Gopinath Muthukad: നിയമസഭാംഗങ്ങൾക്ക് മുമ്പിൽ ഇന്ദ്രജാലവിസ്മയമൊക്കി ഭിന്നശേഷിക്കുട്ടികൾ

കലകളില്‍ സമഗ്രാധിപത്യം തെളിയിച്ച് മന്ത്രിമാരെയും നിയമസഭ സമാജികരെയും വിസ്മയപൂര്‍ണമാക്കി ഗോപിനാഥ് മുതുകാടിന്റെ ( Gopinath Muthukad)  ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാഷ്‌ട്രപതി ദ്രൗപദിമുർമുവിനെ സന്ദർശിച്ചു മടങ്ങിയെത്തിയ ഭിന്നശേഷികുട്ടികളെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് എംപവറിംഗ് വിത്ത് ലൗ എന്ന പരിപാടിയിലൂടെ കാണികളെ വിസ്മയിപ്പിച്ച പ്രകടനം നടന്നത്.

ഇന്ദ്രജാലവും നൃത്തവും സംഗീതവുമൊക്കെ തങ്ങള്‍ക്കും പരിപൂര്‍ണതയോടെ വഴങ്ങുമെന്ന് തെളിയിച്ച പ്രകടമായിരുന്നു ഇന്നലെ നിയമസഭ ഹാളിൽ അരങ്ങേറിയത്. സെറിബ്രൽപാൾസി ബാധിച്ച വിഷ്ണുവും കേള്‍വി പരിമിതരായ അപര്‍ണയും ആര്‍ദ്രയും അവതരിപ്പിച്ച ഇന്ദ്രജാല വിസ്മയങ്ങള്‍ കാഴ്ചക്കാരെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. ഒന്നിനോടൊന്ന് മികച്ച പ്രകടനങ്ങളായിരുന്നു കുട്ടികളുടേത്. കുട്ടികളുടെ പ്രകടനത്തിനൊടുവില്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്നു ആദരവ് പ്രകടിപ്പിച്ചു.

ഭിന്നശേഷിക്കുട്ടികളുടെ പ്രകടനം സ്പീക്കർ എം. ബി രാജേഷ് ഉദ്‌ഘാടനം ചെയ്തു. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭ സെക്രട്ടറി എ.എം ബഷീർ, മുൻ മന്ത്രിമാർ, എം.എൽ.എമാർ എന്നിവര്‍ പങ്കെടുത്തു.

ആദര്‍ശ് മഹേന്ദ്രന്‍, അമല്‍ അജയകുമാര്‍, അനീഷ് എസ്., അപര്‍ണ പി.എല്‍, അപര്‍ണ സുരേഷ്, അരവിന്ദ് എസ്.എസ്, ആര്‍ദ്ര അനില്‍, എല്‍ദോ കുര്യാക്കോസ്, ഹരികൃഷ്ണന്‍ റ്റി, കരിഷ്മ എ, കാശിനാഥ്.എം, ലിസാന്‍ ലജ്‌വര്‍ദ്ധ് എന്‍.എന്‍, മുഹമ്മദ് ഇര്‍ഫാന്‍, രാഹുല്‍ കെ.ജി, രാഹുല്‍ പി.ആര്‍, രാഹുല്‍രാജ് ആര്‍.എം, രുക്സാന അന്‍വര്‍, ഷിജു ബി.കെ, ശ്രീകാന്ത് എസ്.എസ്, വിഷ്ണു.ആര്‍ എന്നിവരെ സ്പീക്കറും മന്ത്രിമാരും ചേർന്ന് മെമെന്റോ നൽകി ആദരിച്ചു.

ഇന്ദ്രജാല പരിശീലനത്തിലൂടെ കുട്ടികളുടെ സൈക്കോ മോട്ടോര്‍ തലങ്ങളിലുള്ള വികാസം ലക്ഷ്യംവെച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടപ്പിലാക്കിയ പ്രത്യേക മൊഡ്യൂളിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് സെന്ററിന് നേതൃത്വം കൊടുക്കുന്ന ഗോപിനാഥ് മുതുകാട് പറഞ്ഞു. ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് പരിപാടി അവതരിപ്പിക്കാനായി എത്തിയത്.
ആദിയുഷ സന്ധ്യപൂത്തതിവിടെ എന്ന ഗാനത്തോടെയാണ് ഭിന്നശേഷിക്കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിച്ചത്. ഒട്ടേറെ ശ്രദ്ധയും മെയ് വഴക്കവും വേഗതയും വേണ്ട ജാലവിദ്യകളൊക്കെ പരിപൂര്‍ണതയോടെ കുട്ടികള്‍ അവതരിപ്പിച്ചു.

അമല്‍ അജയകുമാര്‍ തന്റെ അമ്മയെ ചേര്‍ത്ത് നിര്‍ത്തി, അമ്മയ്ക്കായി പാടിയ അമ്മമഴക്കാറിന് കണ്‍ നനഞ്ഞു എന്ന ഗാനം നിറകണ്ണുകളോടെയാണ് ഏവരും സ്വീകരിച്ചത്. ഡിഫറന്റ് ആര്‍ട്ട് സെന്ററിലേയ്ക്ക് വരുമ്പോള്‍ തന്റെ മകന് വാക്കുകള്‍ കൃത്യമായി പറയുവാന്‍ കഴിയുമായിരുന്നില്ല. ഇന്ന് ഈ വേദിയില്‍ ഒരു പിഴവു പോലും കൂടാതെ പാട്ടുപാടാന്‍ കഴിഞ്ഞത് അവന്റെയും എന്റെയും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്ന് അമലിന്റെ അമ്മ നിറകണ്ണുകളോടെ പറയുമ്പോള്‍ സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്ന് കയ്യടിച്ചു. കരിഷ്മയും അമ്മ ഫാത്തിമയും ചേർന്ന് അവതരിപ്പിച്ച കൃഷ്ണനൃത്തം, റുക്‌സാനയുടെ വയലിന്‍ വാദനവും കാഴ്ച പരിമിതനായ ശ്രീകാന്തിന്റെ ശങ്കരാഭരണത്തിലെ ശങ്കരാ എന്ന സെമി ക്ലാസിക്കല്‍ ഗാനവും എല്‍ദോയുടെ ഫിഗര്‍ ഷോയുമൊക്കെ കാണികളുടെ മനം കവര്‍ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel