
മുള്ളൻകൊല്ലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി കടുവാ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഗ്രാമവാസികൾ കടുത്ത ഭീതിയിൽ.പഞ്ചായത്തിലെ മാടൽ, പാളക്കൊല്ലി, സുരഭിക്കവല, ചേലൂർ, പാതിരി, പെരിക്കല്ലൂർ, പുണ്യാളൻകുന്ന് ഭാഗങ്ങളിലാണ് കടുവയുടെ സാന്നിധ്യമുള്ളത്.
പല സ്ഥലത്തും കടുവയുടെ കാൽപ്പാടുകൾ വ്യക്തമാണ്. ഈ ഭാഗങ്ങളിൽ പുറത്തിറങ്ങാൻപോലും ആളുകൾ ഭയക്കുകയാണ്.
പാതിരിയിൽ ബുധൻ പകൽ കൃഷിയിടത്തിൽ മേഞ്ഞിരുന്ന പശുവിനെ കടുവ വലിച്ചിഴച്ച് തൊട്ടടുത്ത വനത്തിൽ കൊണ്ടുപോയികൊന്നു. വെള്ളി പെരിക്കല്ലൂരിൽ ഇളംതുരുത്തിയിൽ ടോമിയുടെ കൃഷിയിടത്തിൽ കടുവ കൊന്ന കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയിരുന്നു.
കബനി നദി കടന്ന് കർണാടക വനത്തിൽനിന്നാണ് കടുവകൾ എത്തുന്നതെന്നാണ് നിഗമനം. കടുവകളെ പേടിച്ച് പുലർച്ചെ പാൽ കൊടുക്കാൻ പോകുന്നതിനും റബ്ബർ ടാപ്പ് ചെയ്യുന്നതിനും ജനം തയ്യാറാവുന്നില്ല.
പ്രദേശങ്ങളിൽ വനംവകുപ്പിന്റെ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന യോഗം ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. തുടർച്ചയായി പല ഭാഗങ്ങളിൽ കടുവ ഇറങ്ങുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
പൂതാടിയിൽ കഴിഞ്ഞമാസമാണ് വനംവകുപ്പ് കടുവയെ കൂടുവച്ച് പിടികൂടിയത്. മുള്ളൻകൊല്ലിയിലും കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here