Bail Plea; സിദ്ദീഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രിംകോടതി നാളെ പരി​ഗണിക്കും

മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ജാമ്യ അപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും.ഹാഥ്റസിലെ ബലാല്‍സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ അടക്കം ചുമത്തി ജയിലലടച്ചു. സിദ്ദിഖ് കാപ്പന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഹാഥ്റസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു യു.പി പൊലീസിന്‍റെ കേസ്. വിചാരണ കോടതിയും, അലഹാബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ഈമാസം 24ന് കോടതി നടപടികൾ ആരംഭിച്ചപ്പോൾ അഡ്വ. ഹാരിസ് ബീരാൻ കാപ്പന്റെ ഹരജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ജാമ്യാപേക്ഷ എത്താൻ വൈകിയതെന്തെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ ചോദിച്ചു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത് ഈ മാസം ആദ്യം മാത്രമാണെന്നും അതിനാലാണ് ജാമ്യാപേക്ഷ വൈകിയതെന്നും അഭിഭാഷകർ മറുപടി നൽകി. രണ്ട് വർഷമായി കാപ്പൻ ജയിലിലാണെന്ന് അഭിഭാഷകർ അറിയിച്ചു.

തുടർന്ന് വെള്ളിയാഴ്ച പരി​ഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. ഭരണഘടനയുടെ കീഴിൽ സ്വതന്ത്ര മാധ്യമങ്ങൾക്ക് നിക്ഷിപ്തമായ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെക്കുറിച്ചും അടിസ്ഥാനപരമായ ചോദ്യങ്ങളാണ് ഇപ്പോഴത്തെ ഹർജി ഉയർത്തുന്നതെന്ന് കാപ്പന്റെ ഹരജിയിൽ പറയുന്നു.

നേരത്തെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളിയിരുന്നു. 22 മാസമായി തടവിലാണ് സിദ്ദീഖ് കാപ്പന്‍. കാപ്പന്റെ ഡ്രൈവർ മുഹമ്മദ് ആലമിന് ഇന്നലെ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം, ഹാഥ്റസ് ബലാത്സംഗ കേസ് റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിലാണ് യു.പി പൊലീസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡൽഹിക്ക് അടുത്ത് മഥുര ടോൾ പ്ലാസയിൽ വച്ച് 2020 ഒക്ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകർക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദം തകർക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലീസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News