ഗോവിന്ദൻ മാഷ്ക്ക് അറിയാവുന്ന പണിയാണത് എന്ന് അദ്ദേഹത്തെ പരിചയമുള്ള ഒത്തിരി മനുഷ്യർ എന്നോട് പറയുന്നു; മാസ്റ്റർക്ക് അഭിവാദ്യങ്ങളുമായി കെ ജെ ജേക്കബ്.

സി പി എമ്മിന്റെ പുതിയ സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ നേര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്. ഗോവിന്ദൻ മാഷ്ക്ക് അറിയാവുന്ന പണിയാണത് എന്ന് അദ്ദേഹത്തെ പരിചയമുള്ള ഒത്തിരി മനുഷ്യർ എന്നോട് പറയുന്നുവെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

വളരെ ലളിതമായ ഒരു രാഷ്ട്രീയസത്യമാണ് 2021-ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വീണ്ടും ഭരണത്തിലെത്തിച്ചത്. പലകുറിയാവർത്തിച്ച ദുരന്തമുഖങ്ങളിൽ ഒറ്റപ്പെട്ടുപോകുമായിരുന്ന മനുഷ്യരിൽ അവസാനത്തെയാളെയും രക്ഷപ്പെടുത്താനുള്ള ശ്രമം അന്ന് ഇടതുപക്ഷ സർക്കാർ നടത്തി. മനുഷ്യാന്തസ്സ്‌ സംരക്ഷിക്കാൻ സമൂഹത്തെയാകെ അണിനിരത്തി നടത്തിയ വൻപോരാട്ടത്തിന്റെ ഓർമ്മയിലാണ് മനുഷ്യർ പോളിംഗ് ബൂത്തിലേക്ക് നടന്നത്. സത്യത്തിൽ ഒരു നന്ദിപ്രകടനമാണ് ചൂണ്ടുവിരലമർത്തി അവർ നടത്തിയത്.

സംഘികൾ, മലയാളി സംഘികളടക്കം, “കിറ്റുവാങ്ങി നക്കി വോട്ടുചെയ്യുന്ന കൂട്ടർ” എന്ന് ഇപ്പോഴും കേരളീയരെപ്പറ്റി പയ്യാരം പറയുന്നത് മനുഷ്യാന്തസ്സ്‌ എന്ന ഈ സങ്കല്പം അവർക്കു തീരെ പരിചയമില്ലാത്തതുകൊണ്ടാണ്. മനുഷ്യരെ അവരുടെ കേവല സ്വത്വത്തിലേക്കു ചുരുക്കി പരസ്പരം ദ്വേഷിപ്പിക്കുക. സമൂഹത്തിന്റെ ഫോൾട്ട് ലൈനുകളിൽ ആഞ്ഞടിച്ചു വിഭജിച്ചു അതിൽനിന്നു നേട്ടം കൊയ്യുക: വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഫോർമുല കൈകാര്യം ചെയ്യുക താരതമ്യേന എളുപ്പമാണ്.
എന്നാൽ ഇടതുപക്ഷത്തിന് രാഷ്ട്രീയമെന്നാൽ സഹോദരന്റെയും അയൽക്കാരനെയും അവരുടെ അന്തസ്സിന്റെയും കാവലാളാവുക എന്നതാണ്. അത് സത്യത്തിൽ കേവലമനുഷ്യ സ്വഭാവത്തിനെതിരാണ്. അത് അംഗീകരിക്കപ്പെടുക എന്നതിനേക്കാൾ പരിഹസിക്കപ്പെടുക എന്നതിനാണ് സാധ്യത കൂടുതൽ. നിരന്തരമായ സംവാദത്തിനൊടുവിലാണ് ഒരു സമൂഹം ഇടതുപക്ഷാശയങ്ങൾ സ്വീകരിക്കുക.

