DYFI: ലഹരിക്കെതിരെ ‘ജനകീയ കവചം’ പ്രചരണഗാനം പുറത്തിറക്കി

ലഹരി വിരുദ്ധ കാമ്പയിനുമായി ഡി.വൈ.എഫ്‌ഐ. ലഹരിക്കെതിരെ ജനകീയ കവചം’ എന്ന കാമ്പയിന്റെ ഭാഗമായി പ്രചരണഗാനം പുറത്തിറക്കി

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി ‘ജനകീയ കവചം’ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ എത്തിയിരിക്കുന്നത്. കുട്ടികള്‍, യുവാക്കള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കിടയില്‍ വ്യാപകമാവുന്ന മയക്കുമരുന്ന് ഉപയോഗത്തിനും ലഹരി മാഫിയകള്‍ക്കുമെതിരെയും തുടര്‍ച്ചയായ ഇടപെടലാണ് ‘ജനകീയ കവച’ത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ജനകീയ സദസ്സുകള്‍ നടത്തി ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ 20 വരെ 2,500 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ജനകീയ സദസ്സുകളില്‍ സ്‌കൂള്‍ പിടിഎ, അധ്യാപകര്‍, പൊതുപ്രവര്‍ത്തകര്‍, വായനശാല, ക്ലബ് ഭാരവാഹികള്‍, ഭരണ രംഗത്തുള്ളവര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കും.

സെപ്തംബര്‍ 18ന് 25,000 കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. ലക്ഷക്കണക്കിനാളുകളെ പരിപാടിയില്‍ അണിനിരത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്ലാസുകളുമുണ്ടാവും. ലഹരി സംഘങ്ങളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ 2,500 സ്‌ക്വാഡുകള്‍ രൂപീകരിക്കും. രക്ഷിതാക്കളെയും ബന്ധപ്പെട്ട അധികൃതരെയും സമീപിച്ച് വേണ്ട ഇടപെടലുകള്‍ നടത്തും. ഓരോ പ്രദേശത്തും വളണ്ടിയര്‍മാരുമുണ്ടാകും. ആശുപത്രികളുമായി സഹകരിച്ച് ഡീഅഡിക്ഷന്‍ സെന്ററുകളും തുടങ്ങും.

പ്രചാരണത്തിനായി കലാ-കായിക മത്സരങ്ങള്‍, ഷോട്ട് ഫിലിം മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഇത്തരം മാഫിയകള്‍ക്കെതിരെ ഇടപെടല്‍ നടത്തിയതിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുന്ന സാഹചര്യമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിധിയില്‍ ഈയടുത്ത് ലഹരിമാഫിയക്കെതിരെ പ്രവര്‍ത്തിച്ചതിന് വീട്ടിലേക്ക് ബോംബെറിഞ്ഞിരുന്നു. ഇത്തരം സംഘങ്ങളെ നാട്ടില്‍നിന്ന് ഒറ്റപ്പെടുത്താന്‍ ജനങ്ങളെ അണിനിരത്തേണ്ടതുണ്ടെന്നും വി കെ സനോജ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here