ആദിവാസി ജനസമൂഹത്തോടുള്ള ക്രൂരതകള്‍ക്ക് മറയിടാന്‍ ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതിപദം പോലുള്ള പ്രതീകങ്ങള്‍ക്കാകുന്നില്ല | JOHNBRITTASMP

ആദിവാസി ജനസമൂഹത്തോടുള്ള ക്രൂരതങ്ങള്‍ക്ക് മറയിടാന്‍ ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ ( Droupadi Murmu)  രാഷ്ട്രപതിപദം പോലുള്ള പ്രതീകങ്ങള്‍ക്കാകുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി (John Brittas ) . 10 കോടിയോളം വരുന്ന ആദിവാസി ജനസമൂഹത്തോടുള്ള ആദരവ് എന്ന നിലയ്ക്കാണ് ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതിപദത്തിലേയ്ക്കുള്ള പ്രയാണത്തെ കേന്ദ്ര ഭരണകക്ഷി നോക്കി കണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

ആദിവാസി ജനസമൂഹത്തോടുള്ള ക്രൂരതകള്‍ക്ക് മറയിടാന്‍ ഇത്തരത്തിലുള്ള പ്രതീകങ്ങള്‍ കൊണ്ട് കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് ജാര്‍ഖണ്ഡില്‍ കണ്ടതെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് ബിജെപിയുടെ വനിതാ നേതാവായ സീമാ പാത്ര കാണിച്ച ക്രൂരതകള്‍ വ്യക്തമാക്കിക്കൊണ്ടായിരുന്നു ജോണ്‍ ബ്രിട്ടാസ് എം പിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കുറിപ്പിന്റെ പൂര്‍ണരൂപം:

10 കോടിയോളം വരുന്ന ആദിവാസി ജനസമൂഹത്തോടുള്ള ആദരവ് എന്ന നിലയ്ക്കാണ് ശ്രീമതി ദ്രൗപതി മുര്‍മുവിന്റെ രാഷ്ട്രപതിപദത്തിലേയ്ക്കുള്ള പ്രയാണത്തെ കേന്ദ്ര ഭരണകക്ഷി നോക്കി കണ്ടത്. എന്നാല്‍ ആദിവാസി ജനസമൂഹത്തോടുള്ള ക്രൂരതകള്‍ക്ക് മറയിടാന്‍ ഇത്തരത്തിലുള്ള പ്രതീകങ്ങള്‍ കൊണ്ട് കഴിയില്ല എന്ന യാഥാര്‍ത്ഥ്യമാണ് ജാര്‍ഖണ്ഡില്‍ കണ്ടത്.

വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് ബിജെപിയുടെ വനിതാ നേതാവായ സീമാ പാത്ര കാണിച്ച ക്രൂരതകള്‍ ആരുടെയും മനസ്സുലയ്ക്കും. ‘ജോലിക്കാരി സുനിതയെ എട്ടു വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. അവരെ സൂര്യ വെളിച്ചം കാണാന്‍ പോലും സമ്മതിക്കാറില്ല. ഇരുമ്പുദണ്ഡ് കൊണ്ട് മര്‍ദ്ധിക്കുകയും മൂത്രം കുടിപ്പിക്കുകയും നാവുകൊണ്ട് തറവൃത്തിയാക്കിക്കുകയും ചെയ്യും.’ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് സീമാ പാത്ര.

‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ (പെണ്‍കുട്ടിയെ രക്ഷിക്കുക, അവളെ പഠിപ്പിക്കുക) എന്ന ദേശീയ പദ്ധതിയുടെ സംസ്ഥാന കണ്‍വീനര്‍ കൂടിയാണ് സീമാ പാത്ര എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. അമ്മയുടെ ക്രൂരതയില്‍ മനം മടുത്ത സ്വന്തം മകന്‍ തന്നെയാണ് പീഡനപര്‍വ്വം പുറംലോകത്തെ അറിയിച്ചത് എന്നത് ശ്രദ്ധേയമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇത്തരത്തിലുള്ള അടിമവേലയും പീഡനവും നടക്കുന്നു എന്നത് നിര്‍ഭാഗ്യകരവും അപലപനീയവുമാണ്.

ആദിവാസി- വീട്ടുജോലിക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ച് ബി.ജെ.പി നേതാവ്; അറസ്റ്റ്, പ്രതിഷേധത്തിനൊടുവില്‍ സസ്പെന്‍ഷന്‍

വീട്ടുജോലിക്കാരിയായ ആദിവായി സ്ത്രീയെ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ ബി.ജെ.പി നേതാവ് സീമ പത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിവാസി വിഭാഗത്തില്‍പ്പെട്ട സുനിത എന്ന വീട്ടുജോലിക്കാരിയായ യുവതിയെ ശാരീരികമായി ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തിലാണ് അറസ്റ്റ്. പൊലീസ് യുവതിയുടെ പരാതിയില്‍ സീമക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സുനിതയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സീമയെ ജാര്‍ഖണ്ഡ് പൊലീസ് ബുധനാഴ്ച റാഞ്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.”ഇന്ന് രാവിലെ അശോക് നഗറിലെ അവരുടെ സ്വകാര്യ വസതിയില്‍ വെച്ച് സീമ പത്രയെ ഞങ്ങള്‍ അറസ്റ്റ് ചെയ്തു,” റാഞ്ചി എസ്.എസ്.പി കൗശല്‍ കിഷോര്‍ അറിയിച്ചു.

കോടതിയില്‍ ഹാജരാക്കിയ സീമ പത്രയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡില്‍ റിമാന്‍ഡില്‍ വിട്ടു.സീമക്കെതിരായ പരാതിയില്‍ കേസെടുത്തത് ഓഗസ്റ്റ് 22നായിരുന്നു. വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സീമ പത്രയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News