A. N. Shamseer: സഭാനാഥനായി എ എന്‍ ഷംസീര്‍

സമരമുഖങ്ങളില്‍ യുവതയുടെ പ്രതീകമായ തലശ്ശേരിയുടെ എംഎല്‍എ എ എന്‍ ഷംസീര്‍ പതിനഞ്ചാം കേരള നിയമസഭയുടെ സഭാനാഥനാകുന്നു. നിലവില്‍ സ്പീക്കറായ എം ബി രാജേഷ് മന്ത്രിയാകുവാന്‍ സ്ഥാനമൊഴിയുന്നതിനാലാണ് ഷംസീറിന് ചുമതല കൈവരുന്നത്. കേരള നിയമസഭയുടെ 24-ാമത് സ്പുീക്കറായാണ് ചുമതലയേല്‍ക്കുക.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് അഡ്വ എ എന്‍ ഷംസീര്‍ പൊതുരംഗത്തെത്തിയത്. കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ബ്രണ്ണന്‍കോളേജില്‍ നിന്ന് ഫിലോസഫി ബിരുദവും പാലയാട് ക്യാമ്പസില്‍ നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവുമെടുത്ത ശേഷം പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലാണ് എല്‍എല്‍ബിയും എല്‍എല്‍എമ്മും പൂര്‍ത്തിയാക്കിയത്.

സമരമുഖങ്ങളില്‍ തീപ്പന്തമായി ജ്വലിച്ചുനിന്ന എ എന്‍ ഷംസീറിനെ കേരളം മറന്നിട്ടില്ല. പ്രൊഫഷനല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരായ സമരത്തിനിടെ പൊലീസിന്റെ ക്രൂര മര്‍ദനത്തിനിരയായി. കള്ളക്കേസില്‍ കുടുക്കി 94 ദിവസം ജയിലിലടച്ചു. 1999ല്‍ ധര്‍മടം വെള്ളൊഴുക്കില്‍വെച്ച് ആര്‍എസ്എസ് അക്രമത്തിനിരയായി. അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മലബാര്‍ കാന്‍സര്‍സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ കണ്ണീരൊപ്പാന്‍ രൂപീകരിച്ച ആശ്രയചാരിറ്റബിള്‍ സൊസൈറ്റിവര്‍ക്കിങ്ങ് ചെയര്‍മാനാണ്.

2016 ല്‍ 34117 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ആദ്യമായി നിയമസഭാംഗമായത്. 2021ല്‍ 36,801 വോട്ടെന്ന മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ രണ്ടാംതവണയും വിജയിച്ചു. തലശേരിയുടെ വികസനത്തില്‍ ഭാവനാപൂര്‍ണമായ ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിടാനും പൂര്‍ത്തിയാക്കാനും സാധിച്ചു. തലശേരി കലാപകാലത്ത് ഏറെ പ്രയാസം അനുഭവിച്ചതാണ് ഷംസീറിന്റെ കൊടിയേരി മാടപ്പീടികക്കടുത്ത എക്കണ്ടി നടുവിലേരി തറവാട്. റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ എന്‍ സറീനയുടെയും മകന്‍. ഡോ പി എം സഹലയാണ് ഭാര്യ. മകന്‍: ഇസാന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News