Assam; അസമില്‍ വീണ്ടും ഒഴിപ്പിക്കല്‍ നടപടികള്‍; സോനിത്പൂർ ജില്ലയിൽ 330 ഏക്കർ ഭൂമി ഒഴിപ്പിക്കും

അസമില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. അസമില്‍ സോനിത്പൂര്‍ ജില്ലയിലെ 330ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. സോനിത്പൂര്‍ ജില്ലയിലെ ചിതല്‍മരി പ്രദേശത്താണ് നിലവില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിനായി അമ്പതോളം എക്‌സ്‌കവേറ്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

നേരത്തേയും സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ‘അനധികൃത’ കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന നടപടികളുമായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ രംഗത്തെത്തിയിരുന്നു. ഇത്തരം ഒഴിപ്പിക്കല്‍ നടപടികളിലെല്ലാം ഒഴിപ്പിക്കപ്പെട്ടിരുന്നത് കൂടുതലും മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരാണെന്നാണ് സ്‌ക്രോളിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഭൂമി നഷ്ടമായ മുസ്‌ലിങ്ങളാണ് ഇവരില്‍ ഭൂരിഭാഗമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, 2021 ഒക്ടോബറില്‍ നടന്ന ഒഴിപ്പിക്കല്‍ നടപടിക്കിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ദരാംഗ് ജില്ലയിലെ സിപജാര്‍ പ്രദേശത്തായിരുന്നു സംഭവം. ഒഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. നിലവില്‍ ഒഴിപ്പിക്കല്‍ നടക്കുന്ന സോനിത്പൂരില്‍ നിന്നും നേരത്തെ തന്നെ താമസക്കാര്‍ ഒഴിഞ്ഞുപോയിരുന്നുവെന്നാണ് പൊലീസ് പറയുന്നതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 299 കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നതായാണ് വിവരം.ഇതുവരെ പ്രദേശം ശാന്തമാണെന്നും പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

താമസക്കാരില്‍ ഭൂരിഭാഗം പേരും ബംഗാളി സംസാരിക്കുന്ന മുസ്‌ലിം, ഹിന്ദു, ഗോര്‍ഖാ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് ജില്ലാ അധികാരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കമെന്നാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഗ്യാനേന്ദ്ര പ്രതാപ് സിങ്ങിന്റെ പരാമര്‍ശം.

അതേസമയം തങ്ങള്‍ക്ക് താമസിക്കാന്‍ പുതിയ സ്ഥലമോ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികളോ സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ് പ്രദേശത്ത് നിന്നും ഒഴിപ്പിക്കപ്പെട്ടവര്‍ പറയുന്നത്. കാലങ്ങളായി ഇതേ ഭൂമിയില്‍ ജീവിക്കുന്നവരാണെന്നും ഇതുവരെ ഇത്തരം നടപടികളുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News