കേരളത്തിൽ ഇടതുരാഷ്ട്രീയത്തിന്റെ സ്വീകാര്യതയ്ക്കു ഈ സംവാദത്തിന്റെ ആനുകൂല്യമുണ്ടായിരുന്നു. സമീപകാലചരിത്രത്തിൽ ശ്രീനാരായണഗുരു മുതലിങ്ങോട്ടുള്ള നവോത്ഥാനമനുഷ്യർ നടത്തിയത് ഈ ചർച്ചയായിരുന്നു. “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്ന് നമ്പൂതിരിമാരുടെ സംഘടനാ മുദ്രാവാക്യം വിളിച്ച നാടാണിത്. മനുഷ്യൻ എന്ന ഏകകത്തിലെത്താൻ ഒരു സമൂഹം നടത്തിയ സമരങ്ങൾ!
***
ഈ സംവാദങ്ങളും സമരങ്ങളും ഏകദേശം ഇല്ലാതാവുകയും വിഡ്ഢിമനുഷ്യർ വട്ടംകൂടിയിരുന്നു അസംബന്ധങ്ങൾ എഴുന്നള്ളിക്കുന്ന വൈകുന്നേരങ്ങൾ നമ്മുടെ വീടുകൾ കൈയേറുകയും ചെയ്തിട്ടുണ്ട് ഇപ്പോൾ. അതിന്റെ പ്രായോജകരെ സംബന്ധിച്ചിടത്തോളം സഹോദരൻ എതിരാളിയാണ്; അയൽക്കാരൻ ശത്രുവും. സ്വന്തം ചരിത്രത്തോട് യുദ്ധം ചെയ്യുന്ന സമൂഹത്തിലേക്ക് ഇടതുപക്ഷാശങ്ങൾ പ്രചരിപ്പിക്കുക എന്നത് നൂറ്റമ്പതു കൊല്ലം മുൻപ് നവോത്‌ഥാന മനുഷ്യർ നേരിടേണ്ടിവന്ന വെല്ലുവിളിയ്ക്കു സമാനമാണ്.
എന്നുവച്ചാൽ,
ഭക്ഷണം കിട്ടാൻ വിഷമമുള്ള കാലത്തു ഭക്ഷ്യ കിറ്റ് എന്നാൽ ഓരോ മനുഷ്യന്റെയും അവകാശമാണ് എന്നും അതെത്തിക്കുക എന്നത് ഒരു അവിചാരിത സംഭവമല്ല, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ സ്വഭാവമാണ് എന്നും മനുഷ്യരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു.
അന്തിചർച്ച വാദകരും കൊട്ടാരം വിദൂഷകരും കൈയേറിയ വീട്ടകങ്ങൾ പരസ്പരം കരുതലിന്റെ രാഷ്ട്രീയം പറഞ്ഞു തിരികെപ്പിടിക്കേണ്ടിയിരിക്കുന്നു.
വാർത്തയെന്ന പേരിൽ വഷള് വർത്തമാനം വിൽക്കുന്ന മാധ്യമങ്ങളുടെ നാട്ടിൽ, അവയുടെ വരിക്കാരായി സ്വയം മാറ്റിയ ഇടതുപക്ഷക്കാർ ഉൾപ്പടെയുള്ള മലയാളികളെ, ഗൗരവസ്വഭാവമുള്ള രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിക്കേണ്ടിയിരിക്കുന്നു.
സ്വന്തം ചരിത്രത്തോട് നീതിപുലർത്താൻ മലയാളിക്ക് ഉത്തരവാദിത്തമുണ്ടെന്നു അയാളെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു. അയാളെക്കൊണ്ട് കൊള്ളാവുന്ന രാഷ്ട്രീയം പറയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പരിസരം ഉണ്ടാക്കേണ്ടിയിരിക്കുന്നു.
ഗോവിന്ദൻ മാഷ്ക്ക് അറിയാവുന്ന പണിയാണത് എന്ന് അദ്ദേഹത്തെ പരിചയമുള്ള ഒത്തിരി മനുഷ്യർ എന്നോട് പറയുന്നു.
***
സി പി എമ്മിന്റെ പുതിയ സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here