Dr.John Brittas MP ;ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന അയ്യൻകാളിയുടെ പോരാട്ട വീര്യം പുതുതലമുറയ്ക്ക് എന്നും ഊർജ്ജമാകട്ടെ : ഡോ.ജോൺ ബ്രിട്ടാസ് എം പി

“എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കും ” എന്ന് ധീരതയോടെ പറഞ്ഞ അയ്യൻകാളി ഒരു ഫ്യൂഡൽ വ്യവസ്ഥയോട് ഉജ്ജ്വലമായി പോരാടിയ വിപ്ലവകാരികൂടിയാണെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി ( Dr.John Brittas MP). ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന അയ്യൻകാളിയുടെ (Ayyankali) പോരാട്ട വീര്യം പുതുതലമുറയ്ക്ക് എന്നും ഊർജ്ജമാകട്ടെയെന്നും ഡോ.ജോൺ ബ്രിട്ടാസ് എം പി ഫെയ്സ്ബുക്കിൽ കുറിച്ചു.

അടിമത്വവും അസമത്വവും അനുഭവിച്ചു കഴിഞ്ഞ ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തിയ, അസമത്വത്തിനെതിരെ പോരാടാൻ നേതൃത്വം നൽകിയ,നേതൃപാടവത്തിൻ്റേയും ദീർഘവീക്ഷണത്തിൻ്റേയും പോരാട്ട വീര്യത്തിൻ്റേയും മറുപേരായ അയ്യങ്കാളിയുടെ ജന്മദിനം.

പൊതുവഴി ഉപയോഗിക്കാൻ അവകാശമില്ല എന്ന് വിശ്വസിച്ചിരുന്ന ഒരുകൂട്ടം ആളുകൾക്ക് മുന്നിലൂടെ പാഞ്ഞുപോയ ആ വില്ലുവണ്ടിയുടെ മണികിലുക്കം അത്ര ചെറുതായിരുന്നില്ല.പഠിക്കാൻ അവകാശമില്ല എന്ന് ധരിച്ചിരുന്നവരുടെ ഇടയിൽ നിന്നും സ്‌കൂളിലേക്ക് പഞ്ചമി എന്ന ദളിത് ബാലികയുടെ കൈപിടിച്ച് സ്‌കൂൾ പ്രവേശനത്തിനായി അയ്യൻകാളി കയറിച്ചെന്നത് ഇന്നും ചരിത്രമാണ്.

.”എന്റെ കുഞ്ഞുങ്ങളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ ഈ കണ്ണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കിളിർപ്പിക്കും ” എന്ന് ധീരതയോടെ പറഞ്ഞ അയ്യൻകാളി ഒരു ഫ്യൂഡൽ വ്യവസ്ഥയോട് ഉജ്ജ്വലമായി പോരാടിയ വിപ്ലവകാരികൂടിയാണ് .ആധുനിക കേരളത്തിന്റെ രൂപപ്പെടലിന് വഴികാട്ടിയായി നിന്ന അയ്യൻകാളിയുടെ പോരാട്ട വീര്യം പുതുതലമുറയ്ക്ക് എന്നും ഊർജ്ജമാകട്ടെ

ഇന്ന് അയ്യൻ കാളി ജയന്തി.വില്ലുവണ്ടി യാത്രയിലൂടെയും കല്ലുമാല സമരത്തിലൂടെയും സാമൂഹ്യപരിഷ്കരണത്തിൻറെ പുതുവെളിച്ചം തെളിയിച്ച അയ്യൻ കാളി എന്നും ഓർമിപ്പിക്കപ്പെടുന്നതും ആ പോരാട്ടവീര്യത്തിന്റെ പേരിലാണ്.

പാടത്തെ പണി കഴിഞ്ഞു തളർന്നു നിൽക്കെ വിശപ്പടക്കാൻ മണ്ണിൽ കുഴികുത്തി അതിൽ ഇലവച്ച് നൽകിയ ഭക്ഷണം കഴിക്കേണ്ടി വന്നവരുടെ കൂട്ടത്തിലൊരാൾ. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടവരിലൊരാൾ.രോഗബാധിതരായാൽ ഡോക്ടർമാർ തൊട്ടുപരിശോധിക്കാൻ പോലും തയ്യാറാകാതെ മരണത്തിന് മുന്നിൽ ദയനീയമായി കീഴടങ്ങേണ്ടി വന്നവരിലൊരാൾ.

