നഖം മുറിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ പണി കിട്ടും

നഖം ആരോഗ്യത്തിന്റെ ഒരു സൂചിക കൂടിയാണ്. നഖം നോക്കിയാല്‍ പല ആരോഗ്യ പ്രശ്നങ്ങളും തിരിച്ചറിയാം. നമ്മുടെ കൈ, കാല്‍ വിരലുകളുടെ അഗ്രം വളരെ സെന്‍സിറ്റീവാണ്. ഇവയുടെ സംരക്ഷണത്തിനായാണ് നഖങ്ങളെന്നത്. ഇതിന്റെ ബേസ് ക്യൂട്ടിക്കിള്‍ എന്നാണ് അറിയപ്പെടുന്നത്. ക്യൂട്ടിക്കിള്‍ എത്രത്തോളം ആരോഗ്യകരമാണോ അത്രത്തോളം നഖങ്ങളും ആരോഗ്യകരമാകും.നഖങ്ങള്‍ സ്ഥിതി ചെയ്യുന്നത് നെയില്‍ ബെഡ് എന്ന ഒരു ഇടത്താണ്. എന്നാല്‍ നാം നഖം വെട്ടുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍, ചില അശ്രദ്ധകള്‍ ആരോഗ്യത്തിന് തന്നെ കേടാകുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. ഇതെക്കുറിച്ചറിയൂ.

നഖം വെട്ടുമ്പോള്‍

നഖം വെട്ടുമ്പോള്‍ നാം ബ്ലേഡോ നെയില്‍കട്ടറോ ഉപയോഗിയ്ക്കുന്നു. ചിലര്‍ കടിയ്ക്കും. നഖത്തിന്റെ ഒരു സൈഡ് മുറിച്ച് പിന്നീട് ഇത് അടര്‍ത്തിക്കളയുന്നത് പലര്‍ക്കുമുള്ള പതിവാണ്. നാം നഖം വെട്ടുമ്പോള്‍ ഒരു കാരണവശാലും നഖം ഡ്രൈ അതായത് വരണ്ടതായിരിയ്ക്കുന്ന അവസ്ഥയില്‍ വെട്ടരുത്. ഇത് പെട്ടെന്ന് തന്നെ നഖത്തില്‍ വിണ്ടുകീറലുകളുണ്ടാകാനും ഇതു വഴി നഖം അനാരോഗ്യകരമായി വളരാനും പെട്ടെന്ന് ഒടിഞ്ഞു പോകാനുമെല്ലാം കാരണമാകുന്നു. നഖത്തിന് പെട്ടെന്ന് കേടുപാടുകള്‍ വരുന്നു. നഖം മൂന്നുനാല് മിനിറ്റ് ഇളം ചൂടുവെള്ളത്തില്‍ മുക്കി വച്ച ശേഷം വെട്ടിയാല്‍ എളുപ്പത്തില്‍ മുറിച്ചെടുക്കാം. നഖം മൃദുവാകും.

