Toyota ; ലിമിറ്റഡ് എഡിഷന്‍ മോഡലുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ പെട്രോള്‍

ഇന്ത്യയിലെ എം.പി.വികളില്‍ ഒന്നാം സ്ഥാനക്കാരനായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.ഇന്നോവ ക്രിസ്റ്റ ജി.എക്‌സ് പെട്രോള്‍ വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ലിമിറ്റഡ് എഡിഷന്‍ മാനുവല്‍ മോഡലിന് 17.45 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 19.02 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. കൂടുതല്‍ ആക്‌സസറികള്‍ നല്‍കിയാണ് ഈ വാഹനത്തെ ലിമിറ്റഡ് എഡിഷന്‍ ആക്കിയിട്ടുള്ളത്.

ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, ഹെഡ് അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്‍ മോഡലില്‍ അധികമായി നല്‍കിയിട്ടുള്ളത്. 55,000 രൂപ വില വരുന്ന ഈ ആക്‌സസറികള്‍ മുമ്പ് വാഹന വിലയ്ക്ക് പുറമെ, കൂടുതല്‍ പണം നല്‍കിയാണ് ഫിറ്റ് ചെയ്തിരുന്നതെങ്കില്‍ ലിമിറ്റഡ് എഡിഷനില്‍ ഇത് ഡീലര്‍ഷിപ്പുകളില്‍ നിന്ന് സൗജന്യമായി ഫിറ്റ് ചെയ്ത് നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.

പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇന്നോവ ക്രിസ്റ്റയുടെ ലിമിറ്റഡ് എഡിഷന്‍ മോഡല്‍ നിരത്തുകളില്‍ എത്തുന്നത് എന്നതാണ് മറ്റൊരു സവിശേഷത. 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഈ എം.പി.വിക്ക് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 164 ബി.എച്ച്.പി. പവറും 245 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

ഇന്നോവ ക്രിസ്റ്റ ഡീസല്‍ എന്‍ജിന്‍ മോഡലിന്റെ ബുക്കിങ്ങ് താത്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കളായ ടൊയോട്ട അറിയിച്ചത്. ഡീസല്‍ മോഡല്‍ ക്രിസ്റ്റയ്ക്കുള്ള ബുക്കിങ്ങ് കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ബുക്കിങ്ങ് നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കള്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് ടൊയോട്ട അറിയിച്ചത്. അതേസമയം, പെട്രോള്‍ മോഡലിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത് തുടരുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News