Flood; വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു; പാകിസ്ഥാനിൽ മിന്നൽ പ്രളയം

പാകിസ്ഥാനിൽ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്‍. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്‌. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്‌. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.

അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര്‍ ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.

അടുത്ത ആഴ്ചയും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയവും തുടര്‍ച്ചയായ മഴയും മൂലം വിതരണക്കുഴലുകള്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും പാചകവാതകക്ഷാമം അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ ഷെഹ്ബാസ്‌ ഷരീഫ് സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭയോട് അടിയന്തരസഹായം ആവശ്യപ്പെട്ടതായി വാര്‍ത്താഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here