Health ; ഉപ്പ് അമിതമായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? | Salt

ഡയറ്റ് അഥവാ നമ്മൾ കഴിക്കുന്ന ഭക്ഷണം നമുക്ക് എത്രത്തോളം പ്രധാനമാണെന്ന് ഏവർക്കും അറിയാം. ദൈനംദിന ജീവിതത്തിൽ ശാരീരിക- മാനസികാരോഗ്യ കാര്യങ്ങളിൽ ഭക്ഷണം നിരന്തരമായി ശക്തമായ പങ്ക് വഹിക്കുന്നു. ഭക്ഷണകാര്യങ്ങളിൽ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും ക്രമേണ നമ്മളെ വലിയ സങ്കീർണതകളിലേക്ക് നയിക്കാം.

അത്തരത്തിൽ ഭക്ഷണത്തിൽ വരാവുന്നൊരു അശ്രദ്ധയും അത് പിന്നീടുണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ഇനി പങ്കുവയ്ക്കുന്നത്. ‘യൂറോപ്യൻ ഹാർട്ട് ജേണൽ’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിൽ വന്നൊരു പഠനറിപ്പോർട്ടാണ് ഇതിന് ആധാരം.

നമ്മൾ ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ നിർബന്ധമായും ചേർക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഉപ്പിൻറെ അളവ് കൂടുതലായാൽ അത് എന്തുമാത്രം അപകടകരമാകുമെന്നാണ് പഠനം നിരീക്ഷിച്ചത്. പതിവായി ഉപ്പ് കൂടുതൽ കഴിക്കുന്നവരുടെ ആയുർദൈർഘ്യം തന്നെ കുറയുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

പ്രധാനമായും സോ‍ഡിയം തന്നെയാണ് ഇതിന് കാരണമാകുന്നത്. ബിപി അഥവാ രക്തസമ്മർദ്ദം പിടിപെടുന്നതിനാണ് അധികവും സോഡിയം കാരണമാകുന്നത്. ഇതിന് പുറമെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും കൂടുന്നു. ഒപ്പം തന്നെ പക്ഷാഘാത സാധ്യതയും വർധിക്കുന്നു.

ഒമ്പത് വർഷത്തോളമെടുത്താണ് ഗവേഷകർ ഈ പഠനം പൂർത്തിയാക്കിയിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പേർ ആകെ പഠനത്തിൽ പങ്കെടുത്തു. ഇവരിൽ ഉപ്പ് ഉപയോഗം അനുസരിച്ച് ആരോഗ്യാവസ്ഥകൾ വിലയിരുത്തിയപ്പോഴാണ് ഇത് ആയുർദൈർഘ്യം തന്നെ കുറയ്ക്കുമെന്ന കണ്ടെത്തലിലേക്ക് ഗവേഷകരെത്തിയത്.

പതിവായി ഉപ്പ് കാര്യമായി ഉപയോഗിക്കുന്നവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് അകാലമരണത്തിന് 28 ശതമാനം അധിക സാധ്യതയാണുള്ളതത്രേ. ഇതിന് പുറമെ പ്രായം, ലിംഗവ്യത്യാസം, കാലാവസ്ഥ, മറ്റ് അസുഖങ്ങൾ, മദ്യപാനം- പുകവലി പോലുള്ള ശീലങ്ങൾ എന്നിവയും ഇതിനെ സ്വാധീനിക്കുന്നതായും ഗവേഷകർ കണ്ടെത്തി.

ഉപ്പ് ഉപയോഗം പരിമിതപ്പെടുത്തുക. ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണം, പ്രോസസ്ഡ് ഭക്ഷണം എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. പച്ചക്കറികളും പഴങ്ങളും നിർബന്ധമായി ഡയറ്റിലുൾപ്പെടുത്തുക. ഭക്ഷണവുമായി ബന്ധപ്പെട്ട മോശം ശീലങ്ങളുപേക്ഷിക്കുക. എന്നിവയെല്ലാം ഈ പ്രശ്നത്തെ പരിഹരിക്കാൻ ചെയ്യാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here