Mumbai: ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ഫോണ്‍ വിളി; കരുതലിന്റെ കൈയ്യൊപ്പുമായി മുംബൈയിലെ ലോക കേരളസഭാംഗങ്ങള്‍

മുംബൈയില്‍(Mumbai) ഉല്ലാസ് നഗറില്‍ താമസിക്കുന്ന വൃക്കരോഗം ബാധിച്ച മലയാളിക്കാണ് ഗുരുതരാവസ്ഥയില്‍ തുടര്‍ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോകുവാനുള്ള ആംബുലന്‍സ് സംവിധാനമൊരുക്കി നഗരത്തിലെ സുമനസുകള്‍ മാതൃകയായത്.

അസുഖബാധിതനായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴില്‍ നഷ്ടപ്പെട്ട മാവേലിക്കര സ്വദേശി ഗോപാലകൃഷ്ണന്‍ ഉല്ലാസ് നഗറിലെ സുഭാഷ്ടെക്കടിക്ക് സമീപമാണ് വാടകക്ക് താമസിക്കുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. കഴിഞ്ഞ മൂന്നു വര്‍ഷമായി വീട്ട് വാടക പോലും കൊടുക്കാന്‍ കഴിയാതെ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബം കെട്ടിട ഉടമയായ പഞ്ചാബിയുടെ ഔദാര്യത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടു ചിലവുകള്‍ക്കും കൈത്താങ്ങായത് പ്രദേശത്തെ മലയാളി സംഘടനകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ചെറിയ സഹായങ്ങളായിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന ഗോപാലകൃഷ്ണന്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ഉല്ലാസ നഗറിലെ സര്‍വ്വാനന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രണ്ടുവൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി. ഉടനെ തന്നെ ഡയാലിസിസിന് വിധേയമാക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് ഭരിച്ച ചികിത്സാ ചിലവ് താങ്ങാന്‍ കഴിയുമായിരുന്നില്ല. അങ്ങിനെയാണ് നാട്ടിലുള്ള ബന്ധുക്കള്‍ കോട്ടയം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് തുടര്‍ ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തു കൊടുത്തത്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ രോഗിയെ കേരളത്തിലേക്ക് കൊണ്ട് പോകുന്നതിന് ഓക്‌സിജന്‍ സംവിധാനങ്ങള്‍ അടക്കമുള്ള കാര്‍ഡിയാക് ആംബുലന്‍സ് തന്നെ വേണ്ടി വരുമെന്നത് മറ്റൊരു കടമ്പയായി. ഭാരിച്ച ചിലവ് വേണ്ടി വരുന്ന ഇത്തരം ആംബുലന്‍സുകളുടെ ലഭ്യതയും കുറവാണ്.

ഇവരുടെ കുടുംബ സുഹൃത്തായ സന്ധ്യ സുരേഷാണ് പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ പി കെ ലാലിയോട് കുടുംബത്തിന്റെ നിസ്സഹായാവസ്ഥ അറിയിക്കുന്നത്. എങ്ങിനെയെങ്കിലും കേരളത്തില്‍ എത്തിക്കാനുള്ള നടപടികള്‍ ഉടനെ വേണമെന്നായിരുന്നു ലാലിയോട് സന്ധ്യ ആവശ്യപ്പെട്ടത്.

ലാലി ഉടനെ തന്നെ കെയര്‍ ഫോര്‍ മുംബൈ എന്ന സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ടു. കുടുംബത്തിന്റെ പശ്ചാത്തലവും അടിയന്തിര സാഹചര്യവും വിവരിച്ചു. ആംബുലസിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പ്രസിഡന്റ് എം കെ നവാസ് ആവശ്യപ്പെട്ടതിന് പുറകെ സംഘടനയുടെ സെക്രട്ടറി പ്രിയ വര്‍ഗീസ് ആവശ്യമായ പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കി ഡിസ്ചാര്‍ജ് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ഒരു മണിക്കൂറിനകം ഗോപാലകൃഷ്ണനെയും വഹിച്ചുകൊണ്ട് ആംബുലന്‍സ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുമ്പോള്‍ മുംബൈയിലെ ലോക കേരളസഭാംഗങ്ങള്‍ കൂടിയായ പി കെ ലാലിയും, എം കെ നവാസും പ്രിയ വര്‍ഗീസും ചേര്‍ത്ത് വച്ചത് നന്മ വറ്റാത്ത മനസ്സുകളുടെ കരുതലിന്റെ കൈയ്യൊപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News