ജാതിയുടെ അടയാളമായി കല്ലുമാലകൾ കഴുത്തിലണിഞ്ഞു നടക്കേണ്ടി വന്ന സമൂഹത്തിന്റെ പ്രതിനിധി.അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കുവാനും പറ്റാതെപോയ അടിയാള വർഗ്ഗത്തിൻറെ കൂട്ടത്തിലൊരാൾ..അയ്യൻ കാളി..എന്നാൽ ഈ അവഗണകളോടും മാറ്റിനിർത്തലുകളോടും സമരസപ്പെട്ടുപോകാൻ ഒരുക്കമായിരുന്നില്ല.

സ്വസമുദായത്തിന്റെ പോലും എതിർപ്പുകളെ വകവെക്കാതെ മുപ്പതാം വയസിൽ കിരാത നിയമങ്ങൾക്കെതിരെ രംഗത്തിറങ്ങി. ജന്മികളെ കായികമായി നേരിടാൻ ഒരുകൂട്ടം ചെറുപ്പക്കാർക്ക് പരിശീലനം നൽകിയായിരുന്നു പടപുറപ്പാട്.

1898-99 കാലഘട്ടങ്ങളിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജന്മികളുമായി ഏറ്റുമുട്ടി. പലപ്പോഴും ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മനസ്സിലുറപ്പിച്ചു ലക്ഷ്യത്തിൽ നിന്ന് പിന്നോട്ട് പോയില്ല.

തിരുവിതാംകൂറിൽ കർഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യൻ കാളിയായിരുന്നു. പണിക്കിറങ്ങാതിരുന്ന തൊഴിലാളികളെ കൃഷിഭൂമി തരിശിട്ട് ജന്മികൾ നേരിട്ടു. ഇതോടെ തൊഴിലാളികൾ ദുരിതക്കയത്തിലായെങ്കിലും സമരത്തിൽനിന്ന് പിന്മാറിയില്ല.

അടിയറവ് പറഞ്ഞ ജന്മിമാർക്ക് അടിയറവ് പറയേണ്ടി വന്നു.
പൊതുവഴികളിൽ എല്ലാവർക്കും പ്രവേശനം നൽകിയിട്ടും അത് സമ്മതിച്ചുകൊടുക്കാതെ ജന്മിത്ത മേലാളന്മാർക്കെതിരെ ഇരട്ടക്കാളകൾ വലിച്ചിരുന്ന അലങ്കരിച്ച വില്ലുവണ്ടിയിൽ തലപ്പാവണിഞ്ഞ് തിരുവനന്തപുരം വെങ്ങാനൂരിൽ നിന്ന് പുത്തൻകടവ് ചന്തയിലേക്ക് അയ്യൻ കാളി വില്ലുവണ്ടി യാത്ര നടത്തി.

അരയ്ക്കുമുകളിൽ മേൽവസ്ത്രം ഉപയോഗിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടഞ്ഞതിനെതിരെ കല്ലുമാല സമരവുമായി അയ്യൻ കാളി മുന്നിൽ നിന്നപ്പോൾ മുലക്കച്ചയണിഞ്ഞു നടന്നാൽ മുല മുറിക്കാൻ നിന്നവർക്കും കഴുത്തിൽ കല്ലു മാലയും കാതിൽ ഇരുമ്പുവളയങ്ങളും ധരിപ്പിക്കാൻ കാത്തിരിന്നവർക്കും തോൽക്കേണ്ടി വന്നു.

പറഞ്ഞാൽ തീരാത്ത പോരാട്ടങ്ങളുടെ കനൽവഴികളിലൂടെ ഒരു സമുദായത്തിന് വെളിച്ചം നൽകുന്നതോടൊപ്പം ജാതി വ്യവസ്ഥയുടെ കറുത്ത കാലത്തുനിന്നും മാറ്റത്തിന്റെ പാതയിലേക്കായിരുന്നു അയ്യൻ‌കാളി വണ്ടി തെളിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News