ശബ്ദപ്രശ്നങ്ങളുണ്ടായതെങ്കില്‍, കാന്‍സറിന്റെ സ്റ്റേജ് അനുസരിച്ച് സര്‍ജറിയോ റേഡിയേഷനോ വേണ്ടിവരും. ആണ്‍കുട്ടികളില്‍ സ്ത്രൈണ ശബ്ദമാണെങ്കില്‍, അത് മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള ചികിത്സാരീതികളുണ്ട്. ഒരു പരിധിവരെ ഇത് വോയ്സ് തെറാപ്പിയിലൂടെ തന്നെ പരിഹരിക്കാനാകും.

ശബ്ദശുചിത്വം പാലിക്കാം

ശബ്ദത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ശബ്ദശുചിത്വം പാലിക്കേണ്ടത് ആവശ്യമാണ്. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക, തൊണ്ട വരണ്ടിരിക്കുന്നത് ശബ്ദത്തെ ബാധിക്കും. സ്വനതന്തുക്കളില്‍ നനവ് നിലനിര്‍ത്താന്‍ ഒന്നര മുതല്‍ രണ്ട് ലിറ്റര്‍ വരെ വെള്ളമെങ്കിലും ദിവസവും കുടിക്കുക. ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണം. അമിതമായ എരിവും പുളിയുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കാര്‍ബണേറ്റഡ് പാനീയങ്ങളും ഒഴിവാക്കുക. അസിഡിറ്റിപോലുള്ള പ്രശ്നങ്ങള്‍ ശബ്ദത്തെ ബാധിക്കാം.

ഉറക്കം ശരിയായില്ലെങ്കില്‍ ശബ്ദത്തെ ബാധിക്കും. അതുകൊണ്ട് പതിവായി ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണം.
15-20 ലധികം ആളുകളെ അഭിസംബോധന ചെയ്യുമ്പോള്‍ മൈക്ക് ഉപയോഗിക്കണം. മറ്റ് ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ സംസാരിക്കാതിരിക്കുക. തൊണ്ട ശുദ്ധീകരിക്കുന്ന ശീലമുണ്ടെങ്കില്‍(Throat clearing) അത് മാറ്റണം. അത് ശബ്ദത്തെ ബാധിക്കും. തൊണ്ട ക്ലിയര്‍ ചെയ്യാനുള്ള തോന്നല്‍ ചിലപ്പോള്‍ അസിഡിറ്റിയോ അലര്‍ജിയോ കാരണമായിരിക്കും. അങ്ങനെയാണെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. തുടര്‍ച്ചയായ ഫോണ്‍ സംസാരം ഒഴിവാക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News