പല്ല് ശ്രദ്ധിയ്ക്കാതെ പോകല്ലേ…പണി കിട്ടും

ശരിയായ വിധത്തില്‍ ബ്രഷ് ചെയ്യാതിരിക്കുകയോ മോണ സംരക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ മോണകളില്‍ അണുക്കള്‍ ഭക്ഷണ പദാര്‍ത്ഥത്തിനൊപ്പം അടിഞ്ഞു കൂടുകയും പിന്നീട് പ്ലാക്ക്, കാല്‍ക്കുലസ് ഒക്കെയായി മാറുകയും അവ ഉല്‍പാദിപ്പിക്കുന്ന അമ്ലം കാരണം മോണകള്‍ക്കും എല്ലുകള്‍ക്കും ബലക്ഷയം സംഭവിക്കുകയും പല്ലുകള്‍ കൊഴിയാന്‍ കാരണമാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ഭക്ഷണപദാര്‍ഥങ്ങള്‍, പ്രത്യേകിച്ച് ഒട്ടിപ്പിടിക്കുന്നവ, കഴിച്ചതിനു ശേഷം പല്ലുകള്‍ വൃത്തിയാക്കിയില്ല എങ്കില്‍ പല്ലുകള്‍ക്ക് ക്ഷയം സംഭവിക്കുകയും പിന്നീട് പല്ലു പുളിപ്പ് /വേദന അനുഭവപ്പെടുകയും ചെയ്യുന്നു. പലപ്പോഴും പുളിപ്പ് അല്ലെങ്കില്‍ വേദന വരുമ്പോള്‍ മാത്രമേ പല്ലുകള്‍ ശ്രദ്ധിക്കാറുള്ളു, എന്നാല്‍ ദന്താരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഓരോ ഘട്ടത്തിലും ചികിത്സകള്‍ ലഭ്യമാണ്. തുടക്കത്തില്‍ തന്നെ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍ ചിലവു കുറഞ്ഞതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായ ചികിത്സ ചെയ്യുവാന്‍ സാധിക്കും.

സെറ്റു പല്ലുകള്‍ ഉപയോഗിക്കുന്നവര്‍ ഇതിന് കേടു വരില്ലല്ലോ എന്ന ധാരണ വച്ച് അത് വൃത്തിയാക്കാതെ പോകുന്നത് കാണാറുണ്ട്. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പൂപ്പല്‍ ബാധയ്ക്ക് അത് കാരണമാവുകയും ചെയ്യും. പ്രത്യേകിച്ചും പ്രമേഹം പോലെ ഉള്ള അസുഖങ്ങള്‍ ഉള്ളവരില്‍ അത് വളരെ അധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൃത്യമായി രണ്ട് നേരം സെറ്റുപല്ലുകള്‍ എടുത്ത് ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് അകവും പുറവും വൃത്തിയാക്കേണ്ടത് അനിവാര്യമാണ്.

ഒരു സെറ്റ് പല്ല് ജീവിതകാലം മുഴുവന്‍ ഉപയോഗിക്കാന്‍ ഉള്ളതല്ല എന്ന് നാം ഓര്‍ക്കേണ്ടതുണ്ട്. കാരണം ഇത് ഉണ്ടാക്കുന്ന അക്രിലിക് (acrylic ) പോലുള്ള വസ്തുക്കള്‍ ഒട്ടനവധി ചെറിയ സുഷിരങ്ങളുള്ള വസ്തുവാണ്. അതില്‍ പലതരത്തിലുള്ള കീടാണുക്കള്‍ അടിഞ്ഞു കൂടുകയും അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാല്‍ അഞ്ചോ ആറോ വര്‍ഷം കൂടുമ്പോള്‍ സെറ്റ് മാറ്റുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കിടപ്പു രോഗികളുടെ കാര്യത്തിലും ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. നമ്മള്‍ അവര്‍ക്ക് bedsores വരാതെ ഇരിക്കാനും ട്യൂബ് ഫീഡിങ് ഒക്കെ കൃത്യമായി ചെയ്യും. പക്ഷേ മിക്കവരും വായ ശ്രദ്ധിക്കാതെ വിടും. വായ തുറന്ന് കിടക്കുന്ന ഇത്തരം രോഗികളില്‍ ഈച്ച പോലെയുള്ളവ വന്നു മുട്ട ഇടുകയും അത് മോണയിലും മറ്റും പറ്റിപ്പിടിച്ചു വളര്‍ന്ന് പുഴു അരിക്കുന്ന (മായാസിസ്) ഒരവസ്ഥയില്‍ എത്തുന്നതായും കണ്ടിട്ടുണ്ട്. അതിനാല്‍ രോഗികള്‍ വായയില്‍ കൂടി ഭക്ഷണം കഴിക്കുന്നില്ല എങ്കില്‍ പോലും വായ വൃത്തിയാക്കി വെക്കുന്നത് രോഗിയെ പരിചരിക്കുന്നവരുടെ ഉത്തരവാദിത്വം ആണ്.

ദന്തസംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവസവും രണ്ടു നേരം ബ്രഷ് ചെയുകചെയ്യുക, എഴുന്നേറ്റ ഉടനെയും കിടക്കുന്നതിനു മുന്‍പേയും .

സോഫ്റ്റ് ബ്രിസില്‍ ബ്രഷും ഫ്‌ളോഉറൈഡേറ്റഡ് ടൂത്തപേസ്റ്റും ഉപയോഗിക്കുക.

ബ്രഷ് സൂക്ഷിക്കാന്‍ അധികം ഈര്‍പ്പമില്ലാത്ത ഭാഗം തിരഞ്ഞെടുക്കുക.
എല്ലാ മൂന്നു മാസം കൂടുമ്പോഴും ബ്രഷ് മാറ്റുക.

നാവു വൃത്തിയാക്കാന്‍ ബ്രഷിന്റെ പുറകു വശം ഉപയോഗിക്കുക.
മൗത് വാഷ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.
സ്ഥിരമായി ഫ്‌ളോസ് ചെയ്യുക.

മധുരമുള്ളതും ഒട്ടിപിടിക്കുന്നവയുമായുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായി ഉപയോഗിക്കുക കഴിച്ചതിനു ശേഷം നന്നായി വായ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക .

നാര് അടങ്ങിയ പച്ചക്കറികളും പഴവര്‍?ഗങ്ങളും ധാരാളമായി ഉള്‍പെടുത്തുക.

പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക.
കൃത്രിമ പല്ലുകള്‍ ബ്രഷും മൃദുവായ സോപ്പും ഉപയോഗിച്ച് വൃത്തിയാക്കുക.

മാനസികമായും ശാരീരികമായും കിടപ്പുരോഗികളുടെയും ദന്താരോഗ്യത്തില്‍ ശുശ്രൂഷിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.
ആറു മാസം കൂടുമ്പോള്‍ ഡെന്റിസ്റ്റിനെ കാണുക.

പാല്‍പ്പല്ലുകളും സ്ഥിരദന്തങ്ങള്‍ പോലെ തന്നെ പ്രധാനമാണ്, കുട്ടികളിലെ ദന്ത സംരക്ഷണം ജനിക്കുമ്പോള്‍ മുതല്‍ തന്നെ ശ്രദ്ധിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News