പ്രക്ഷോഭത്തില്‍ രാജ്യംവിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ തിരിച്ചെത്തി

സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ രാജ്യം വിട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ തിരിച്ചെത്തി. ഗോതാബയ വെള്ളിയാഴ്ച കൊളംബോ വിമാനത്താവളത്തിലിറങ്ങിയതായി അധികൃതര്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിനിടയില്‍ ഒന്നര മാസം മുൻപാണ് രാജ്യംവിട്ടത്. കൊളംബോ വിമാനത്താവളത്തില്‍ രാജപക്‌സയെ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സ്വീകരിച്ചു. വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി രാഷ്ട്രീയക്കാരുടെ തിരക്കായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലായ് മധ്യത്തില്‍ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കൈയേറുന്നതിന് തൊട്ടുമുമ്പായാണ് അംഗരക്ഷകര്‍ക്കും കുടുംബത്തിനുമൊപ്പം രാജ്യംവിട്ടത്. മാലിദ്വീപിലേക്ക് കടന്ന രാജപക്‌സെ പിന്നീട് സിംഗപ്പൂരിലേക്ക് കടന്നു. അവിടെ എത്തിയ ശേഷമാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടര്‍ന്ന് അദ്ദേഹം തായ്‌ലന്‍ഡിലേക്ക് പോയി. തനിക്ക് തിരിച്ചുവരവിന് അവസരം ഒരുക്കണമെന്ന് രാജപക്‌സെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് അപേക്ഷിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മടക്കം.

തിരിച്ചെത്തിയ ഗോതാബയ രാജപക്‌സെയ്ക്ക് പ്രത്യേക സുരക്ഷയൊരുക്കുമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശ്രീലങ്കന്‍ സൈന്യത്തില്‍ നിന്നും പോലീസില്‍ നിന്നുമുള്ള കമാന്‍ഡോകള്‍ അടങ്ങിയ പ്രത്യേക സംഘത്തിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

ജൂലായിയില്‍ സിംഗപ്പൂരിലെത്തിയ ഗോതബായ രാജപക്‌സെക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസാ കാലാവധി നീട്ടി നല്‍കാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം ഓഗസ്റ്റില്‍ തായ്‌ലന്‍ഡിലേക്ക് പോയത്. ബാങ്കോക്കിലെ ഹോട്ടലില്‍ താമസിച്ചിരുന്ന ഗോതബായയോട് പുറത്തിറങ്ങരുതെന്ന് തായ്‌ലന്‍ഡ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ബാങ്കോക്കില്‍ തടവുകാരനെ പോലെയായിരുന്നു ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സഹോദരനും മുന്‍ ശ്രീലങ്കന്‍ ധനമന്ത്രിയുമായ ബാസില്‍ രാജപക്‌സെ കഴിഞ്ഞ മാസം വിക്രമസിംഗെയുമായി കൂടിക്കാഴ്ച നടത്തുകയും ഗോതബായയ്ക്ക് തിരിച്ചെത്താന്‍ വഴിയൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here