Pinarayi Vijayan: ഗാന്ധിജയന്തി ദിനം ലഹരി വിരുദ്ധ ദിനമായി ആചരിക്കും: മുഖ്യമന്ത്രി

ഗാന്ധിജയന്തി ദിനം(Gandhi Jayanthi) ലഹരി വിരുദ്ധ ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന് ഏകോപനവും സംഘടിതവുമായ രീതി ഉണ്ടാകണം. ഇതിന് വ്യക്തമായ രൂപരേഖ തയ്യാറാക്കും. തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ സമിതികള്‍ രൂപീകരിക്കുമെന്നും സെപ്റ്റംബര്‍ മാസത്തില്‍ ഇതിനുള്ള കരട് രൂപരേഖ തയ്യാറാക്കുമെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി.

കൂടാതെ, എക്‌സൈസ് ഓഫീസുകളില്‍ ലഹരി ഉപയോഗം സംബന്ധിച്ച കണ്‍ട്രോള്‍ റൂമുകളും ആരംഭിക്കും. ലഹരിമുക്ത സമൂഹം ആയി കേരളത്തെ മാറ്റുന്നതിന് എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ലഹരി ഉപഭോഗവും വ്യാപാരവും സമൂഹത്തില്‍ കുറേക്കാലമായി ഭീഷണിയായി വളര്‍ന്നിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ലഹരി ഉപയോഗത്തില്‍ വര്‍ദ്ധനയും പുതിയ രീതികളും ഉണ്ടാകുന്നുണ്ട്. അത് സംസ്ഥാനത്തോ നമ്മുടെ രാജ്യത്തോ മാത്രം ഒതുങ്ങുന്ന വിഷയമല്ല. ഈ ലഹരിയുടെ പ്രശ്നം സംസ്ഥാന സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. സമീപനാളുകളില്‍ ലഹരിക്കടത്തും വില്‍പ്പനയും പിടിക്കപ്പെടുന്നതിന്റെ അളവ് വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപിതമായ പരിശ്രമത്തിന്റെ ഫലമായാണ്. എക്സൈസ്, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ലഹരിമരുന്നു വേട്ട നടത്തുന്നുണ്ട്.

ലഹരി ഉപഭോഗം സംബന്ധിച്ച് 2020ല്‍ 4,650 ഉം 2021 ല്‍ 5,334 ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022 ല്‍ ആഗസ്റ്റ് 29 വരെയുള്ള കണക്കുപ്രകാരം 16,128 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020 ല്‍ 5,674 പേരെയും 2021 ല്‍ 6,704 പേരെയും അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ 17,834 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. വ്യാപാരാവശ്യത്തിനായി എത്തിച്ച 1,340 കിലോഗ്രാം കഞ്ചാവും 6.7 കിലോഗ്രാം എം.ഡി.എം.എയും 23.4 കിലോഗ്രാം ഹാഷിഷ് ഓയിലും ഈ വര്‍ഷം പിടിച്ചെടുത്തു. നേരത്തെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കില്‍ സിന്തറ്റിക് – രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവുമാണ് നിലവിലെ വലിയ ഭീഷണി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ലഹരിമരുന്നുകള്‍ എത്തിച്ചേരുന്നു. അങ്ങനെയുള്ള കേസുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

എന്‍ഫോഴ്സ്മെന്റ് മാത്രമല്ല വിവിധ ജനവിഭാഗങ്ങളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏകോപിത സമീപനമാണ് ഈ വിപത്ത് തടയാന്‍ ആവശ്യം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News