ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്?’ സമൂഹ മാധ്യമങ്ങളില്‍ വൈറലായി സതീശന്റെ സഭയിലെ പഴയ ചോദ്യം

എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.

‘ഷംസീർ എപ്പോൾ മുതലാണ് സ്പീക്കർ ആയത്?’ എന്ന സഭയിലെ സതീശന്‍റെ ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് ഷംസീർ നൽകിയ മറുപടിയെ പരാമർശിച്ചായിരുന്നു വി.ഡി സതീശന്റെ ചോദ്യം.

പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ ഒരു അംഗം വെറുതെ ബഹളം ഉണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാന്‍ ഷംസീറിനെ സ്പീക്കര്‍ ഏല്‍പ്പിച്ചിട്ടുണ്ടോ. ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായത്? എങ്ങനെ നിയമസഭയില്‍ സംസാരിക്കണമെന്ന് ഷംസീര്‍ എനിക്ക് ക്ലാസ് എടുക്കണ്ട. ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിക്കുന്നില്ല.’ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍.

പ്രതിപക്ഷ നേതാവിന്റെ സഭയിലെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അതേസമയം, സിപിഐഎം സെക്രട്ടറിയായി ചുമതലയേറ്റെടുത്തതോടെ എം വി ഗോവിന്ദന്‍ മന്ത്രി സ്ഥാനം രാജിവെച്ച ഒഴിവിലേക്ക് എം ബി രാജേഷിനേയും സ്പീക്കറായി എ എന്‍ ഷംസീറിനേയുമാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചുമതലപ്പെടുത്തിയത്.

‘പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വഹിക്കും. എനിക്ക് മുമ്പും രാഷ്ട്രീയ നേതൃത്വത്തില്‍ പലരും നേരത്തെ സ്പീക്കര്‍ ആയിട്ടുണ്ട്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ട്. സ്പീക്കര്‍ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനമാണ്.’ എ എന്‍ ഷംസീര്‍ പറഞ്ഞു.

എം വി ഗോവിന്ദന്‍ മാസ്റ്ററുടെ വകുപ്പുകള്‍ എം ബി രാജേഷിന് കൈമാറാനാണ് തീരുമാനം. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതോടെയാണ് പകരം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമായിരുന്നു സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here