കടിച്ചു കളയരുത്

നഖം യാതൊരു കാരണവശാലും കടിച്ചു കളയരുത്. ഇത് ക്യൂട്ടിക്കിളിന് കേടുവരുത്തുന്നു. ഇതു പോലെ തന്നെ ഉള്ളിലേയ്ക്ക് കയറ്റി നഖം വെട്ടരുത്. ഇത് നഖം സ്ഥിതി ചെയ്യുന്ന നെയില്‍ ബെഡ് തന്നെ കേടാക്കി കളയും. നഖം മുറിയ്ക്കുമ്പോള്‍ നമ്മുടെ വിരലിന്റെ ആകൃതിയില്‍ തന്നെ, അതായത് വിരലിന്റെ അഗ്രഭാഗത്തുള്ള ആകൃതിയോട് ചേരുന്ന വിധത്തില്‍ വെട്ടുന്നതാണ് നല്ലത്. ഇതല്ലാതെ മറ്റ് ആകൃതികളില്‍ വെട്ടി നിര്‍ത്തുന്നത്, ഉദാഹരണത്തിന് കൂര്‍പ്പിച്ച് വയ്ക്കുന്നത്, ഡയമണ്ട് ആകൃതിയില്‍ വെട്ടുന്നത് എല്ലാം നഖത്തിന് പ്രഷര്‍ നല്‍കുന്നു. ഇത് നഖം വിണ്ടു കീറാന്‍ ഇടയാക്കും. നഖത്തിന്റെ ക്യൂട്ടിക്കിള്‍ ഒരിക്കലും മുറിച്ചു കളയരുത്. ഇത് ക്യൂട്ടിക്കിള്‍ ആരോഗ്യത്തെ കേടാക്കുന്നു. ഇതിലൂടെ നഖവും ക്യൂട്ടിക്കിളും വിണ്ടുകീറാനും ഇന്‍ഫെക്ഷനുകള്‍ വരാനും സാധ്യതയുണ്ട്. ക്യൂട്ടിക്കിള്‍ നശിക്കുമ്പോള്‍ നഖം കേടാകുന്നു.

കേടുപാടുകള്‍

ചായ സ്ഥിരമായി അടിയ്ക്കുന്നവര്‍, പാല്‍ കറക്കുന്നവര്‍, വെള്ളവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ തുടങ്ങിയവരുടെ നഖം പെട്ടെന്ന് കേടാകും. ഇതു പോലെ വരണ്ട ചര്‍മമെങ്കില്‍, സോറിയാസിസ് പോലുള്ള ചര്‍മ രോഗങ്ങളെങ്കിലും ഇത്തരം അവസ്ഥയുണ്ടാകാം. സ്ഥിരമായി ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിയ്ക്കുന്നവര്‍, ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുന്നവര്‍ എന്നിവര്‍ക്കെല്ലാം നഖത്തിന് കേടുപാടുകള്‍ വരാന്‍ സാധ്യതയേറെയാണ്.

ആരോഗ്യകരമാക്കി വയ്ക്കാന്‍

നഖം ആരോഗ്യകരമാക്കി വയ്ക്കാന്‍ ചില വഴികളുണ്ട്.വെളിച്ചെണ്ണ, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ നഖത്തില്‍ പുരട്ടുന്നത് നല്ലതാണ്. അതായത് എണ്ണമയം നില നിര്‍ത്തുക. നഖാഗ്രം കൂര്‍പ്പിച്ച് നിര്‍ത്താതിരിയ്ക്കുക. അതായത് മൂര്‍ച്ചയോടെ നില നിര്‍ത്താതിരിയ്ക്കുക. ഈ ഭാഗം പെട്ടെന്ന് വിണ്ടു കീറും. നഖത്തിന്റെ അഗ്രം ഉരച്ച് മൂര്‍ച്ച കുറയ്ക്കുക. ഫയലിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്.

നെയില്‍ പോളിഷ്

ഇത് മുന്‍പോട്ടും പുറകോട്ടും ചെയ്യരുത്. ഒരു ഭാഗത്തേക്ക് മാത്രം ചെയ്യുക. മുന്‍പോട്ടെങ്കില്‍ അങ്ങോട്ടു മാത്രം, പിന്‍പോട്ടെങ്കില്‍ അങ്ങോട്ടു മാത്രം എന്നത് പ്രധാനമാണ്. അതും വല്ലാതെ മൂര്‍ച്ചയില്‍ ഫയലിംഗ് ചെയ്യുകയുമരുത്. ഇതെല്ലാം നഖത്തിന്റെ സൗന്ദര്യവും ആരോഗ്യവും സംരക്ഷിച്ച് നിര്‍ത്താന്‍ ഗുണകരമാണ്. ഇതു പോലെ നഖത്തില്‍ സ്ഥിരമായി നെയില്‍ പോളിഷ് പോലുള്ളവ ഉപയോഗിയ്ക്കുന്നതും നല്ലതല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News