ഓണം വാരാഘോഷം ആറുമുതല്‍ 12 വരെ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഓണാഘോഷക്കാലം. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം സെപ്തംബർ ആറുമുതൽ 12 വരെ നടക്കും.

ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്തംബർ ആറിന് കനകക്കുന്ന് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി എന്നിവർ അറിയിച്ചു.

മികച്ച ചലച്ചിത്ര നടിക്കുള്ള ദേശീയ പുരസ്‌ക്കാര ജേതാവ് അപർണ ബാലമുരളി, സിനിമാതാരം ദുൽഖർ സൽമാൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.മന്ത്രിമാർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ എന്നിവരും സന്നിഹിതരാകും. തുടർന്ന് കലാമണ്ഡലം ശിവദാസും സംഘവും അവതരിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളവും കൈരളി ടിവിയുടെ നേതൃത്വത്തിൽ പിന്നണി ഗായകരായ വിജയ് യേശുദാസ്, റിമി ടോമി എന്നിവർ നയിക്കുന്ന സംഗീതസദസുമുണ്ടാകും.

തിരുവനന്തപുരം ജില്ലയിൽ ആകെ 32 വേദികളിലായി എണ്ണായിരത്തിലേറെ കലാകാരന്മാരാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുന്നത്. പാരമ്പര്യ കലാരൂപങ്ങൾക്കൊപ്പം ആധുനിക കലകളും സംഗീത – ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം ഇത്തവണ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

നവ്യ നായർ, പാരീസ് ലക്ഷ്മി, എന്നിവരുടെ നൃത്തവും തൈക്കുടം ബ്രിഡ്ജ് ബാൻഡ്, അഗം ബാൻഡ് എന്നിവരുടെ സംഗീത പ്രകടനവും നിശാഗന്ധിയിലെ മുഖ്യആകർഷണമാകും. കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പിന്നണി ഗായിക സിതാരയുടെ ഗാനമേളയും രമേഷ് നാരായണൻ അവതരിപ്പിക്കുന്ന സിംഫണി ഫ്യൂഷനും അരങ്ങേറും.

മറ്റൊരു പ്രധാന വേദിയായ ഗ്രീൻഫീഡ് സ്റ്റേഡിയത്തിൽ എല്ലാ ദിവസവും രാത്രി വിവിധ ചാനലുകളുടെ നേതൃത്വത്തിൽ പരിപാടികൾ അറങ്ങേറും. പതിവുപോലെ ഇത്തവണയും പൂജപ്പുര മൈതാനമാണ് ഗാനമേളകൾക്ക് വേദിയാകുന്നത്.

ഇതിന് പുറമെ വൈലോപ്പിളി സംസ്‌കൃതി ഭവൻ, ഭാരത് ഭവൻ, സൂര്യകാന്തി, പബ്ലിക് ഓഫീസ് പരിസരം,ഗാന്ധിപാർക്ക്, മ്യൂസിയം പരിസരം, അയ്യങ്കാളി ഹാൾ, കാർത്തിക തിരുനാൾ തീയേറ്റർ, ശംഖുമുഖം, നെടുമങ്ങാട്, മുടവൂർ പാറ ബോട്ട് ക്ലബ് പരിസരം, ശ്രീവരാഹം, വേളി ടൂറിസ്റ്റ് വില്ലേജ്, പേരൂർക്കട ബാപ്പുജി ഗ്രന്ഥശാല, കഴക്കൂട്ടം, ആറ്റിങ്ങൽ, നെയ്യാറ്റിൻകര മുൻസിപ്പൽ ഗ്രൗണ്ട്, കോട്ടയ്ക്കകം ചിത്തിര തിരുനാൾ പാർക്ക്, ആക്കുളം എന്നിവിടങ്ങളും വേദികളാണ്.

സെപ്തംബർ 12 വൈകിട്ട് അഞ്ച് മണിക്ക് വെള്ളയമ്പലം മുതൽ കിഴക്കേക്കോട്ട വരെ നീളുന്ന വർണശബളമായ ഘോഷയാത്രയോടെ ഇത്തവണത്തെ ഓണംവാരാഘോഷം സമാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News