‘സെറീന സ്ലാം’ ; യുഎസ്‌ ഓപ്പൺ ടെന്നീസ്‌ ഇന്നുമുതൽ

സെറീന വില്യംസ് ഒരിക്കൽക്കൂടി ആർതർ ആഷെ സ്റ്റേഡിയത്തിൽ എത്തുന്നു. ഇത് അവസാനത്തേതാണ്. ഇനിയൊരു തിരിച്ചുവരവില്ല. ടെന്നീസിനോട് വിടചൊല്ലാനുള്ള സമയമായെന്ന് സെറീനതന്നെയാണ് പ്രഖ്യാപിച്ചത്.

യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ നാളെ പുലർച്ചെ നടക്കുന്ന ആദ്യറൗണ്ട് മത്സരത്തിൽ മോണ്ടിനെഗ്രോയുടെ ഡാങ്കോ കോവിനിച്ചാണ് സെറീനയുടെ എതിരാളി. ജയിച്ചു, മുന്നേറി കിരീടവുമായി മടങ്ങാനാണ് നാൽപ്പതുകാരിയുടെ സ്വപ്നം. പക്ഷേ, ആരോഗ്യം അനുവദിക്കുമെന്ന് അവർക്ക് ഉറപ്പില്ല. സഹോദരി വീനസ് വില്യംസുമായി ഡബിൾസിലും മത്സരിക്കുന്നുണ്ട്.

സെറീനയുടെ വിടവാങ്ങൽകൊണ്ടാണ് ഇന്നാരംഭിക്കുന്ന യുഎസ് ഓപ്പൺ ശ്രദ്ധേയമാകുന്നത്. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളാണ് അമേരിക്കക്കാരിക്ക്. 10 തവണ ഫെെനലിൽ കടന്നു. ആറുതവണ ചാമ്പ്യനായി. അവസാനമായി ഫെെനലിൽ കടന്നത് 2019ൽ.

പുരുഷവിഭാഗത്തിൽ മുൻ ചാമ്പ്യൻ നൊവാക് ജൊകോവിച്ചിന്റെ അഭാവമാണ് മറ്റൊരു സവിശേഷത. കോവിഡ് കുത്തിവയ്‌പ് സ്വീകരിക്കാത്തതിനാൽ ഈവർഷത്തെ രണ്ടാം ഗ്രാൻഡ് സ്ലാമാണ് സെർബിയക്കാരന് നഷ്ടമാകുന്നത്. ഇവിടെ ഒമ്പതുതവണ ജൊകോവിച്ച് ഫെെനലിൽ കടന്നു. മൂന്നുതവണ കിരീടം നേടി.

വനിതകളിൽ ബ്രിട്ടന്റെ യുവതാരം എമ്മ റഡുകാനുവാണ് നിലവിലെ ചാമ്പ്യൻ. പുരുഷന്മാരിൽ റഷ്യയുടെ ഡാനിൽ മെദ്-വെദെവും.
നാലുതവണ ചാമ്പ്യനായുള്ള റാഫേൽ നദാലിന് ഇത് സുവർണാവസരമാണ്. 22 ഗ്രാൻഡ് സ്ലാം കിരീടങ്ങളായി സ്പാനിഷുകാരന്.

മെദ്-വെദെവാണ് നദാലിന് വെല്ലുവിളി. സ്റ്റെഫനോസ് സിറ്റ്സിപാസ്, കാർലോസ് അൽകാരെസ് എന്നിവരാണ് പുരുഷ സിംഗിൾസിലെ മറ്റു പ്രധാന താരങ്ങൾ. വനിതകളിൽ റഡുകാനുവിനെ കൂടാതെ, സിമോണ ഹാലെപ്, നവോമി ഒസാക്ക, സബലേങ്ക എന്നിവരും രംഗത്തുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News