Narendra Modi:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും

പ്രധാനമന്ത്രി നരേന്ദ്രമോദി(Narendra Modi) ഇന്ന് കൊച്ചിയിലെത്തും(Kochi). ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറുന്ന ചടങ്ങില്‍ പങ്കെടുക്കും. കൊച്ചി മെട്രോയുടെ പേട്ട – എസ് എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം ചെയ്യും. എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. വിവരങ്ങളുമായി ഉമേഷ്.

ഇന്ന് വൈകിട്ട് നാല് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസങ്ങളിലായി സുപ്രധാനമായ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറുന്നതാണ് പ്രധാന പരിപാടി. നാളെ നാവികാസേനാ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് നാവികസേനയുടെ പുതിയ പതാകയും പ്രകാശനം ചെയ്യും. പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെ ബിജെപി പൊതുയോഗത്തിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ശൃംഗേരി മഠത്തില്‍ സന്ദര്‍ശനം നടത്തും.

വൈകിട്ട് 6 മണിയോടെ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന് നിര്‍വ്വഹിക്കും. കൊച്ചിമെട്രോയുടെ പേട്ട- എസ്എന്‍ ജംഗ്ഷന്‍ പാത ഉദ്ഘാടനം, ഇന്‍ഫോ പാര്‍ക്ക് രണ്ടാം ഘട്ട പ്രഖ്യാപനവും നടത്തും. കൂടാതെ എറണാകുളം സൗത്ത്, നോര്‍ത്ത്, കൊല്ലം എന്നീ റയില്‍വെ സ്റ്റേഷനുകളുടെ നവീകരണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ഏറ്റുമാനൂര്‍-ചിങ്ങവനം ഇരട്ടിപ്പിച്ച പാതയും വൈദ്യുതീകരിച്ച കൊല്ലം-പുനലൂര്‍ സെക്ഷനും വിവിധ മെമു സര്‍വീസുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും രണ്ട് ദിവസങ്ങളിലായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് 3.30 മുതല്‍ രാത്രി 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡ് ഗതാഗതം അനുവദിക്കില്ല. രണ്ടാം തീയതി രാവിലെ 10 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News