ദളിത് വിദ്യര്‍ത്ഥിനികള്‍ വിളമ്പിയ ഭക്ഷണം വലിച്ചെറിയണം’; വിവാദ പരാമര്‍ശം നടത്തിയ പാചകക്കാരന്‍ അറസ്റ്റില്‍

ദളിത് വിദ്യാര്‍ത്ഥിനികള്‍ വിളമ്പിയ ഭക്ഷണം വലിച്ചറിയണമെന്ന് പറഞ്ഞ പാചകക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. രാജസ്ഥാനിലെ ഉദയ്പൂറിലാണ് സംഭവം. സ്‌കൂളില്‍ ഉണ്ടാക്കിയ ഉച്ചഭക്ഷണം സ്‌കൂളിലെ രണ്ട് ദളിത് വിദ്യാര്‍ത്ഥിനികള്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പി നല്‍കിയിരുന്നു. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പാചകക്കാരന്‍ മറ്റ് വിദ്യാര്‍ത്ഥികളോട് ദളിത് വിദ്യാര്‍ത്ഥിനികള്‍ വിളമ്പിയ ഭക്ഷണം ദൂരെക്കളയാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തില്‍ ഉദയ്പൂരിലെ സര്‍ക്കാര്‍ സ്‌കൂളിലെ പാചകക്കാരനായ ലാല റാം ഗജ്ജറിനെ പൊലീസ് അറസ്റ്റ് ചെയ്തു.വിദ്യാര്‍ത്ഥിനികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. പാചകക്കാരന്റെ വാക്കുകേട്ട് വിദ്യാര്‍ത്ഥികള്‍ തങ്ങള്‍ വിളമ്പിയ ഭക്ഷണം കളഞ്ഞുവെന്നും വിദ്യാര്‍ത്ഥിനികള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ദളിത് വിഭാഗത്തിനെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പാചകക്കാരനെതിരെ കേസെടുത്തിട്ടുണ്ട്,’ പൊലീസ് പറയുന്നു. സാധാരണ ദിവസങ്ങളില്‍ പാചകക്കാരനിഷ്ടപ്പെട്ട, ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷണം വിളമ്പാന്‍ അനുമതി നല്‍കാറെന്നും എന്നാല്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരമാണ് ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഭക്ഷണം വിളമ്പിയതെന്നും പൊലീസ് പറയുന്നു.

സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്തരം പ്രവര്‍ത്തികള്‍ ആധുനിക കാലത്തും നടക്കുന്നുണ്ട് എന്നത് പരിതാപകരമാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നത്.പശു പോലെയുള്ള ജീവികളെ ദൈവങ്ങളായി കണക്കാക്കുന്നിടത്ത് എല്ലാ മനുഷ്യരേയും തുല്യതയോടെ കാണാന്‍ പോലും പലരും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വിമര്‍ശനമുണ്ട്. മതവും പാരമ്പര്യവും പഠിപ്പിക്കുന്നതിന് മുമ്പ് കുട്ടികള്‍ക്ക് ധാര്‍മിക മൂല്യങ്ങളാണ് പഠിപ്പിക്കേണ്ടതെന്ന വാദവും ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here