വഖഫ് ബോര്‍ഡ് നിയമനം PSC ക്ക് വിട്ട തീരുമാനം റദ്ദാക്കും

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട തീരുമാനം റദ്ദാക്കാൻ മന്ത്രിസഭായോഗ തീരുമാനം. റദ്ദാക്കുന്നതിനുള്ള കരടു ബില്ല് മന്ത്രിസഭ അംഗീകരിച്ചു. ബില്ല് നാളെ നിയമസഭയിൽ അവതരിപ്പിക്കും. വി‍ഴിഞ്ഞത്ത് ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്ന 335 കുടുംബങ്ങൾക്ക് പ്രതിമാസം 5500 രൂപ വീതം വീട്ടു വാടകയായി നൽകും. കോമൺവെൽത്ത് ഗെയിംസ് ജേതാക്കൾക്കുള്ള പാരിതോഷികവും മന്ത്രിസഭ യോഗം പ്രഖ്യാപിച്ചു.

വഖഫ് നിയമനം പി എസ് സിയ്ക്ക് വിട്ട തീരുമാനത്തിൽ മുസ്ലീം സമുദായത്തിന്‍റെ ആശങ്കകൾ പരിഹരിച്ചു കൊണ്ടുള്ള തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് മന്ത്രിസഭാ യോഗം നിയമനം പി എസ് സിയ്ക്ക് വിട്ട തീരുമാനം റദ്ദാക്കാൻ തീരുമാനിച്ചത്. ഇതിനായി തീരുമാനം റദ്ദാക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയിൽ ബില്ല് അവതരിപ്പിക്കും. ഇതിന് മുന്നോടിയായി കക്ഷി നേതാക്കളുടെ യോഗവും ചേരും.

വിഴിഞ്ഞം സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾക്കും മന്ത്രിസഭ അംഗീകാരം നൽകി. ദുരിതാശ്വാസ ക്യാമ്പിൽ ക‍ഴിയുന്ന 335 കുടുംബങ്ങൾക്ക് മാസം 5500 രൂപ വീതം വീട്ടു വാടക നൽകും. മുട്ടത്തറയിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നും ഏറ്റെടുത്ത സ്ഥലത്ത് ഫ്ലാറ്റ് നിർമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. സമയബന്ധിതമായി ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കാനും തീരുമാനം.

കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ എൽദോസ് പോളിന് 20 ലക്ഷം രൂപ പാരിതോഷികം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വെള്ളി മെഡൽ  നേടിയ  അബ്ദുള്ള അബുബക്കർ, എം ശ്രീശങ്കർ, പി ആർ ശ്രീജേഷ്, ട്രെസ്സ ജോളി, ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ ജേതാവായ നിഹാൽ  സരിൻ എന്നിവർക്ക് 10 ലക്ഷം രൂപ വീതവും അനുവദിക്കും.  നേരിയ വ്യത്യാസത്തിന് മെഡൽ നഷ്ടമായെങ്കിലും ചെസ് ഒളിമ്പിക്സിൽ  ശ്രദ്ധേയപങ്കാളിത്തം കാഴ്ചവച്ച  എസ് എൽ നാരായണന് 5 ലക്ഷം രൂപയും പാരതോഷികമായി അനുവദിച്ചു. എൽദോസ്  പോൾ , അബ്ദുള അബൂബക്കർ , എം ശ്രീശങ്കർ, ട്രെസ്സ ജോളി എന്നിവർക്ക് സ്പോർട്ട്സ് ക്വാട്ട നിയമനത്തിന് മറ്റിവെച്ച 50 തസ്തികകളിൽ നിന്ന് നാല് ഒഴിവുകൾ നീക്കി വെച്ച് നിയമനം നൽകാനും തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here