SIIMA Awards: സൈമ അവാര്‍ഡ്‌സ്; നോമിനേഷനില്‍ ‘മിന്നല്‍ മുരളി’ ഒന്നാമത്, ‘കുറുപ്പ്’ രണ്ടാമത്

സൗത്ത് ഇന്ത്യയിലെ(South India) ഏറ്റവും വലുതും ഏറ്റവുമധികം ആളുകള്‍ കണ്ടതുമായ ചലച്ചിത്ര അവാര്‍ഡ് ഷോയായ സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്സിന്റെ (SIIMA) പത്താം പതിപ്പ് ബെംഗളൂരുവില്‍ വച്ച് നടക്കും. സെപ്റ്റംബര്‍ 10, 11 തീയതികളില്‍ ആണ് ഇത് നടക്കുന്നത്. ബെംഗളൂരു നഗരത്തില്‍ നടക്കാന്‍ പോകുന്ന ആദ്യത്തെ ബഹുഭാഷാ അവാര്‍ഡ്‌സ് ചടങ്ങെന്ന പ്രത്യേകത ഇതിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ ചടങ്ങില്‍ വച്ച് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ കലാസാങ്കേതിക രംഗങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ 2021ല്‍ കാഴ്ചവച്ചവര്‍ക്കായുള്ള പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും.

നാല് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങളെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരിക എന്നുള്ളതാണ് സൈമയുടെ ഏറ്റവും പ്രധാന ആശയം എന്ന് വാര്‍ത്താസമ്മേളനത്തില്‍ വച്ച് സൈമ ചെയര്‍പേഴ്‌സണ്‍ ബൃന്ദ പ്രസാദ് പറഞ്ഞു. താരങ്ങള്‍ പരസ്പരം അറിയും, മറ്റു താരങ്ങളുടെ സിനിമകള്‍ കാണും. എന്നിരുന്നാലും എല്ലാ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ഒത്തു ചേരാനും, പരിചയം പുതുക്കാനും, സൗഹൃദം പങ്കുവയ്ക്കാനും ഒരു പൊതു വേദി ഉണ്ടായിരുന്നില്ല. ഇന്ന്, എല്ലാ വര്‍ഷവും ഒരു കല്യാണം പോലെ, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര വ്യവസായം ഒന്നടങ്കം ഒരു കുടുംബം പോലെ ഒത്തുചേരുന്നു സൈമ അവാര്‍ഡ് ഷോയില്‍ വച്ച് . ഈ സംഗമം ഒരുക്കാന്‍ സാധിക്കുന്നതിലും ഇത് സുഗമമായി നടത്താന്‍ കഴിയുന്നതിലും തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും ബൃന്ദ പ്രസാദ് കൂട്ടിച്ചേര്‍ത്തു .

രണ്ടായിരത്തിപന്ത്രണ്ടില്‍ ആരംഭിച്ച സൈമ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര പ്രതിഭകളുടെ കലാ വൈദഗ്ധ്യം മാറ്റുരച്ച നിരവധി പ്രദര്‍ശനങ്ങള്‍ ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ക്വാലാലംപൂര്‍, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യാന്തര കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച്, നീണ്ട 10 വര്‍ഷങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ് ഇപ്പോള്‍ . ഇന്ത്യയ്ക്ക് പുറമെ വിദേശത്തുള്ള തെന്നിന്ത്യന്‍ സിനിമാ പ്രേമികളെയും പ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിച്ച ഒരു അവാര്‍ഡ് ഷോ ആണ് സൈമ.

വര്‍ഷങ്ങളായി സൈമയുമായി സഹകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രമുഖ നടന്‍ റാണ ദഗുബാട്ടി പറഞ്ഞു. സൈമ മുഴുവന്‍ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലകളെയും ഒരു കുടക്കീഴിലാക്കുകയും അതിനെ കഴിഞ്ഞ 10 വര്‍ഷങ്ങളായി ഭിന്നതകളില്ലാതെ ഒന്നായി കൊണ്ടുനടക്കുകയും ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സാഹോദര്യത്തോടെ ഒത്തു ചേരാനും ഒന്നായി പോകാനുമുള്ള ഒരു വേദി കൂടിയാണിത്. സൈമയില്‍ വച്ചാണ് താനും പൃഥ്വിരാജും സുഹൃത്തുക്കളായതെന്നും റാണ കൂട്ടിചേര്‍ത്തു .

മലയാളത്തില്‍, ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ 10 വിഭാഗങ്ങളിലായി മുന്നിട്ട് നില്‍ക്കുന്നു, ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് എട്ട് നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തും ഫഹദ് ഫാസിലിന്റെ ജോജിയും മാലിക്കും ആറ് നോമിനേഷനുകളുമായി മൂന്നാം സ്ഥാനത്തുമുണ്ട്. ഓണ്‍ലൈന്‍ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News