ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി വിവാഹത്തെ പുതുതലമുറ കാണുന്നു;വിവാഹമോചനത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി|High Court

വിവാഹമോചനക്കേസിൽ ശ്രദ്ധേയ നിരീക്ഷണങ്ങളുമായി ഹൈക്കോടതി.ഉപഭോക്തൃ സംസ്ക്കാരം വിവാഹബന്ധങ്ങളെ ബാധിച്ചുവെന്ന് ഡിവിഷന്‍ബെഞ്ചിന്‍റെ നിരീക്ഷണം. ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായി വിവാഹത്തെ പുതുതലമുറ കാണുന്നുവെന്നും കോടതി നിരീക്ഷിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശി നൽകിയ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. ഭാര്യയെന്നാൽ എന്നെന്നേയ്ക്കുമായി ആശങ്ക ക്ഷണിച്ചു വരുത്തുന്നവൾ എന്നതാണ് പുതുതലമുറയിലെ പലരുടെയും ചിന്താഗതി.ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ്പലരും  വിവാഹത്തെ കാണുന്നത്. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്ക്കാരം വിവാഹബന്ധങ്ങളെ ബാധിച്ചു.

ദുർബലവും സ്വാർത്ഥവുമായ കാര്യങ്ങൾക്കും വിവാഹേതര ബന്ധങ്ങൾക്കുമായി വിവാഹബന്ധം തകർക്കുന്നതാണ് നിലവിലെ പ്രവണത.എന്നിങ്ങനെ പോകുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു. എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കേരളത്തില്‍ വര്‍ദ്ധിച്ചുവരികയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹമോചിതരും, ഉപേക്ഷിക്കപ്പെട്ട കുട്ടികളും ജനസംഖ്യയില്‍ ഭൂരിപക്ഷമായാല്‍ അത് സമൂഹത്തിന്റെ ശാന്തതയെ ബാധിക്കുകയും, വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യുമെന്നും ജസ്റ്റിസ് മുഹമ്മദ് മുസ്താഖ്,ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.

വിവാഹമോചനം ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജി ആലപ്പുഴ കുടുംബക്കോടതി നേരത്തെ തള്ളിയിരുന്നു.ഇതെത്തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു യുവാവ് വിവാഹമോചനത്തിന് അനുമതി തേടി കോടതിയെ സമീപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News