സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ യുപി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. കാപ്പനൊപ്പം അറസ്റ്റിലായ പ്രതികള്‍ക്ക് ദില്ലി കലാപത്തില്‍ പങ്കുണ്ടെന്നായിരുന്നു ഇന്ന് യു.പി സര്‍ക്കാരിന്റെ വാദം. സെപ്റ്റംബര്‍ 9ന് കേസ് തീര്‍പ്പാക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി.

വ്യക്തമായ ഒരു തെളിവും ഇല്ലാതെ 2020 ഒക്ടോബര്‍ 6 മുതല്‍ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജയിലിലടച്ചിരിക്കുകയാണെന്ന് കാപ്പന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെന്നാണ് യു.പി പൊലീസ് ആരോപണം. പോപ്പുലര്‍ ഫ്രണ്ട് ഇന്ത്യന്‍ നിരോധിത സംഘടനയല്ല. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഒരു പത്രത്തില്‍ മുമ്പ് സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്തിരുന്നു.

ഇപ്പോള്‍ ആ പത്രവുമായി ബന്ധമില്ലെന്നും കാപ്പന് വേണ്ടി സിബല്‍ വാദിച്ചു. കേസിലെ മറ്റ് പ്രതികളുടെ സാഹചര്യം വാദം കേള്‍ക്കുന്നതിനിടയില്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ആരാഞ്ഞു. ഒമ്പത് പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം കിട്ടിയതായും എട്ടുപേരുടെ ജാമ്യാപേക്ഷ അലഹാബാദ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കപില്‍ സിബല്‍ മറുപടി നല്‍കി.

ഗുരുതരമായ തെളിവുകളാണ് സിദ്ദിഖ് കാപ്പനെതിരെ ഉള്ളതെന്നായിരുന്നു യു.പി സര്‍ക്കാരിന്റെ വാദം. കാപ്പനൊപ്പം അറസ്റ്റിലായ പ്രതികളില്‍ ചിലര്‍ക്ക് ദില്ലി കലാപവുമായി ബന്ധമുള്ളവരാണെന്ന് യു.പി സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറള്‍ ഗരിമ പ്രസാദ് വാദിച്ചു. കേസില്‍ യു.പി സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി, സെപ്‌റംബര്‍ 9ന് കേസ് തീര്‍പ്പാക്കാമെന്ന് അറിയിച്ചു.

ഹാഥ്‌റസിലെ ബലാല്‍സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു 2020 ഒക്ടോബര്‍ 5ന് സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് മഥുരയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. യു.എ.പി.എ അടക്കം ചുമത്തി ജയിലടക്കുകയും ചെയ്തു. ജാമ്യം നിഷേധിച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News