Atham: അത്തമെത്തി; വടക്കുംനാഥന്റെ നടയില്‍ വിരിഞ്ഞത് ഭീമന്‍ പൂക്കളം

അത്തത്തെ(Atham) വരവേറ്റ് വടക്കുംനാഥന്റെ തെക്കേ നടയില്‍ ഭീമന്‍ പൂക്കളം വിരിഞ്ഞു. തൃശൂര്‍(Thrissur) തേക്കിന്‍കാടിലെ സായാഹ്ന സൗഹൃദ കൂട്ടായ്മയാണ് പൂക്കളം ഒരുക്കിയത്. 1500 കിലോ പൂക്കള്‍ ഉപയോഗിച്ച് 60 അടി വ്യാസത്തിലാണ് പൂക്കളം തയ്യാറാക്കിയത്.

അത്തം പുലരുമ്പോള്‍ വടക്കുംനാഥന്റെ തെക്കേ ഗോപുര നടയിലേക്ക് ആളുകള്‍ ഒഴുകിയെത്തും. പൂരത്തിന് വര്‍ണ്ണങ്ങളുടെ മത്സരമായി കുടമാറ്റം നടക്കുന്ന തെക്കേ നടയില്‍ ഈ ദിവസം വിരിയുന്നത് സൗഹൃദത്തിന്റെ വര്‍ണ്ണങ്ങളാണ്. തൃശൂര്‍ തേക്കിന്‍കാട്ടില്‍ ഒത്തുചേരുന്ന സായാഹ്ന സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഭീമന്‍ പൂക്കളത്തിന് ചരിത്രത്തില്‍ ഇടമുണ്ട്. പുലര്‍ച്ചെ 5 മണിക്ക് ആരംഭിച്ച പൂക്കളത്തിന്റെ നിര്‍മ്മാണം 10 മണിയോടെയാണ് പൂര്‍ത്തിയായത്. കൂട്ടായ്മയിലെ 100 ലധികം അംഗങ്ങള്‍ പൂക്കളം ഒരുക്കാന്‍ എത്തി.

സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഭീമന്‍ പൂക്കളം ഒരുക്കാന്‍ തുടങ്ങിയിട്ട് പതിനഞ്ചാണ്ട് പിന്നിട്ടു. കൊവിഡ് പ്രതിന്ധയിലും പ്രതീകാത്മകമായി പൂക്കളം ഒരുക്കാന്‍ ഇവര്‍ മറന്നില്ല. നിയന്ത്രണങ്ങള്‍ അവസാനിച്ച ഈ വര്‍ഷം ഭീമന്‍ പൂക്കളം നാട്ടുകാര്‍ക്കും ആവേശമായി.പൂക്കളം കാണാനും സെല്‍ഫി എടുക്കാനും നിരവധി പേരാണ് ഈപ്പോഴും ഇവിടേയ്ക്ക് എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here