തദ്ദേശ തെരഞ്ഞെടുപ്പ്; ചെലവ് കണക്ക് നല്‍കാത്ത 9016 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

കഴിഞ്ഞ തദ്ദേശ പൊതുതിരഞ്ഞെടുപ്പില്‍ ചെലവ് കണക്ക് നല്‍കാതിരുന്ന 9016 സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ ഉത്തരവായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൊല്ലം ജില്ലയില്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടവരുടെ എണ്ണം കൊല്ലം കോര്‍പ്പറേഷന്‍ 40, മുനിസിപ്പാലിറ്റി 50, ജില്ലാ പഞ്ചായത്ത് ഏഴ്, ബ്ലോക്ക് പഞ്ചായത്ത് 51, ഗ്രാമപഞ്ചായത്ത് 691.
നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്.

ഉത്തരവ് തീയതി (ഓഗസ്റ്റ് 23) മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നതിനോ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നതിനോ അയോഗ്യതയുണ്ടാകും. അയോഗ്യരാക്കിയ 436 പേര്‍ കോര്‍പ്പറേഷനുകളിലേക്കും, 1266 പേര്‍ മുനിസിപ്പാലിറ്റികളിലേക്കും 71 പേര്‍ ജില്ലാ പഞ്ചായത്തുകളിലേക്കും 590 പേര്‍ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 6653 പേര്‍ ഗ്രാമപഞ്ചായത്തുകളിലേക്കുമാണ് മത്സരിച്ചിരുന്നത്.

അവരുടെ പേരുവിവരം www.sec.kerala.gov.in സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളിലെ പ്രസക്ത വ്യവസ്ഥകള്‍ പ്രകാരമാണ് കമ്മീഷന്റെ നടപടി. ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം ചെലവ് കണക്ക് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ.

വീഴ്ച വരുത്തിയവര്‍ക്കും പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെലവ് കണക്കോ കാരണമോ ബോധിപ്പിക്കാത്തവരുടെ കരട് ലിസ്റ്റ് ജൂലൈ അഞ്ചിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് വീഴ്ച വരുത്തിയവരെ അയോഗ്യരാക്കിയത്.

മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 തദ്ദേശ സ്ഥാപനങ്ങളില്‍ 2020 ഡിസംബറിലാണ് പൊതുതിരഞ്ഞെടുപ്പ് നടന്നത്. 21865 വാര്‍ഡുകളിലായി ആകെ 74835 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. അയോഗ്യരാക്കപ്പെട്ടവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അംഗങ്ങളായി തുടരുന്നില്ലായെന്നും അഞ്ച് വര്‍ഷത്തേക്ക് സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലായെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കും.

ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ജില്ലാ കളക്ടറും ഗ്രാമപഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമാണ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷനുകളില്‍ 1,50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News