Pathanamthitta : ലഹരി സംഘങ്ങളെ അമര്‍ച്ച ചെയ്ത്‌ ജില്ലാ പൊലീസ്‌

സിന്തറ്റിക് ലഹരിമരുന്നുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ കടത്തും വിപണനവും അമർച്ച ചെയ്യാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്. കഞ്ചാവിൽ നിന്നും എം ഡി എം എ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകളിലേക്ക് വിപണനം കളം മാറുന്ന പ്രവണത ജില്ലയിലും പ്രകടമാണ് .

പെട്ടെന്ന് ലഹരി സമ്മാനിക്കുന്നതും, കച്ചവടക്കാർക്ക് കൂടുതൽ ലാഭം കിട്ടുന്നതുമായ എം ഡി എം എ പോലെയുള്ളവ ജില്ലയിലെത്തിക്കുന്ന അന്തർ സംസ്ഥാന കച്ചവട സംഘങ്ങൾ സജീവമാകുന്നതിനു തെളിവാണ് പന്തളത്തെ എം ഡി എം എ വേട്ട.

മാസങ്ങളോളം പൊലീസ് നിരീക്ഷണത്തിലായിരുന്ന സംഘത്തെ, ജില്ലാ നാർകോട്ടിക്‌ സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്‌ സംഘവും പന്തളം പൊലീസും ചേർന്നാണ് കഴിഞ്ഞ മാസം അവസാനം സാഹസികമായി കുടുക്കിയത്‌. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയായിരുന്നു ഇത്.

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ കൂച്ചുവിലങ്ങിടുന്നതിനും അടിച്ചമർത്തുന്നതിനും ആവശ്യമായ നിയമനടപടികൾ ജില്ലയിൽ തുടർന്ന് വരികയാണ്. ഇതിനായി നിരന്തരം റെയ്ഡുകളും പരിശോധനകളും നടത്തിവരുന്നു. ഓണം നാളുകൾ കണക്കിലെടുത്ത്‌ നടപടികൾ ജില്ലയിൽ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

ഈവർഷം ഇതുവരെ 156.110 ഗ്രാം എം ഡി എം എയാണ് ജില്ലയിൽ പൊലീസ് പിടികൂടിയത്. റാന്നിയിൽ നിന്നും മൂന്നു യുവാക്കളെയും, പന്തളത്തെ കേസിൽ ആകെ എട്ട് പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്.
പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട സിന്തറ്റിക് ലഹരിമരുന്നുകളുടെ വിതരണം തടയുന്നതിന് വ്യാപകമായ അന്വേഷണത്തിലാണ് ജില്ലാ പൊലീസ്.

ജില്ലയിൽ പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്കൂൾ കോളേജ് വിദ്യാർഥികൾക്കും, യുവതീയുവാക്കൾക്കും ലഹരിമരുന്നു എത്തിച്ചു നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ നിരന്തര അന്വേഷണത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ബംഗളുരുവിൽ നിന്നും എത്തിക്കുന്നതായാണ് അന്വേഷണത്തിൽ വെളിവായത്‌.

ജില്ലയിൽ എത്തിച്ച് ചെറു അളവുകളിലായി പൊതികളാക്കി വിപണനം നടത്തുന്നതാണ് സംഘങ്ങളുടെ രീതി. ചെറിയ അളവിൽ ഉപയോഗിച്ചാൽ തന്നെ ഒന്നര ദിവസത്തോളം ലഹരി നിൽക്കുന്ന പാർട്ടി ഡ്രഗ്സിന് മണവും മറ്റും ഇല്ലാത്തതാണ് വിദ്യാർഥികളെയും യുവാക്കളെയും ആകർഷിക്കുന്നത്. ഇതിന്റെ ചെറിയ അളവിലെ ഉപയോഗം പോലും ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും സാരമായി ബാധിക്കും.

ഗുരുതരമായ ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരിമരുന്നായ മെത്തലിൻ ഡയോക്സി മെത്താംഫീറ്റാമിൻ (എം ഡി എം എ) മോളി, എക്സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളിലും അറിയപ്പെടുന്നു .ഇവയുടെ ഉപയോഗം ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാക്കൽ, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും.

