Kochi Metro: വർഷങ്ങൾനീണ്ട കൊച്ചിയുടെ കാത്തിരിപ്പിന് വിരാമം; ലക്ഷ്യം ലക്ഷം യാത്രികർ

കൊച്ചി മെട്രോ(kochi metro) രണ്ടാംഘട്ട നിർമാണത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി(narendra modi) തറക്കല്ലിട്ടപ്പോൾ, വർഷങ്ങൾനീണ്ട കൊച്ചി(kochi)യുടെ കാത്തിരിപ്പിനാണ്‌ വിരാമമായന്നത്‌. സംസ്ഥാന സർക്കാർ ഏറെ പ്രതീക്ഷയോടെയാണ്‌ കാക്കനാട്‌ മെട്രോ(kakkanad metro) പാതയുടെ പദ്ധതി ആവിഷ്‌കരിച്ചത്‌.

പുതിയ നഗരമായി വളർന്ന കാക്കനാടിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പാതയുടെ വികസനസാധ്യത വലുതാണ്‌. അതുകൊണ്ടാണ്‌ 2015ൽത്തന്നെ പദ്ധതിയുടെ ആദ്യനിർദേശം കേന്ദ്രത്തിന്‌ സമർപ്പിച്ചത്‌. പുതിയ മെട്രോ നയത്തിന്‌ അനുസൃതമായി 2018ൽ പദ്ധതി പുതുക്കി സമർപ്പിച്ചു.

2019 ഫെബ്രുവരി നാലിന്‌ വീണ്ടും 1957.05 കോടി ചെലവ്‌ പ്രതീക്ഷിക്കുന്ന പുതുക്കിയ എസ്‌റ്റിമേറ്റും സപ്ലിമെന്ററി ഡിപിആറും സഹിതം പദ്ധതി കേന്ദ്ര നഗരഗതാഗത മന്ത്രാലയത്തിലെത്തിച്ചു.

ഫെബ്രുവരി 26ന്‌ മന്ത്രിതലസമിതിയും പൊതുനിക്ഷേപ ബോർഡും തത്വത്തിൽ അംഗീകാരം നൽകി. തുടർന്നിങ്ങോട്ട്‌ കേന്ദ്രമന്ത്രിസഭാ യോഗത്തിന്റെ അജൻഡയിൽ സ്ഥാനം പിടിച്ചിട്ടുപോലും മൂന്നുവർഷത്തോളം രാഷ്‌ട്രീയ വിരോധത്തിന്റെ കോൾഡ്‌ സ്‌റ്റോറേജിലായി കൊച്ചിയുടെ സ്വപ്‌നപാത.

ഇതിനിടയിലും പാതയ്ക്കും സ്‌റ്റേഷനുകൾക്കും ആവശ്യമായ സ്ഥലമെടുപ്പും റോഡുകളുടെ വീതികൂട്ടലും ഉൾപ്പെടെയുള്ള ജോലികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. കാക്കനാട്‌ സിഗ്‌നൽ ജങ്ഷൻമുതൽ ഇൻഫോപാർക്ക്‌ എക്‌സ്‌പ്രസ്‌വേ വരെ രണ്ടരക്കിലോമീറ്റർ സീപോർട്ട്‌ റോഡിന്റെയും പാലാരിവട്ടംമുതൽ കാക്കനാടുവരെ നാലരക്കിലോമീറ്റർ സിവിൽലൈൻ റോഡിന്റെയും വീതികൂട്ടലിന്‌ സ്ഥലമേറ്റെടുത്തു. നിർമാണവും തുടങ്ങി. 189 കോടി രൂപയാണ്‌ ഇതിനായി സംസ്ഥാന സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ചത്‌.

പദ്ധതിക്ക്‌ കേന്ദ്രാനുമതി വൈകരുതെന്ന്‌ സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെട്ടപ്പോഴും കേരളത്തിൽനിന്നുള്ള എംപിമാരുടെ മൗനം വിമർശനത്തിനിടയാക്കി. പദ്ധതിയുടെ തൽസ്ഥിതിയെക്കുറിച്ചുപോലും അവർ പാർലമെന്റിൽ ചോദ്യംചോദിച്ചില്ല.

ലക്ഷ്യം ലക്ഷം യാത്രികർ

തൃപ്പൂണിത്തുറ പാത തുറക്കുന്നതോടെ കൊച്ചിമെട്രോയിലെ ദിവസേനയുള്ള യാത്രികരുടെ എണ്ണം ലക്ഷത്തിലേക്ക്‌ ഉയരുമെന്ന്‌ പ്രതീക്ഷ. പേട്ടയിൽ അവസാനിക്കുന്ന നിലവിലെ പാതയിൽ ദിവസേന എഴുപതിനായിരത്തോളം പേരാണ്‌ യാത്രചെയ്യുന്നത്‌.

തൃപ്പൂണിത്തുറയ്‌ക്കുപുറമെ, കിഴക്കൻ പ്രദേശങ്ങളിൽനിന്നുള്ള യാത്രികർക്കും മെട്രോ സൗകര്യമാകും. മെട്രോപാത സൗത്ത്‌ റെയിൽവേ സ്‌റ്റേഷനും വൈറ്റില ജങ്ഷനും കടന്നപ്പോൾ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻകുതിപ്പാണുണ്ടായത്‌. തൃപ്പൂണിത്തുറപോലുള്ള ഉപഗ്രഹനഗരത്തിലേക്ക്‌ എത്തുമ്പോൾ മാറ്റം പ്രകടമാകുമെന്നാണ്‌ കെഎംആർഎൽ കണക്കാക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here