ബഹു. നിയമസഭാ സ്പീക്കര്‍ ഇന്ന് സഭയില്‍ നല്‍കിയ റൂളിംഗ്|MB Rajesh

സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി അയച്ച 2022-ലെ കേരള ലോക്ആയുക്ത (ഭേദഗതി) ബില്ലില്‍ ഭേദഗതിക്കായി ഓപ്പണ്‍ ചെയ്തിട്ടില്ലാത്ത മൂലനിയമത്തിലെ സെക്ഷനുകള്‍ക്ക് ഭേദഗതി നിര്‍ദ്ദേശിക്കപ്പെട്ടത് ക്രമപ്രകാരമല്ലെന്നു കാണിച്ച് ചട്ടം 303 പ്രകാരം
ഉന്നയിക്കപ്പെട്ട ക്രമപ്രശ്‌നങ്ങളിന്മേലുള്ള റൂളിംഗ്.

2022ആഗസ്റ്റ് 23-ാം തീയതി സഭയില്‍ അവതരിപ്പിക്കുകയും അന്നുതന്നെ ആഭ്യന്തര കാര്യങ്ങള്‍ സംബന്ധിച്ച പതിനാലാം സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കായി റഫര്‍ ചെയ്യുകയും ചെയ്ത 2022-ലെ കേരള ലോക്ആയുക്ത (ഭേദഗതി) ബില്ലിലൂടെ ഭേദഗതിക്കായി ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ 2, 6 എന്നീ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി ഭേദഗതി നിര്‍ദ്ദേശിച്ചത് ക്രമവിരുദ്ധവും ഇതുസംബന്ധിച്ച് മുന്‍കാലങ്ങളില്‍ ചെയറില്‍നിന്നും ഉണ്ടായിട്ടുള്ള റൂളിംഗുകള്‍ക്ക് വിരുദ്ധവുമാണെന്നാണ് ഇവിടെ ക്രമപ്രശ്‌നത്തിലൂടെ ഉന്നയിക്കപ്പെട്ടത്.
ബില്ലിന്റെ അവതരണസ്റ്റേജില്‍ ഭേദഗതിക്കായി ഓപ്പണ്‍ ചെയ്യാതിരുന്ന മൂലനിയമത്തിലെ രണ്ട് വകുപ്പുകള്‍ക്കു കൂടിയുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സബ്ജക്ട് കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടിലൂടെ ശിപാര്‍ശ ചെയ്യപ്പെടാനുള്ള സാഹചര്യം ബഹുമാനപ്പെട്ട നിയമം, വ്യവസായം, കയര്‍ വകുപ്പുമന്ത്രി ഇവിടെ വിശദീകരിക്കുകയുണ്ടായി.

ചെയര്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു. ആഗസ്റ്റ് 23-ാം തീയതി സഭയില്‍ അവതരിപ്പിച്ച 2022-ലെ കേരള ലോക്ആയുക്ത (ഭേദഗതി) ബില്ലിലൂടെ മൂലനിയമത്തിലെ 3, 5, 7, 14, 15 എന്നീ വകുപ്പുകളാണ് ഭേദഗതി ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സഭയിലും തുടര്‍ന്ന് സബ്ജ്ക്ട് കമ്മിറ്റിയിലും നടന്ന വിശദമായ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മൂലനിയമത്തിലെ 2, 6 എന്നീ വകുപ്പുകള്‍ കൂടി മറ്റ് വകുപ്പുകളോടൊപ്പം ഭേദഗതി ചെയ്യപ്പെടുന്നത് ഉചിതമായിരിക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സബ്ജ്ക്ട് കമ്മിറ്റി അപ്രകാരം തീരുമാനമെടുക്കുകയും സമിതി റിപ്പോര്‍ട്ടിലൂടെ അത് ശിപാര്‍ശ ചെയ്യുകയും ചെയ്തതായിട്ടാണ് ചെയര്‍ മനസ്സിലാക്കുന്നത്. സബ്ജക്ട് കമ്മിറ്റി തലത്തില്‍ അപ്രകാരമുള്ള ഒരു തീരുമാനം കൈക്കൊള്ളാനുണ്ടായ സാഹചര്യങ്ങളെ സംബന്ധിച്ച് ബഹുമാനപ്പെട്ട മന്ത്രി ഇവിടെ വിശദീകരിക്കുകയുണ്ടായി.

