Idukki: മാങ്കുളത്തുകാരുടെ പുലിമുരുഗന്‍; താരമായി ഗോപാലന്‍

സ്വന്തം നാടിനെ രണ്ടു മാസത്തിലധികം ഭയപ്പാടിലാക്കിയ പുലിയെ വാക്കത്തികൊണ്ട് ഒറ്റയ്ക്ക് നേരിട്ട ഗോപാലനാണ് ഇപ്പോള്‍ താരം. മറ്റുള്ളവര്‍ പിന്തരിഞ്ഞോടുമായിരുന്ന അപകടകരമായ നിര്‍ണായക നിമിഷത്തെയാണ് മാങ്കുളത്തുകാരുടെ പുലിമുരുഗന്‍ ചങ്കുറപ്പോടെ നേരിട്ടത്. പുലിയുമായുള്ള മല്‍പ്പിടുത്തത്തില്‍ പരുക്കേറ്റ് അടിമാലി(Adimali) താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ ഗോപാലന്‍.

ആക്രമിച്ച് ഇരയാക്കാന്‍ അപ്രതീക്ഷിതമായി തന്റെ നേര്‍ക്ക് പാഞ്ഞടുക്കുന്ന പുലി. ഓടിരക്ഷപെടാനുള്ള സ്ഥലമോ സമയമോ ഇല്ല. ആദ്യകുതിപ്പില്‍ തന്നെ പുലി വലതുകൈയില്‍ കടിച്ച് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. ചിന്തിച്ച് തീരുമാനമെടുക്കാന്‍ സമയമനുവദിക്കാത്ത സാഹചര്യത്തെ ഗോപാലന്‍ കൈയിലിരുന്ന വാക്കത്തി കൊണ്ടു സധൈര്യം നേരിട്ടു. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം എന്നതായിരുന്നു നിശ്ചയദാര്‍ഢ്യം. ഒരുപക്ഷേ പിന്തരിഞ്ഞോടാനായിരുന്നു തീരുമാനമെങ്കില്‍ വാര്‍ത്ത വേറൊന്നാകുമായിരുന്നുവെന്ന് ഗോപാലനുറപ്പുണ്ടായിരുന്നു.

ഇടുക്കി(Idukki) മാങ്കുളം അന്‍പതാംമൈലിലെ ജനവാസമേഖലയിലിറങ്ങി ഇന്നലെ പുലര്‍ച്ചെയാണ് പ്രദേശവാസിയായ ഗോപാലനെ പുലി ആക്രമിച്ചത്. വാക്കത്തികൊണ്ടുള്ള ഗോപാലന്റെ വെട്ടില്‍ നിലത്ത് വീണു പോയ പുലിയെ പിന്നീട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയായിരുന്നു. പ്രാണരക്ഷാര്‍ഥം നടത്തിയ കൃത്യമായതിനാല്‍ ഇവര്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കില്ല എന്ന കാര്യം ഇന്നലെ വനംമന്ത്രി എ.കെ ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. നാളുകളായി പുലിയാക്രമണഭീതിയില്‍ കഴിയുന്ന നാട് കൂടിയാണ് ഇവിടം. ആടും പശുവും നായ്ക്കളുമുള്‍പ്പെടെയുള്ള വളര്‍ത്തുമൃഗങ്ങളെ കൊന്നു തിന്നുന്നത് പതിവായതോടെ പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ഇത് മനസിലാക്കിയെന്നവണ്ണം കൂടിനടുത്തേക്ക് വരാതെ മറ്റു സ്ഥലങ്ങള്‍ പുലി വിഹാരകേന്ദ്രമാക്കി.

വളര്‍ത്തുമൃഗങ്ങളെ വിട്ട് ഏത് നിമിഷവും തങ്ങളെ ആക്രമിക്കാന്‍ പതിയിരിക്കുന്ന പുലിയെ പേടിച്ചായിരുന്നു പ്രദേശവാസികളുടെ ജീവിതം. അത്യവശ്യങ്ങള്‍ക്ക് പോലും രാത്രി പുറത്തിറങ്ങുന്നത് പലരും ഒഴിവാക്കി. കെണിയൊരുക്കിയ കൂട്ടില്‍ പുലി വീഴുന്നത് കേള്‍ക്കാന്‍ ഉറക്കമിളച്ച് കാത്തിരുന്ന നാട്ടുകാര്‍ക്ക് മുന്നിലേക്കാണ് ഒറ്റക്ക് പുലിയെ നേരിട്ട് കൊലപ്പെടുത്തിയ ഗോപാലന്റെ വരവ്. ഏതായാലും മാങ്കുളത്തുകാര്‍ക്ക് ഇപ്പോള്‍ ഗോപാലന്‍ പുലിമുരുഗന്‍ തന്നെയാണ്. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തുന്ന നാട്ടിലെ താരത്തിന് ഒരു സ്വീകരണം തന്നെയൊരുക്കാനാണ് ഇവരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News