League: യൂത്ത് ലീഗ്, എംഎസ്എഫ് ദേശീയ കമ്മിറ്റികളുടെ പുനഃസംഘടന; ലീഗില്‍ പൊട്ടിത്തെറി

യൂത്ത് ലീഗ്(Youth League),എം.എസ്.എഫ് (MSF)ദേശീയ കമ്മിറ്റികളുടെ പുനഃസംഘടന മുസ്ലിം ലീഗില്‍(Muslim League) പൊട്ടിത്തെറി. പ്രതിഷേധം അറിയിച്ച് കെ.പി.എ മജീദ് ലീഗ് ദേശീയ പ്രസിഡണ്ടിന് കത്തയച്ചു. ഇ.ടി മുഹമ്മദ് ബഷീറും മുഈനലി തങ്ങളും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. കത്വ ഫണ്ട് അവതരിപ്പിക്കാതെയും നിലവിലെ കമ്മിറ്റി അറിയാതെയുമാണ് യൂത്ത് ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചതെന്നാണ് വിമര്‍ശനം. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടായി യുവ പ്രവാസി വ്യവസായിയെ നിയോഗിച്ചതിലും കടുത്ത എതിര്‍പ്പുണ്ട്.

ഇന്നലെ ചെന്നൈയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ സമിതി യോഗത്തിലാണ് യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചുവെന്നാരോപിച്ചാണ് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഒരു കോടി പത്ത് ലക്ഷം രൂപയുടെ കത്ത്വ ഫണ്ട് ക്രമക്കേട് ആരോപണം നിലനില്‍ക്കെ നിലവിലെ കമ്മിറ്റിയെ അറിയിക്കാതെ പുതിയ ഭാരവാഹികളെ നിശ്ചയിച്ചതില്‍ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് മുഈനലി തങ്ങള്‍ ലീഗ് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. കത്വഫണ്ട് ക്രമക്കേട് ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പുറത്താക്കിയ യൂത്ത് ലീഗ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിനെ ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയാക്കിയതിനെതിരെയും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്.

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടായി നാദാപുരത്തെ യുവ വ്യവസായി കാസിം എനോളിയെ നിയമിച്ചതും വിവാദത്തിലാണ്. പ്രമുഖ യൂത്ത് ലീഗ് നേതാവുമായുള്ള അടുത്ത ബന്ധമുള്ളതല്ലാതെ മറ്റ് സംഘടനാ യോഗ്യതകളൊന്നുമില്ലാത്തയാളാണ് ഈ വ്യവസായിയെന്നാണ് ആക്ഷേപം. ഏറെ പ്രവര്‍ത്തന പരിചയമുള്ളവര്‍ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയില്‍ പോലും ഭാരവാഹിത്തം ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് ഈ തീരുമാനം. കാസിം എനോളിയുടെത് പേമെന്റ് സ്ഥാനമാണെന്നാണ് വിമര്‍ശനം.

ദേശീയ കമ്മിറ്റിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൂടുതല്‍ സ്വാധീനമുണ്ടാക്കാനാണ് അടുപ്പമുള്ളവര്‍ക്ക് വഴിവിട്ട് നേതൃസ്ഥാനം നല്‍കിയതെന്നാണ് ആക്ഷേപം. പാര്‍ട്ടി കൂടുതല്‍ ഭരണഘടനാ പരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുമെന്ന് പുതിയ മാര്‍ഗരേഖ തയ്യാറാക്കിയിരിക്കെയാണ് ഏകപക്ഷീയമായ പുതിയ തീരുമാനങ്ങളെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ദേശീയ സമിതി യോഗത്തില്‍ എം.കെ മുനീര്‍, കെ.പി.എ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നില്ല. ഇ.ടി മുഹമ്മദ് ബഷീര്‍ അപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരോട് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News