റേഷന്‍ കടയില്‍ മോദി ചിത്രമില്ല, കളക്ടറെ പരസ്യമായി ശകാരിച്ച് നിർമലസീതാരാമൻ; പെരുമാറ്റം അരാജകത്വമെന്ന് മന്ത്രി കെടിആർ

തെലങ്കാനയില്‍ കളക്ടറോട് ക്ഷോഭിച്ച കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പെരുമാറ്റം അരാജകത്വമെന്ന് തെലങ്കാന മന്ത്രി കെ ടി രാമറാവു. തെലങ്കാന കേന്ദ്രത്തിന് നല്‍കുന്ന നികുതിക്ക് നന്ദി പറഞ്ഞുകൊണ്ട് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബാനര്‍ സ്ഥാപിക്കണമെന്നും മന്ത്രി കെ ടി രാമറാവു പറഞ്ഞു. കണക്കുകള്‍ നിരത്തികൊണ്ടാണ് രാമറാവുവിന്റെ പരാമര്‍ശം.

തെലങ്കാനയില്‍ ഒരു റേഷന്‍ കടയില്‍ പരിശോധന നടത്തിയ നിര്‍മ്മല സീതാരാമന്‍ അവിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കാണാത്തതില്‍ ജില്ലാ കളക്ടറെ പരസ്യമായി ശകാരിച്ചിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ കേന്ദ്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ അരി വിതരണം ചെയ്യുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു ധനമന്ത്രിയുടെ ശകാരം. പിന്നാലെയാണ് ട്വിറ്ററിലൂടെ മന്ത്രി രംഗത്തെത്തിയത്.

‘മോദി സര്‍ക്കാര്‍ എങ്ങനെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്ന് നിര്‍മ്മലാ സീതാരാമന്‍ ഇപ്പോഴും പ്രഭാഷണം നടത്തുകയാണ്. രാജ്യത്തിന് വേണ്ടി തെലങ്കാന നല്‍കുന്ന നികുതി പണത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നത് 46 പൈസ മാത്രമാണ്. ‘തെലങ്കാനയ്ക്ക് നന്ദി’ എന്ന് പറഞ്ഞുകൊണ്ട് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേയും പൊതു വിതരണ കേന്ദ്രങ്ങളില്‍ മാഡം ഒരു ബാനര്‍ സ്ഥാപിക്കണം.’ കെടിആര്‍ ട്വിറ്ററില്‍ കുറിച്ചു.

ബിജെപിയുടെ ‘ലോക്‌സഭാ പ്രവാസ് യോജന’യുടെ ഭാഗമായി സഹീറാബാദ് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നിര്‍മ്മലാ സീതാരാമന്‍. പൊതുവിതരണ കേന്ദ്രത്തിലെ അരിയില്‍ കേന്ദ്രത്തിന്റേയും സംസ്ഥാനത്തിന്റേയും വിഹിതം എത്രയാണെന്നും മന്ത്രി ജില്ലാ കളക്ടറോട് ചോദിച്ചു. ഇതിന് കൃത്യമായ ഉത്തരം ലഭിക്കാത്തതേടെ നിര്‍മ്മല സീതാരാമന്‍ ദേഷ്യപ്പെടുകയായിരുന്നു.

പുറത്ത് 35 രൂപയ്ക്ക് വില്‍ക്കുന്ന അരി ഇവിടെ ഒരു രൂപയ്ക്കാണ് ആളുകള്‍ക്ക് വിതരണം ചെയ്യുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എത്രയാണെന്ന് അറിയുമോയെന്ന് മന്ത്രി കളക്ടറോട് ചോദിച്ചു. കളക്ടര്‍ക്ക് ഉത്തരം നല്‍കാന്‍ സാധിക്കാതെ വന്നതോടെ അടുത്ത 30 മിനിറ്റിനുള്ളില്‍ തനിക്ക് ഉത്തരം ലഭിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഒരു രൂപയ്ക്ക് വില്‍ക്കുന്ന 35 രൂപയുടെ അരിക്ക് കേന്ദ്രം 30 രൂപയാണ് ചെലവാക്കുന്നത്. നാല് രൂപ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here