Asia Cup: ഏഷ്യ കപ്പ് ; ആദ്യ മത്സരം ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിൽ; കോഹ്‌ലിയ്ക്ക് നാളെ നൂറാമത് മത്സരം

ഏഷ്യ കപ്പ്(asia cup) ക്രിക്കറ്റില്‍ ആദ്യ പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുത്തു. ആറ് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും മൂന്ന് സ്പെഷലിസ്റ്റ് ബൗളര്‍മാരുമായാണ് ദാസുന്‍ ഷനക നയിക്കുന്ന ലങ്ക ഇന്നിറങ്ങുന്നത്.

ദില്‍ഷന്‍ മധുഷനകയും മതീക്ഷ പതിരാനയും ഇന്ന് ലങ്കന്‍ കുപ്പായത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ഏഷ്യാ കപ്പ് ട്വന്റി-20യിൽ ഇന്ത്യ-പാക്(india-pak) ത്രില്ലർ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിത നാളെ നടക്കും. വിരാട് കോഹ്‌ലിയുടെ നൂറാമത് ട്വന്റി-20 മത്സരം കൂടിയാണിതെന്ന പ്രത്യേകത കൂടി സൺഡേ ത്രില്ലറിനുണ്ട്.

ട്വന്റി-20 ലോകകപ്പിൽ പാകിസ്താനോടേറ്റ 10 വിക്കറ്റ് തോൽവിക്ക് മധുര പ്രതികാരം ചെയ്യാൻ ടീം ഇന്ത്യക്ക് ഇതിലും നല്ല ഒരവസരം കിട്ടാനില്ല. ആദ്യം ഉജ്വല ബോളിംഗിലൂടെ ഷഹീൻ അഫ്രീദിയും, തുടർന്ന് അപരാജിത ഇന്നിങ്സുമായി ബാബർ അസമും മുഹമ്മദ് റിസ്വാനും ക്രീസിൽ തിമിർത്താടിയപ്പോൾ ദുബായ് സ്റ്റേഡിയത്തിൽ നാണം കെട്ടത് ടീം ഇന്ത്യയായിരുന്നു.

ഒക്ടോബർ 24 ന്റെ ആ നാണക്കേടിന് തട്ടുപൊളിപ്പൻ ജയത്തിലൂടെ രോഹിതിനും സംഘത്തിനും കണക്ക് തീർക്കണം. രോഹിത് ശർമയുടെ കീഴിൽ ടീം ഇന്ത്യ തകർപ്പൻ ഫോമിലാണ്. മുൻ നായകൻ വിരാട് കോഹ്ലിയുടെ മോശം ഫോമാണ് ഏക ആശങ്ക.

പാകിസ്താനെതിരെ മികച്ച ബാറ്റിംഗ് ശരാശരിയുള്ള കോഹ്ലി നൂറാം മത്സരത്തിൽ ഗംഭീര ഇന്നിങ്സുമായി തിരിച്ചെത്തുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. കെ എൽ രാഹുൽ , സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, റിഷബ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ അണിനിരക്കുന്ന ബാറ്റിംഗ് നിര ശക്തമാണ്.

ദീപക് ചഹർ – ഭുവനേശ്വർ കുമാർ – ആവേശ് ഖാൻ ത്രയത്തിനാണ് പേസ് ബോളിംഗ് ചുമതല.അശ്വിനും യുസവേന്ദ്ര ചഹലുമാണ് ടീമിലെ സ്പിന്നർമാർ.അതേസമയം ട്വൻറി-20 ലോകകപ്പിലെ വിജയം തുടരാൻ ഉറച്ചാണ് പാകിസ്താന്റെ ഒരുക്കം. ബാബർ അസം, മുഹമ്മദ് റിസ്വാൻ,ഫഖർ സമാൻ, ആസിഫലി, മുഹമ്മദ് നവാസ് എന്നിവരാണ് ബാറ്റിംഗിലെ പോരാളികൾ.

പരുക്കേറ്റ ഷഹീൻ അഫ്രീദി ടീമിൽ ഇല്ലെങ്കിലും ഹാരിസ് റൌഫ് , ഷാനവാസ് ദഹാനി, നസിം ഷാ, മുഹമ്മദ് ഹസ്നൈൻ എന്നിവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റിങ്ങിന് ഭീഷണിയാകും. ഷദബ് ഖാനാണ് ടീമിലെ സ്പിന്നർ .ട്വൻറി-20യിൽ പരമ്പരാഗത വൈരികൾ ഇതേ വരെ 9 തവണ ഏറ്റുമുട്ടിയപ്പോൾ ആറ് തവണയും ജയം ടീം ഇന്ത്യയ്ക്കായിരുന്നു.

2 തവണ പാകിസ്താൻ ജയിച്ചപ്പോൾ ഒരു തവണ മത്സരം സമനിലയിൽ അവസാനിച്ചു. അഭിമാനജയം ലക്ഷ്യമിട്ട് സൂപ്പർസൺഡേയിൽ ചിരവൈരികൾ വീണ്ടും മുഖാമുഖം വരുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവൻ ദുബായ് ഇൻറർനാഷണൽ സ്റ്റേഡിയത്തിലേക്കാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here