1912 ൽ മെർക്ക് എന്നയാളാണ് എം ഡി എം എ ആദ്യം വികസിപ്പിച്ചെടുത്തത്‌. 1970 കളിൽ സൈക്കൊതെറാപ്പി ചികിൽസയിൽ ഉപയോഗിച്ചുതുടങ്ങി. 1980 കളിൽ തെരുവുകളിൽ പ്രചാരത്തിലായിത്തുടങ്ങി. എം ഡി എം എ മിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട് . വായിലൂടെയുള്ള ഉപയോഗത്തിലൂടെ അര മണിക്കൂറിൽ തുടങ്ങി ഒരുമണിക്കൂറിനകം പ്രവർത്തിച്ചുതുടങ്ങും. 75-120 മിനിട്ടിനുള്ളിൽ ഉച്ഛസ്ഥായിയിലെത്തും. മൂന്നുമുതൽ ആറു മണിക്കൂർ വരെ ഫലം നീണ്ടുനിൽക്കുകയും ചെയ്യും. ഒരിക്കൽ ഉപയോഗിച്ചാൽ ആജീവനാന്തം അടിമയായി മാറും.

വിദ്യാർഥികളെ മയക്കുമരുന്നുകളുടെ അടിമകളാക്കുന്നതിനൊപ്പം അവരെ ക്രിമിൽകുറ്റങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് തടയാൻ നടപടി സ്വീകരിക്കും .മയക്കുമരുന്ന് കടത്താനും വിൽക്കാനും കുട്ടികളെ ഉപയോഗിക്കുന്ന ക്രിമിനലുകളെ അടിച്ചമർത്തും. വിദ്യാലയ പരിസരങ്ങളിൽ ലഹരിവില്പ്പന കർശനമായി തടയും.

ലഹരിവസ്തുക്കൾ പിടിച്ചാൽ കടകൾക്കെതിരെ കർശന നടപടിയെടുക്കും. വിദ്യാർഥികൾക്ക് ഇവ കൈമാറുന്നവർക്കെതിരെ ബാലനീതി നിയമത്തിലെ വകുപ്പിലെ ജാമ്യമില്ലാ വകുപ്പുകൾ കൂടിചേർത്ത് കേസെടുക്കുന്നത് തുടരും. ഓണ നാളുകളിൽ മദ്യ മയക്കുമരുന്നുകളുടെയും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും കടത്തും വില്പ്പനയും കർശനമായി തടയുന്നതിന് എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനും, ആവർത്തിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കരുതൽ തടങ്കൽ നടപടിയെടുക്കുന്നതിനും നിർദേശിച്ചിട്ടുണ്ട്.

ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും. അതിർത്തികളിൽ പരിശോധന ശക്തമാക്കി, ഒറ്റയ്ക്കും എക്സൈസുമായി ചേർന്നും സ്പെഷ്യൽ ഡ്രൈവ് നടത്തും. ഓണക്കാലത്ത്‌ വിവിധ സംഘടനകൾ, റെസിഡൻസ് അസ്സോസിയേഷനുകൾ, കുടുംബശ്രീകൾ തുടങ്ങിയവയുമായി ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങളും മറ്റും നടത്തും.

ബസ്‌, റെയിൽവേ സ്റ്റേനുകൾ, പൊതു സ്ഥലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പി ടി എ, എസ് പി സി, എസ് പി ജി , ജനമൈത്രി പോലീസ് എന്നിവയെ പ്രയോജനപ്പെടുത്തി ഇവയ്ക്കെതിരെ നടപടികൾ കൈക്കൊള്ളുന്നുണ്ട്. ബഹുവിധ മാധ്യമങ്ങളിലൂടെ കുട്ടികൾക്കും മറ്റും ബോധവൽക്കരണപ്രവർത്തനങ്ങൾ നടത്തുന്നു.ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന ബോർഡ്‌ വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ നിർദേശം നൽകി.

ബന്ധപ്പെടേണ്ട പോലീസ് എക്സൈസ്‌ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പർ, വിലാസം എന്നിവ ബോർഡിൽ കാണിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കും. പൊതുജന പങ്കാളിത്തത്തോടെ ലഹരിക്കെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.ഇത്തരം കേസുകളിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതികളുടെ മുൻ കുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് തുടരും, പരമാവധി ശിക്ഷ ഉറപ്പാക്കും. കേസുകളിൽ ഈവർഷം ഇതുവരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേനുകൾ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനകളിൽ 27.740 കിലോ കഞ്ചാവ് പിടിച്ചെടുത്തു, ആകെ 70 കേസുകളിലായി 72 പേരെ അറസ്റ്റ് ചെയ്തു. 36 ഗ്രാം ഹാഷിഷ്‌ ഓയിലും, ഒരു കഞ്ചാവ് ചെടിയും പിടികൂടി. ഇക്കാലയളവിൽ ആകെ 365 കേസുകളിലായി 372 പ്രതികളെയാണ് അറസ്റ്റ് ചെയ്തതതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News