മഹാരാഷ്ട്രയിൽ കൂടുതൽ എംഎൽഎമാർ ഷിൻഡെ പക്ഷത്തേക്ക്; വെളിപ്പെടുത്തലുമായി മന്ത്രി സന്ദീപൻ ഭൂമാരേ

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അടിയൊഴുക്കുകൾ തുടരുകയാണ്. അക്കരപ്പച്ച തേടുന്ന എം എൽ എമാരാണ് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരന്തരം സമ്മർദ്ദത്തിലാക്കുന്നത്.

ഉദ്ധവ് താക്കറെ വിഭാഗത്തിലെ കൂടുതൽ എംഎൽഎമാർ വിമതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉടൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വിഭാഗത്തിൽ ചേരുമെന്നും വിമത ശിവസേന എംഎൽഎയും മന്ത്രിയുമായ സന്ദീപൻ ഭൂമാരേ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. അതേ സമയം അടുത്ത മന്ത്രിസഭാ വികസനത്തോടെ ഇടഞ്ഞു നിൽക്കുന്ന ഒരു ഡസനോളം വിമത എം എൽ എ മാർ ശിവസേനയിലേക്ക് തിരിച്ചു വരുമെന്നാണ് താക്കറെ പക്ഷവും അവകാശപ്പെടുന്നത്.

ഔറംഗബാദിലെ പൈതാനിൽ ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താക്കറെ പക്ഷത്തെ എംഎൽഎമാരിൽ ഒരാൾ മുഖ്യമന്ത്രി ഷിൻഡെയെ കണ്ടിരുന്നുവെന്ന് ഭൂമാരേ വെളിപ്പെടുത്തിയത്. ഉദ്ധവ് താക്കറെ വിഭാഗത്തിലെ പന്ത്രണ്ടോളം എം‌എൽ‌എമാരിൽ ഒരാളാണിതെന്നും മന്ത്രി ഭൂമാരേ വ്യക്തമാക്കി.

എന്നാൽ അടുത്തിടെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി താക്കറെ നിയമിച്ച അംബാദാസ് ദൻവെ, മന്ത്രി സന്ദീപൻ ഭൂമാരെയുടെ അവകാശവാദങ്ങളെ തള്ളി.

പൈതാനിലെ ഭൂമാരേയുടെ പരിപാടിയിൽ പങ്കെടുക്കാൻ 50 പേർ പോലും ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ കസേരകളായിരുന്നു മന്ത്രിയെ വരവേറ്റതെന്നും ദൻവെ പരിഹസിച്ചു. അതിനാൽ ഭൂമാരെ സ്വയം ശ്രദ്ധിക്കുന്നത് നല്ലതാണെന്നും ദാൻവെ കൂട്ടിച്ചേർത്തു.

ഔറംഗബാദ് ജില്ലയിലെ പൈതാനിൽ നിന്നുള്ള സേന എംഎൽഎയാണ് സന്ദീപൻ ഭൂമാരേ. അഞ്ച് തവണ എം.എൽ.എ ആയിട്ടുള്ള ഭൂമാരേമേഖലയിൽ പഞ്ചസാര ഫാക്ടറികൾ നടത്തുന്നുണ്ട്. എംവിഎ സർക്കാരിലും മന്ത്രിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel