കോടിയേരി ബാലകൃഷ്ണനിൽ നിന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം എം.വി.ഗോവിന്ദനിലേക്ക് എത്തുമ്പോൾ മൊറാഴയുടെ മണ്ണിൽ ആഹ്ലാദമാണ്.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ കര്‍ഷക പോരാട്ടത്തിൻ്റെ മണ്ണായ മൊറാഴയില്‍ നിന്നും സിപിഐ എമ്മിൻ്റെ കേന്ദ്രകമ്മറ്റിയിലേക്ക് ഉയര്‍ന്ന എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കേരള മന്ത്രിസഭയിലേക്ക് എത്തുമ്പോള്‍ അരനൂറ്റാണ്ട് കാലത്തെ തെളിമയാര്‍ന്ന പൊതുപ്രവര്‍ത്തനത്തിലെ അനുഭവസമ്പത്താണ് മുതല്‍കൂട്ടാവുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ ബാലസംഘം പ്രവര്‍ത്തകനായും ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഭാഗമായും തന്നിലെ പൊതുപ്രവര്‍ത്തകനെ അദ്ദേഹം അടയാളപ്പെടുത്തി.
ADVERTISEMENT
കെ എസ് എഫിൻ്റെ പ്രവര്‍ത്തകനായിരുന്ന ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണൂര്‍ ജില്ലാ യുവജന ഫെഡറേഷന്‍ ഭാരവാഹിയായിരുന്നു. കെ എസ് വൈ എഫ് രൂപീകരിച്ചപ്പോള്‍ നേതൃത്വത്തിലേക്ക് ഉയര്‍ന്ന മാസ്റ്റര്‍, ഡി വൈ എഫ് ഐയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മറ്റി അംഗവും കേന്ദ്ര കമ്മറ്റി അംഗവുമായിരുന്നു. ഡി വൈ എഫ് ഐയുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും അദ്ദേഹം ശോഭിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രക്ഷോഭങ്ങളില്‍ ഉരുകിതെളിഞ്ഞ കമ്മ്യൂണിസ്റ്റായ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൊടിയ പോലീസ് മര്‍ദ്ദനത്തിനിരയായി.
നാല് മാസം ജയിലിലുമായി. നേരത്തെ പത്തുവര്‍ഷം എം എല്‍ എയായി പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചിട്ടുണ്ട്. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയാണ് പതിനഞ്ചാം കേരള നിയമസഭയിലേക്ക് അദ്ദേഹം എത്തിയത്. 1969ല്‍ പാര്‍ടി അംഗമായ ഗോവിന്ദന്‍ മാസ്റ്റര്‍, 1980കളുടെ ആദ്യപകുതിയില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ കാസര്‍ഗോഡ് താലൂക്ക് സെക്രട്ടറിയായ അദ്ദേഹം ഉത്തരമലബാറിന് ചുവപ്പൻ അടിത്തറയുണ്ടാക്കി.
2002ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ഗോവിന്ദന്‍ മാസ്റ്റര്‍ പാർട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറിയായി ജില്ലയിലെ പാർട്ടിയെ ഒറ്റക്കെട്ടാക്കി ശക്തിപ്പെടുത്തി. 2006ല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റിലും 2018ല്‍ പാര്‍ടി കേന്ദ്രകമ്മറ്റിയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം സിപിഐ എംന്റെ കണ്ണൂര്‍ ജില്ലാ റെഡ് വളണ്ടിയര്‍ സേനയുടെ ക്യാപ്റ്റനും ഗോവിന്ദന്‍ മാസ്റ്ററായിരുന്നു.
കേരള സ്‌റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയൻ്റെ സംസ്ഥാന പ്രസിഡൻ്റായ ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തി. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുവാനുള്ള പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനത്തിലൂടെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തെ മുന്നില്‍ നിന്ന് നയിച്ചു. ആള്‍ ഇന്ത്യ അഗ്രികള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ദേശീയ വൈസ് പ്രസിഡന്റുമാണ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
സിപിഐ എമ്മിൻ്റെ ത്വാത്വിക പ്രചാരകനായ അദ്ദേഹം ഇ എം എസ് അക്കാദമിയുടെ ചുമതലക്കാരനാണ്. മാര്‍ക്‌സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്നു. കര്‍ഷക തൊഴിലാളി മാസികയുടെ ചീഫ് എഡിറ്ററായ എം വി ഗോവിന്ദന്‍ മാസ്റ്റർ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, സ്വത്വരാഷ്ട്രീയത്തെ പറ്റി, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിൻ്റെ ചരിത്രം, ആശയ സമരങ്ങളുടെ പശ്ചാത്തലത്തിൽ, കർഷക തൊഴിലാളി യൂണിയൻ ചരിത്രവും വർത്തമാനവും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നീ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിലെ മൊറാഴയില്‍ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രില്‍ 23 ന് ജനിച്ച എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യാപക ജോലി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തില്‍ സജീവമായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മറ്റി അംഗമായ ഭാര്യ പി കെ ശ്യാമളയും മക്കളായ ശ്യാംജിത്തും രംഗീതും മരുമകള്‍ സിനിയും പേരക്കുട്ടി വിഥാര്‍ത്ഥും ഉള്‍പ്പെടുന്നതാണ് എം വി ഗോവിന്ദന്‍ മാസ്റ്ററുടെ കുടുംബം.
ഇടതു കോട്ടയായ തളിപ്പറമ്പിൽ, സിറ്റിംഗ് എംഎൽഎ ജെയിംസ് മാത്യുവിന് പകരക്കാരനായാണ് കഴിഞ്ഞ വർഷം അദ്ദേഹം എത്തിയത്. 22,689 വോട്ടുകൾക്കായിരുന്നു ജയം. ജയിച്ച് മന്ത്രിസഭയിലെത്തിയ അദ്ദേഹം തദ്ദേശ സ്വയംഭരണ മന്ത്രി ചുമതലയിലാണ് നിയോഗിക്കപ്പെട്ടത്. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കാര്യക്ഷമതയിലോ പോരായ്മകൾ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലും സംഘടനാ രംഗത്തെ മികവ് സംസ്ഥാന സെക്രട്ടറി പദവിയിലേക്കെത്തിച്ചു.
നിലവില്‍ തളിപ്പറമ്പില്‍ നിന്നുള്ള എം.എല്‍.എയും രണ്ടാം പിണറായി സര്‍ക്കാരില്‍ തദ്ദേശ സ്വയംഭരണ-എക്സൈസ് മന്ത്രിയുമാണ് അദ്ദേഹം. പിണറായി സര്‍ക്കാര്‍ രണ്ടാം ടേം പൂര്‍ത്തിയാക്കുന്നതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി ദീര്‍ഘവീക്ഷണത്തോടെ നോക്കിക്കാണുന്ന നേതാവ് കൂടിയാണ് ഗോവിന്ദന്‍ മാസ്റ്റര്‍. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമനുമാണ് മുന്‍ കായികാധ്യാപകന്‍ കൂടിയായ ഗോവിന്ദന്‍ മാഷ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.