Mikhail Gorbachev: മിഖായേല്‍ ഗോര്‍ബച്ചേവിന് വിട

യുഎസ്എസ്ആറിന്റെ അവസാനത്തെ പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ്(Mikhail Gorbachev) അന്തരിച്ചു. മോസ്‌കോയില്‍ വച്ചായിരുന്നു അന്ത്യം. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വഴിവച്ച ഗ്ലാസ്‌നോസ്ത്, പെരിസ്‌ട്രോയിക്ക എന്നീ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ച നേതാവാണ് ഗോര്‍ബച്ചേവ്.

കമ്യൂണിസത്തില്‍ നിന്ന് നിന്ന് സോഷ്യല്‍ ഡെമോക്രസിയിലേക്കുള്ള സ്വന്തം രാഷ്ട്രീയ വഴിത്തിരിവിനെ താന്‍ അഭിമാനത്തോടെ കൊണ്ടുനടന്ന രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയത്തിലേക്ക് പറിച്ചുനട്ടയാള്‍. അതിലൂടെ ആ രാഷ്ട്രത്തെ തകര്‍ച്ചയിലേക്ക് നയിച്ച നേതാവ്. മിഖായേല്‍ ഗോര്‍ബച്ചേവ് വിടവാങ്ങുമ്പോള്‍ അത്, രാഷ്ട്രീയത്തിന്റെ നേര്‍രേഖയില്‍ ഇടതുനിന്ന് വലത്തേക്ക് പോകുമ്പോള്‍ ആദരവും വലത്തുനിന്ന് ഇടത്തോട്ടുള്ള യാത്രയില്‍ വിമര്‍ശനവും പിടിച്ചുപറ്റിയ രാഷ്ട്രീയക്കാരന്റെ അസ്തമനമാകുന്നു.

1985ല്‍ ചെര്‍ണെങ്കോയ്ക്ക് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് സോവിയറ്റ് യൂണിയനെ നയിച്ച ജനറല്‍ സെക്രട്ടറിയായിരുന്നു ഗോര്‍ബച്ചേവ്. 1990മുതല്‍ ഒന്നരവര്‍ഷക്കാലത്തോളം യുഎസ്എസ്ആറിന്റെ പ്രസിഡന്റും. സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്കുള്ള വികസനവഴിയില്‍ നേരിട്ട രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്ന് നിര്‍മിക്കുകയായിരുന്നു ഗോര്‍ബച്ചേവിന്റെ ലക്ഷ്യം. പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്തും പ്രതിസന്ധി മറികടക്കാനുള്ള ചികിത്സാപദ്ധതിയായി അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ ചികിത്സ തീരുമാനിച്ച വൈദ്യന് തെറ്റി.

ഓപ്പണ്‍ മാര്‍ക്കറ്റ് തീരുമാനവും ജനാധിപത്യം വിപുലമാക്കാനുള്ള പദ്ധതികളും പാളി. സോഷ്യലിസ്റ്റ് ജനാധിപത്യത്തില്‍ നിന്ന് ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്കും സോവിയറ്റ് യൂണിയനില്‍ നിന്ന് റഷ്യയിലേക്കും ചുരുങ്ങി. ജോര്‍ജിയയും യുക്രൈനുമടക്കം രാഷ്ട്രീയബന്ധം വിച്ഛേദിച്ച് വ്യത്യസ്ത രാഷ്ട്രങ്ങളായി മാറി. യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്‌സ് എന്ന മഹാരാഷ്ട്രം തകര്‍ന്നു. തൊഴിലാളി വര്‍ഗത്തിന്റെ ശാക്തികചേരിക്ക് കോട്ടംതട്ടി. ഉദാരവത്കരണമെന്ന സാമ്രാജ്യത്വസ്വപ്നത്തിന് എളുപ്പവഴിയായി. ശീതസമരം അവസാനിപ്പിച്ചുവെന്ന പേരില്‍ നൊബേല്‍ സമ്മാനം നല്‍കിയാണ് പാശ്ചാത്യലോകം ഗോര്‍ബച്ചേവിന് ആദരം നല്‍കിയത്.

പിന്നീട് വിഖ്യാതസംവിധായകന്‍ വെര്‍ണര്‍ ഹെര്‍സോഗിന്റെ ക്യാമറക്ക് മുന്നില്‍ വന്ന് അന്നത്തെ സഹസഖാവ് ബോറിസ് യെല്‍സീന് നേരെ ആരോപണങ്ങളുയര്‍ത്തി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കായി കൊതിയോടെ കാത്തിരുന്നവരെന്ന് വിമര്‍ശിച്ചു. അത് കാണാതെ പോയതില്‍ കുറ്റസമ്മതം നടത്തി. ചരിത്രപരമായ രാഷ്ട്രീയ വെളിപ്പെടുത്തലിന്റെ തനിപ്പകര്‍പ്പായിമാറി മീറ്റിങ് ഗോര്‍ബച്ചേവ് എന്ന ഡോക്യുമെന്ററി.

91ആം വയസ്സില്‍ മോസ്‌കോയില്‍ വെച്ചാണ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അന്ത്യം. ഗോര്‍ബച്ചേവിന്റെ നിര്യാണത്തില്‍ വ്‌ലാദിമിര്‍ പുടിനടക്കം നിരവധി ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here