M A Baby: നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്: എം എ ബേബി | Mary Roy

സാമൂഹിക പ്രവർത്തക മേരി റോയി(mary roy)യുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി(ma baby). കേരളസമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ ഇടത്തിനായി ജീവിച്ച പോരാളിയായിരുന്നു മേരി റോയ് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞതെന്നും അദ്ദേഹം കുറിച്ചു. മേരി റോയിയുടെ നിര്യാണത്തിൽ മകൾ അരുന്ധതി റോയിയോടും മറ്റ് കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നതായും എംഎ ബേബി കൂട്ടിച്ചേർത്തു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്

കേരളസമൂഹത്തിൽ സ്ത്രീകൾക്ക് തുല്യ ഇടത്തിനായി ജീവിച്ച പോരാളിയായിരുന്നു മേരി റോയ്. തിരുവിതാംകൂർ ക്രിസ്ത്യൻ പിന്തുടർച്ചാവകാശനിയമം പിന്തുടർന്നു വന്നിരുന്ന സുറിയാനി ക്രിസ്ത്യാനി സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ അവകാശം ഇല്ല എന്ന സമ്പ്രദായത്തെ ചോദ്യം ചെയ്യുക മൂലം കേരളത്തിലെ പുരുഷാധിപത്യത്തിന്റെ ഒരു നെടുംതൂണിനെയാണ് മേരി റോയ് വെല്ലുവിളിച്ചത്.

1952ലെ ഇന്ത്യാ ആക്ടിൽ ഈ തിരുവിതാംകൂർ പിന്തുടർച്ചാവകാശനിയമം ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ആൺ-പെൺ മക്കൾക്ക് തുല്യ സ്വത്തവകാശം ചട്ടപ്പെടുത്തുന്ന ഇന്ത്യൻ പിന്തുടർച്ചിവകാശനിയമം ആണ് തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികൾക്കും ബാധകം എന്നായിരുന്നു സുപ്രീം കോടതിയുടെ നിർണായകമായ വിധി.

1952ലെ ഇന്ത്യാ ആക്ടിൽ പട്ടികപ്പെടുത്തിയിട്ടില്ലാത്ത നാട്ടുരാജ്യനിയമങ്ങൾ നിലനിൽക്കുന്നില്ല എന്ന സാങ്കേതികപ്രശ്നത്തിൽ ഊന്നിയായിരുന്നു ഈ വിധി. കോട്ടയത്ത് മേരി റോയ് ആരംഭിച്ച കോർപ്പസ് ക്രിസ്റ്റി എന്ന വിദ്യാലയം പിന്നീട് പള്ളിക്കൂടം എന്ന് പേരുമാറ്റി തുടർന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ സാഹസികമായ ഒരു പരീക്ഷണം ആയിരുന്നു ഇത്.

ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരിൽ ഈ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരിൽ അക്കാലത്ത് ക്രിസ്ത്യൻ വർഗീയവാദികൾ വലിയ കോലാഹലം ഉണ്ടാക്കി. അന്ന് കോട്ടയം കളക്ടർ ആയിരുന്ന അൽഫോൻസ് കണ്ണന്താനം ഈ സ്കൂൾ നാടകം നിരോധിച്ചു. വെല്ലുവിളികൾ ഏറ്റെടുക്കുന്നതിൽ ഒരിക്കലും മടിയില്ലാത്ത മേരി റോയ് ഒരു കോടതി വിധിയുടെ അനുവാദത്തോടെ ആ നാടകം സ്കൂളിൽ നടത്തുക തന്നെ ചെയ്തു.

നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്. മേരി റോയിയുടെ നിര്യാണത്തിൽ മകൾ അരുന്ധതി റോയിക്കും മറ്റ് കുടുംബാംഗങ്ങളോടും എൻറെ അനുശോചനം അറിയിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News