Twin Tower Demolition; 40 നില, നോയിഡയിലെ ‘ട്വിന്‍ ടവര്‍’ നിലംപൊത്തി

സുപ്രീംകോടതി നിര്‍ദേശ പ്രകാരം അനധികൃതമെന്ന് കണ്ടെത്തിയ നോയ്ഡ ട്വിന്‍ ടവര്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. 3700 കിലോഗ്രാം സ്ഫോടക വസ്തു ഉപയോഗിച്ചാണ് ടവർ പൊളിച്ചത്. മുംബൈ ആസ്ഥാനമായുള്ള എഡിഫിസ് എന്‍ജിനിയറിംഗ് കമ്പനി വിദഗ്ധരാണ് കെട്ടിടം സ്ഫോടക വസ്തു ഉപയോഗിച്ച്‌ തകര്‍ത്തത്. 40 നിലകളില്‍ 900 ഫ്ളാറ്റുകളും 21 കടമുറികളുമാണ് നോയ്ഡ ട്വിന്‍ ടവറിലുള്ളത്. കെട്ടിടത്തില്‍ 7000 ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ്‌ സ്ഫോടക വസ്തു നിറച്ചത്.

ഏകദേശം 7000 താമസക്കാരാണ് ഈ ഭാഗത്തുള്ളത്. 2500 വാഹനങ്ങളും ആ ഭാഗത്തിന് പുറത്തേക്ക് മാറ്റിയിട്ടാണ് സ്ഫോടനം നടത്തിയത്. കെട്ടിടം പൊളിച്ച് വൈകുന്നേരം നാലരയ്ക്ക് ശേഷം മാത്രമേ സമീപത്തെ വീടുകളിലെ ഗ്യാസ്, വൈദുതി ബന്ധം പുനസ്ഥാപിക്കുകയുള്ളൂ.

അതേസമയം, കുത്തബ്മീനാറിനേക്കാളും ഉയരത്തിലുള്ള കെട്ടിടം സ്‌ഫോടനം നടന്ന് ഒമ്പത് സെക്കന്‍ഡിനുള്ളില്‍ നിലം പൊത്തി. അടുത്ത 12 മിനിറ്റ് വേണം പൊടിപടലങ്ങള്‍ മാറികിട്ടാന്‍. ഏകദേശം 55000 ടണ്‍ അവശിഷ്ടങ്ങളാണുണ്ടാവുക. നോയ്ഡ അതോറിറ്റിയുടെ നേതൃത്വത്തില്‍ കെട്ടിടം ഉടമയുടെ സ്വന്തം ചെലവിലാണ് പൊളിക്കല്‍ നടപടികള്‍.

സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ട് ഹൗസിംഗ് സൊസൈറ്റിക്ക് 14 ടവറുകളും ഒമ്പത് നിലകളും ഉള്ള കെട്ടിട പ്ലാനാണ് ആദ്യം അനുവദിച്ചത്. പിന്നീട്, പ്ലാന്‍ പരിഷ്‌കരിക്കുകയും ഓരോ ടവറിലും 40 നിലകള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത് കൊണ്ട് താമസക്കാര്‍ 2012-ല്‍ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടം തുടങ്ങിയത്.

ലാഭം വര്‍ധിപ്പിക്കാനും കൂടുതല്‍ ഫ്‌ലാറ്റുകള്‍ വില്‍ക്കാനുമായി സുപ്പര്‍ടെക് ഗ്രൂപ്പ് അധികൃതര്‍ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് 2014-ല്‍ നാല് മാസം കൊണ്ട് കെട്ടിടം പൊളിച്ച് നീക്കാന്‍ ഉത്തരവിടുകയായിരുന്നു. കേസ് സുപ്രീകോടതിയില്‍ എത്തിയെങ്കിലും പൊളിച്ച് നീക്കാന്‍ സുപ്രീംകോടതിയും ആവശ്യപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News