T20: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനംചെയ്തു

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍(greenfield stadium) നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു. ഈ മാസം 28നാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുക.

മൂന്നു മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം ഗുവാഹത്തിയിലും മൂന്നാം മത്സരം ഇന്‍ഡോറിലും നടക്കും. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ സജ്ജീകരിച്ച സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍(v abdurahiman) നിര്‍വഹിച്ചു.

കായിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലാഭം മാത്രം മുന്നില്‍ക്കണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നു മന്ത്രി പറഞ്ഞു. എല്ലാ കായിക വിനോദങ്ങളേയും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍.

അതുകൊണ്ടുതന്നെ ക്രിക്കറ്റ് ആയാലും ഫുട്‌ബോള്‍ ആയാലും കൂടുതല്‍ മത്സരങ്ങള്‍ കേരളത്തില്‍ എത്തേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍.കെ.വര്‍ഗ്ഗീസ് അധ്യക്ഷനായി. ടി20 മത്സരത്തിനായി സ്റ്റേഡിയം സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന വിഡിയോ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി സ്വിച് ഓണ്‍ ചെയ്തു.

കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍, ട്രഷറര്‍ കെ.എം. അബ്ദുള്‍ റഹ്‌മാന്‍, ടി 20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ്.എസ്.കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഡിയത്തിലെ ഫീല്‍ഡ് ഓഫ് പ്ലേ അന്താരാഷ്ട്ര മത്സരത്തിനു സജ്ജമാണെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത്.വി.നായര്‍ പറഞ്ഞു.

ഗ്യാലറിയുടെയും ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെയും മീഡിയ ബോക്‌സിന്റെയും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. 40000ത്തില്‍ അധികം കാണികളെ ഉള്‍ക്കൊള്ളാവുന്ന തരത്തിലാണ് ഗ്യാലറി സജ്ജമാക്കുന്നത്. മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ശ്രീജിത്ത്.വി.നായര്‍ വ്യക്തമാക്കി. 2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസ് എട്ടു വിക്കറ്റിനു വിജയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News