M. V. Govindan Master : പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും : എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ(M. V. Govindan).മന്ത്രിസഭാ പുനസംഘടന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം പിന്നീടെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ ആരോഗ്യപരമായ കാരണങ്ങളാൽ കോടിയേരി ബാലകൃഷ്‌ണന്‌ കഴിയാത്ത സാഹചര്യത്തിലാണ് എം വി ഗോവിന്ദൻ മാസ്റ്ററെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന്‌ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.

ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, പിണറായി വിജയൻ, എം എ ബേബി, എ വിജയരാഘവൻ എന്നിവർ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. ഇ പി ജയരാജൻ അധ്യക്ഷനായി.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദൻ മാസ്റ്റർ.

വിപ്ലവ ഭൂമിയായ മൊറാഴയുടെ മണ്ണിൽ നിന്നും സി പി ഐ എം കേന്ദ്ര കമ്മറ്റി വരെ ഉയർന്ന എം വി ഗോവിന്ദൻ മാസ്റ്റർ അര നൂറ്റാണ്ട് കാലത്തെ പൊതു പ്രവർത്തനത്തിലെ അനുഭ സമ്പത്തുമായാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.അടിയന്തരാവസ്ഥയിൽ ഉരുകി തെളിഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ ആയും മന്ത്രിയായും പാർലമെന്ററി രംഗത്തും മികവ് തെളിയിച്ചു.

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിലെ കാർക്കശ്യം,അതുല്യമായ സംഘാടന പാടവം,നാട്ടുകാർക്കിടയിലെ സൗമ്യ സാന്നിധ്യം.കമ്മ്യൂണിസ്റ്റ് കർഷക പോരാട്ട ഭൂമിയായ മൊറാഴയുടെ സമര പാരമ്പര്യമാണ് എം വി ഗോവിന്ദൻ മാസ്റ്റർ എന്ന നേതാവിനെ രൂപപ്പെടുത്തിയത്.

ബാലസംഘത്തിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ എം വി ഗോവിന്ദൻ മാസ്റ്റർ യുവജന,കർഷക പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ നിന്ന് നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.ഡി വൈ എഫ് ഐ യുടെ പ്രഥമ പ്രസിഡന്റും പിന്നീട് സെക്രട്ടറിയുമായി.

അടിയന്തരാവസ്ഥകാലത്ത് പാർട്ടി പ്രവർത്തനത്തിന്റെ പേരിൽ കൊടിയ പോലീസ് പീഡനവും നാല് മാസം ജയിൽ വാസം അനുഭവിച്ചു.1970 ൽ പാർട്ടി അംഗത്വത്തിൽ എത്തിയ എം വി ഗോവിന്ദൻ മാസ്റ്റർ 1991 ൽ സംസ്ഥാന കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി.2006ൽ സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും 2018 ൽ കേന്ദ്ര കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.ദേശാഭിമാനി ചീഫ് എഡിറ്ററായും പ്രവർത്തിച്ചു.1996 മുതൽ 2006 വരെ തളിപ്പറമ്പ എം എൽ എ യായിരുന്ന ഗോവിന്ദൻ മാസ്റ്റർ പാർലമെന്ററി രംഗത്തും മികവ് തെളിയിച്ചു.

രണ്ടാം പിണറായി സർക്കാറിൽ തദ്ദേശ,എക്സൈസ് മന്ത്രിയായി ചുരുങ്ങിയ നാളുകൾക്കുള്ളിൽ മികച്ച മന്ത്രിയെന്ന കണ്ണൂരിലെ മൊറാഴയിൽ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രിൽ 23 ന് ജനിച്ച എം വി ഗോവിന്ദൻ മാസ്റ്റർ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിൽ സജീവമായത്.

സി എച്ച് കണാരനും,ഇ കെ നായനാർക്കും ചടയൻ ഗോവിന്ദനും,പിണറായി വിജയനും,കോടിയേരി ബാലകൃഷ്ണനും ശേഷമാണ്
കണ്ണൂരിൽ നിന്നുള്ള മറ്റൊരു കരുത്തനായ നേതാവ് സി പി ഐ എം സംസ്ഥാന സെക്രട്ടറി പദത്തിലെത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News