പ്രതിഭ മക്കൾക്ക് അമ്മയാകും; സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷിന്റെ വിവാഹം ഇന്ന്

നിപ (Nipha) രോഗത്തെത്തുടർന്ന് അകാലത്തിൽ വിടപറഞ്ഞ സിസ്റ്റർ ലിനിയുടെ മക്കൾക്ക് അമ്മയായി മാറാൻ സജീഷിന്റെ ജീവിതത്തിലേക്ക് പ്രതിഭയെത്തുന്നു. ഇന്ന് വടകര ലോകനാർകാവ് ക്ഷേത്രത്തിലാണ് വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചെറിയ ചടങ്ങ് മാത്രമേയുള്ളൂ. കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയാണ് പ്രതിഭ.

സജീഷ് തന്നെയാണ് കഴിഞ്ഞ ദിവസം പ്രതിഭയും മക്കളുമൊന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ച് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ‘‘ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ്. റിതുലിനും സിദ്ധാർഥിനും അമ്മയും ചേച്ചിയുമായി ഇവരും കൂടെയുണ്ടാകും. എല്ലാവരുടെയും പ്രാർഥനകളും ആശംസകളും ഞങ്ങൾക്കൊപ്പം ഉണ്ടാകണം…” -സജീഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

2018-ൽ ലിനിയുടെ മരണശേഷം ബഹ്‌റൈനിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയ സജീഷിന് സർക്കാർ ആരോഗ്യവകുപ്പിൽ ജോലിനൽകിയിരുന്നു. പന്നിക്കോട്ടൂർ പി.എച്ച്.സി.യിൽ ക്ലാർക്കാണിപ്പോൾ.

ഇളയമകൻ സിദ്ധാർഥ് പാലുകുടിക്കുന്ന പ്രായത്തിലാണ് ലിനിയുടെ വേർപാടുണ്ടായത്. ഇപ്പോൾ സിദ്ധാർഥ്‌ ഒന്നിലും റിതുൽ നാലിലും പഠിക്കുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് വിവാഹത്തിന് ആശംസകളറിയിച്ചു. സജീഷ് വിളിച്ച് വിവാഹവിശേഷം പങ്കുവെച്ചുവെന്നും ലിനിയുടെ മക്കൾക്ക് അമ്മയെ ലഭിക്കുകയാണെന്നും ആശംസ നേർന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

അമ്മയായി പ്രതിഭ എത്തുന്നത് ലിനിയുടെ മക്കൾക്ക് സന്തോഷം നൽകുന്ന കാര്യമാകുമെന്നും കുടുംബത്തിന് എല്ലാ ആശംസയും നേരുന്നുവെന്നും മുൻ ആരോഗ്യമന്ത്രിയും എം.എൽ.എ.യുമായ കെ.കെ. ശൈലജ സന്തോഷം പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News