അരക്കെട്ടില്‍ വര്‍ധിക്കുന്ന ഓരോ ഇഞ്ചും ഹൃദയാഘാത സാധ്യത കൂട്ടുമെന്ന് പഠനം

വയറിന്‍റെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ്, അമിതവണ്ണം തുടങ്ങിയവ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അരക്കെട്ടിന്‍റെ വലുപ്പം ഓരോ ഇഞ്ച് വര്‍ധിക്കുമ്പോഴും  ഹൃദയാഘാത സാധ്യത 10 ശതമാനം കൂടുമെന്നാണ് അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത്.

ഓക്സ്ഫോഡ് സര്‍വകലാശാല ആണ് പഠനം നടത്തിയത്. കുടവയറുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 3.21 മടങ്ങ് അധികമാണെന്നും യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയില്‍ അവതരിപ്പിച്ച ഈ ഗവേഷണറിപ്പോര്‍ട്ടില്‍ പറയുന്നു. അമിതഭാരമുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദ്രോഗ പ്രശ്നം വരാനുള്ള സാധ്യത 2.65 മടങ്ങ് അധികമാണെന്നും പഠനം പറയുന്നു.

കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും പ്രോട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ കുടവയര്‍ കുറയ്ക്കാന്‍ കഴിയും.

കുടവയര്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…

ഒന്ന്…

വയറ് കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും ചോറ് ഒഴിവാക്കുക. ചോറിൽ കാർബോഹൈഡ്രേറ്റ് കൂടുതൽ അടങ്ങിയിട്ടുണ്ട്. ആദ്യം  ചോറ് ഒരു നേരമാക്കുക. പതിയെ ഒരു നേരത്തെ ചോറിന്റെ അളവും കുറയ്ക്കുക. പ്ലേറ്റിന്റെ കാൽ ഭാഗം ചോറ്. ബാക്കി ഭാഗത്ത് സാലഡോ മറ്റ് വെജ് വിഭവങ്ങ‌ളോ വയ്ക്കാം.

രണ്ട്…

ഭക്ഷണത്തില്‍ നിന്ന് പഞ്ചസാര ഒഴിവാക്കുക. പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. ചയാപചയത്തെയും ഇവ പ്രതികൂലമായി ബാധിക്കും. ഇതിനാല്‍ ഭക്ഷണക്രമത്തില്‍ നിന്ന് പഞ്ചസാര കഴിവതും ഒഴിവാക്കുക.

മൂന്ന്…

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയർ കൂട്ടും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി  ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.

നാല്…

കുടവയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ശീതളപാനീയങ്ങൾ ഒഴിവാക്കണം. ദിവസവും ഇത് കുടിക്കുന്നത് അമിതവണ്ണത്തിനും വിസറൽ ഫാറ്റ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നുവെന്ന് ഒട്ടേറെ പഠനങ്ങളുണ്ട്. ശീതളപാനീയങ്ങളിലെ ഫ്രക്ടോസ് കോൺസിറപ്പാണ് ഈ പ്രശ്നത്തിനു കാരണം. ആവശ്യത്തിലധികം ഫ്രക്ടോസ് ലഭിച്ചാൽ അത് നേരേ കരളിലേക്ക് പോയി കൊഴുപ്പായി അടിയും. അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ശരീരഭാരം കൂട്ടും. മെറ്റബോളിക് ഡിസീസുമായി ബന്ധപ്പെട്ട അപകടകരമായ കൊഴുപ്പ് അധികമായി വയറിൽ അടിഞ്ഞുകൂടാനും ഇത് കാരണമാകും.

അഞ്ച്…

വെള്ളം ധാരാളം കുടിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഭക്ഷണം കഴിക്കുന്നതിനു മുൻപെ വെള്ളം കുടിച്ചാൽ വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ട് കുറച്ചു കാലറി മാത്രമേ ശരീരത്തിലെത്തുകയുള്ളൂ. ഇത് ശരീരഭാരം കുറയാനും സഹായിക്കും.

ആറ്…

നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷ്യനാരുകൾ ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഏറെ നേരം വയർ നിറഞ്ഞതായും തോന്നിപ്പിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News