എന്നാല്‍ ഇവിടെ ക്രമപ്രശ്‌നമായി ഉന്നയിക്കപ്പെട്ട കാര്യം whether is proper or not എന്നാണ്; മാത്രവുമല്ല, ഇക്കാര്യത്തില്‍ മുന്‍ സ്പീക്കര്‍മാരുടെ റൂളിംഗിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.ബില്ലുകള്‍ പരിഗണിക്കുന്ന പാര്‍ലമെന്ററി കമ്മിറ്റികളെക്കുറിച്ച് ശക്തര്‍ ആന്റ് കൗള്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത് ഇനിപറയും പ്രകാരമാണ്.
”A Committee may amend and redraft a Bill completely, including the long title and the short title without changing its principle.
In regard to an amending Bill, amendments thereto are to be confined to the sections of the principle Act touched by the amending Bill, except in cases where the clauses of the Bill necessarily lead to amendment or modifications of any other sections which are intimately connected there with’ (ചാപ്റ്റര്‍ XXX, Page 887, Seventh Edition)
അതായത് ചില പ്രത്യേക സാഹചര്യങ്ങളില്‍ ഓപ്പണ്‍ ചെയ്യാത്ത വകുപ്പുകള്‍ക്ക് കൂടി ഭേദഗതികള്‍ നിര്‍ദ്ദേശിക്കുവാന്‍ ബില്ലുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്റിലെ ജോയിന്റ് കമ്മിറ്റികള്‍ക്കും സെലക്ട് കമ്മിറ്റികള്‍ക്കും അധികാരമുണ്ടെന്നാണ് ശക്തര്‍ ആന്റ് കൗള്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നത്.

ബില്ലില്‍ മൗലികമായ മാറ്റം വരുത്തുവാന്‍ സഭയ്ക്ക് അധികാരമുള്ളതുപോലെതന്നെ ചട്ടം 227 (2), 237 (2) എന്നിവ കൂട്ടി വായിച്ചാല്‍ ഇതേ അധികാരം സെലക്ട് കമ്മിറ്റിക്കും സബ്ജക്ട് കമ്മിറ്റിക്കും ഉണ്ടെന്നും ആ നിലയില്‍ ബില്ലില്‍ വരുത്തിയ മൗലിക മാറ്റങ്ങള്‍ ക്രമാനുസൃതമാണെന്നും സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമുള്ള 1994-ലെ കേരള തദ്ദേശാധികാര സ്ഥാപനങ്ങള്‍ (രൂപീകരണവും വോട്ടര്‍ പട്ടിക തയ്യാറാക്കലും) ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി സഭയില്‍ ഉയര്‍ന്ന ക്രമപ്രശ്‌നം തീര്‍പ്പാക്കിക്കൊണ്ട് റൂളിംഗ് ഉണ്ടായിട്ടുള്ള കാര്യം നിയമസഭ നടപടിക്രമവും കാര്യനിര്‍വ്വഹണവും എന്ന ഗ്രന്ഥത്തില്‍ വിശദീകരിച്ചിട്ടുണ്ട് (അധ്യായം XVI, Page 369, രണ്ടാം പതിപ്പ്).

ഇതിനെല്ലാം പുറമെ 1997 ഏപ്രില്‍ 8-ാം തീയതി നമ്മുടെ സഭ പാസ്സാക്കിയ 1997-ലെ കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (ഭേദഗതി) ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചതിനെത്തുടര്‍ന്ന് ബില്ലില്‍ ഉള്‍പ്പെടാത്ത മൂലനിയമത്തിലെ 15-ാം വകുപ്പിന് കൂടി ഭേദഗതി നിര്‍ദ്ദേശിച്ചുകൊണ്ടാണ് കമ്മിറ്റി, ബില്‍ സഭയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതും സഭ അന്തിമമായി ബില്‍ പാസ്സാക്കിയതും. അതിനാല്‍ ഇത്തരത്തില്‍ ബില്ലില്‍ ഓപ്പണ്‍ ചെയ്യാത്ത മൂലനിയമത്തിലെ വകുപ്പുകള്‍ക്ക് സബ്ജക്ട് കമ്മിറ്റി തലത്തില്‍ ഭേദഗതി നിര്‍ദ്ദേശം വരുന്നതിലും സഭ അത് പരിഗണിക്കുന്നതിലും ഏതെങ്കിലും തരത്തിലുള്ള അപാകം ഉള്ളതായി കാണുന്നില്ല. മുമ്പ് പല സന്ദര്‍ഭങ്ങളിലും ഈ രീതി നമ്മുടെ സഭയില്‍ അവലംബിച്ചിട്ടുള്ളതായി കാണുന്നതിനാല്‍ ഉന്നയിച്ച ക്രമപ്രശ്‌നം നിലനില്‍ക്കുന്നതല്ലെന്ന് റൂള്‍ ചെയ്യുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News